5/19/2013


ബാംഗ്ലൂര്‍: സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.

From

Abdul Nasir Maudany
Under Trial Prisoner (No. 8362)
Central Prison
Parappara Agrahara
Bangalore

To

His Excellancy Rashtrapathi Pranab Mukherji
President of India
Rashtrapathi Bhavan
New Delhi - 110 00

Most Respected Sir,

ഞാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി, 48 വയസ്സ്, എസ്. സി. 1478-86/2010 എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലെ അന്തേവാസിയാണ്. കേരളത്തിലെ വിവിധ ജാതിമതവിശ്വാസികളായ ആയിരകണക്കിന് ആളുകള്‍ അംഗങ്ങളായുള്ളതും ഇന്ത്യന്‍ ഭരണഘടനക്ക് നൂറുശതമാനം വിധേയമായും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിച്ചുവരുന്നതുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപനകനും ചെയര്‍മാനുമാകുന്നു. സമൂഹത്തിലെ നൂറുകണക്കിന് അവശരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി പ്രൈമറി തലം മുതല്‍ പി.ജി. വരെ അക്കാദമിക് വിദ്യാഭ്യാസവും ഒപ്പം മതവിദ്യാഭ്യാസവും നല്‍കി രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്നവരായി അവരെ മാറ്റിയെടുത്തുകൊണ്ട് 27 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്‍വാര്‍ശ്ശേരി അല്‍-അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഒരു സാമൂഹ്യപ്രവര്‍ത്തകനും സര്‍വ്വോപരി അങ്ങ് പ്രഥമപൗരനായുള്ള ഈ രാജ്യത്തെ ഒരു പൗരനുമാണ് ഞാന്‍.

പതിറ്റാണ്ടുകളായി അകാരണമായി നിരന്തര പീഢനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായ ഞാന്‍ ഇപ്പോള്‍ വളരെ കൂടുതല്‍ ശാരീരികബുദ്ധിമുട്ടുകളും മാനസികവേദനയും അഭിമാനക്ഷതവും അനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യയുടെ അമരക്കാരനും പ്രഥമപൗരനുമായ അങ്ങേയ്ക്ക് ഈ കത്തെഴുതുന്നത്.

Most Respected Sir,

1998
മാര്‍ച്ച് 31-ന് കോയമ്പത്തൂര്‍ സ്‌ഫോടനകേസിന്റെ പേരില്‍ എന്നെ എറണാകുളത്തെ എന്റെ വസതിയില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്യുകയും തമിഴ്‌നാട്ടിലെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. 1992 ആഗസ്റ്റ് 6-ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ വലതുകാല്‍മുട്ടിന് താഴ്ഭാഗത്ത് വെച്ച് മുറിച്ച് മാറ്റപ്പെട്ട് ഒറ്റക്കാലില്‍ ജീവിക്കുന്ന എന്നെ നീണ്ട ഒന്‍പതര വര്‍ഷമാണ് ജയിലില്‍ അടച്ചിരുന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ 100 കിലോയിലധികം ശരീരഭാരമുണ്ടായിരുന്ന ഞാന്‍ ജയില്‍ ജീവിതത്തിന്റെ പീഢനങ്ങള്‍ കാരണം നിരവധി രോഗങ്ങള്‍ക്കടിമപ്പെടുകയും അര്‍ഹമായ യാതൊരു ചികിത്സയും ലഭിക്കാതെ എന്റെ ശരീരഭാഗം 48 കിലോയായി കുറയുകയും ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. നീണ്ട ഒന്‍പതര വര്‍ഷത്തെ പീഢനങ്ങള്‍ക്ക് ശേഷം 2007 ആഗസ്റ്റ് 1-ാം തീയതി കോയമ്പത്തൂര്‍ Special Court for Bomb Blast Cases എന്നെ പരിപൂര്‍ണ്ണ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് വെറുതെ വിടുകയും ചെയ്തു.

എന്നെ വെറുതെ വിട്ട കോടതി വിധി തികച്ചും ശരിയാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന തമിഴ്‌നാട് ഗവണ്‍മെന്റ് വിധിക്കെതിരെ അപ്പീല്‍ പോയില്ല. പക്ഷേ കോയമ്പത്തൂര്‍ സ്വദേശികളായ ഏതാനും വ്യക്തികള്‍ ബി.ജെ.പി.യുടെ സഹായത്തോടും പിന്തുണയോടുംകൂടി എന്നെ വെറുതെവിട്ട വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. മദ്രാസ് ഹൈക്കോടതി അപ്പീല്‍ തള്ളി എന്നെ വെറുതെവിട്ട വിധി അംഗീകരിച്ചുകൊണ്ടും ഞാന്‍ നിരപരാധിയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. 

കേരളത്തില്‍ എറണാകുളത്ത് കലൂരില്‍ എന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും താമസിച്ചിരുന്ന വീട് വരെ വിറ്റും നിരവധി നല്ലയാളുകളുടെ സഹായത്തോടും കൂടി കേസ് നടത്തി നിരപരാധിത്വം തെളിയിച്ച് ആരോഗ്യവും കിടപ്പാടവും എല്ലാം നഷ്ടപ്പെട്ട് ജയില്‍ മോചിതനായ ഞാന്‍ ഒന്‍പതര വര്‍ഷം വിധവയെപ്പോലെ ജീവിച്ച എന്റെ ഭാര്യക്കും അനാഥരെപോലെ ജീവിച്ച എന്റെ പിഞ്ചുമക്കള്‍ക്കും വൃദ്ധരായ എന്റെ മാതാപിതാക്കള്‍ക്കും ഒരല്പം സമാധാനം പകര്‍ന്നുകൊണ്ട് അവരോടൊപ്പം ജീവിച്ചുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ-മത-സാമൂഹ്യരംഗങ്ങളില്‍ കഴിയുന്ന സേവനം ചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴാണ് 2010 ആഗസ്റ്റ് 17-ന് ബാംഗ്ലൂര്‍ പോലീസ് എന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ 3 വര്‍ഷത്തോളമായി അകാരണമായി ബാംഗ്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. Coronary Artery Disease Insulin Dependent Diabetes, Diabetic Neuropathy, Cervical Spondylosis, Lumbar Disc Prolapse, Hypertension Prostatomegal, Neurogenic bladder, Allergic Rhinitis, Peptic Ulcer തുടങ്ങിയ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞാന്‍ ദിവസവും 20 തരം ഗുളികകളും 4 പ്രാവശ്യം ഇന്‍സുലിന്‍ ഇന്‍ജക്ഷനും എടുത്തുകൊണ്ടിരിക്കുകയാണ്.

ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ കാഴ്ചശക്തിക്ക് യാതൊരു തകരാറും ഇല്ലാതിരുന്ന എനിക്ക് 3 വര്‍ഷത്തോളമാകുന്ന ജയില്‍ വാസം എന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും ഇടതുകണ്ണിന്റെ കാഴ്ചശക്തി 75 ശതമാനവും നഷ്ടപ്പെട്ടുകഴിഞ്ഞു.

എന്നെ ബാംഗ്ലൂര്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ അടുത്തദിവസം മുതല്‍ തന്നെ എന്റെ കുടുംബവും എനിക്ക് നീതി ലഭ്യമാക്കുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Justice for Madany Forum വും മുന്‍കൈയെടുത്ത് എനിക്ക് വേണ്ടി നിയമപോരാട്ടങ്ങള്‍ ആരംഭിച്ചു.

ബാംഗ്ലൂര്‍ സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷകള്‍ തള്ളി.

ബോംബ് ബ്ലാസ്റ്റ് എന്നും തീവ്രവാദക്കേസ് എന്നും കേള്‍ക്കുമ്പോള്‍ തന്നെ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത് നിരപരാധിയാണോ കുറ്റവാളിയാണോ എന്നൊന്നും കേള്‍ക്കാന്‍ പോലും തയ്യാറാകാതെ മുന്‍വിധിയോടുകൂടി മാത്രം കേസിനെ എടുക്കുകയും വിധിപറയുകയൂം ചെയ്യുന്ന നമ്മുടെ ജൂഡീഷ്യല്‍ സംവിധാനത്തിന്റെ ബലിയാടാണ് ഞാന്‍.

ജാമ്യാപേക്ഷ കര്‍ണ്ണാടകയിലെ കോടതികള്‍ തള്ളിയതിന് ശേഷം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ എന്റെ ജാമ്യാപേക്ഷ ആദ്യം എത്തിയ ബെഞ്ചില്‍ ''പോലീസ് ഇങ്ങനെ ഒരു കേസ് എടുത്തതില്‍ സംശയവും അത്ഭുതവും തോന്നുന്നു എന്ന്'' പറഞ്ഞ് ഹോണറബിള്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എനിക്ക് ജാമ്യം തരാന്‍ തയ്യാറായപ്പോള്‍ അതേബെഞ്ചിലെ ഹോണറബില്‍ ജസ്റ്റിസ് ജ്ഞാന്‍സുധാമിശ്ര ജാമ്യം നല്‍കുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തുകയും ജഡ്ജിമാരുടെ ഇടയിലെ അഭിപ്രായവ്യത്യാസം കാരണം ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

കേസ് നിരവധി ഹിയറിങ്ങ് തീയതികള്‍ മാറ്റിമാറ്റിവച്ച് ദീര്‍ഘകാലം നീണ്ടുപോയതിന് ശേഷം അവസാനം ഹോണറബിള്‍ ജസ്റ്റിസ് ജെ എം പഞ്ചാല്‍ ഹോണറബിള്‍ ജസ്റ്റിസ് എച്ച് ആര്‍ ഗോഖലെ എന്നിവരുടെ ബെഞ്ചില്‍ കേസ് വന്നു. എന്റെ അഡ്വക്കേറ്റിന്റെ വാദം കേട്ടപ്പോള്‍ ''ഈ കേസില്‍ കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്'' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കേസ് സമ്മര്‍ വെക്കേഷന് ശേഷം 'വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റിവെച്ചു. 

അവസാനം എന്റെ ജാമ്യാപേക്ഷ ഏകദേശം ഒരു വര്‍ഷത്തോളം സുപ്രീം കോടതിയിലെ വിവിധ ബെഞ്ചുകളില്‍ മാറിമാറി വന്നശേഷം അവസാനം മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വന്നു. എന്റെ അഡ്വക്കേറ്റുമാരായ സീനിയര്‍ അഡ്വ. ശ്രീ. സുശീല്‍കുമാര്‍, ശ്രീ ജവഹര്‍ ലാല്‍ ഗുപ്ത എന്നിവര്‍ കോടതിയില്‍ എഴുന്നേറ്റുനിന്നപ്പോള്‍ തന്നെ യാതൊരു വാദവും കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ''ഈ കേസില്‍ ജാമ്യം തരാന്‍ ഉദ്ദേശിക്കുന്നില്ല. ചികിത്സയുടെയോ മറ്റോ കാര്യം ഉണ്ടെങ്കില്‍ പറയുക'' എന്ന് പറഞ്ഞുകൊണ്ട് അപ്പോള്‍ തന്നെ ജാമ്യാപേക്ഷ തള്ളുകയുമാണുണ്ടായത്. 

Most Respected His Excellancy,
നിരപരാധിയായ ഒരാളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുക, ജാമ്യത്തിന് വേണ്ടി സമീപിക്കുന്ന സെഷന്‍സ് കോടതിയും ഹൈക്കോടതിയും പ്രോസിക്യൂഷന്‍ പറയുന്നത് മാത്രം സ്വീകരിച്ച് ജാമ്യം തള്ളുക, ശേഷം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സമീപിക്കുകയും ജാമ്യാപേക്ഷ പരിഗണനക്ക് വന്ന ബെഞ്ചിലെ ഒരു ജഡ്ജി ഈ കേസ് ജാമ്യം നല്‍കാന്‍ തികച്ചും അര്‍ഹമായ കേസ് ആണെന്ന് പറയുകയും മറ്റൊരു ജഡ്ജി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യുക, ശേഷം മറ്റൊരു ബെഞ്ചില്‍ വരിക അപ്പോള്‍ വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റി വെക്കുക, വീണ്ടും മാസങ്ങള്‍ക്കു ശേഷം മറ്റൊരു ബെഞ്ചില്‍ വരിക ആ ബെഞ്ച് ''നിങ്ങള്‍ ഒന്നും വാദിക്കേണ്ട. ജാമ്യം തരില്ല'' എന്ന് അഡ്വക്കേറ്റുമാര്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ പ്രഖ്യാപിക്കുക, ഒരു നിരപരാധിയും കഠിനരോഗങ്ങള്‍ക്ക് വലയുന്നവുമായ ഒരു ഇന്ത്യന്‍ പൗരന്‍ നീതിക്കുവേണ്ടി ഒരു ജാമ്യാപേക്ഷയുമായി ഒരു വര്‍ഷത്തോളം സുപ്രീം കോടതിയില്‍ കറങ്ങേണ്ടിവരികയും ഓരോ അവധിക്കും ഹാജരാകുന്ന വക്കീലുമാര്‍ക്കുവേണ്ടി കടം വാങ്ങിയും ജനങ്ങളില്‍ നിന്ന് പിരിവെടുത്തും ലക്ഷകണക്കിന് രൂപ ഫീസ് കൊടുക്കുകയും അവസാനം ജാമ്യത്തെപ്പറ്റി സംസാരിക്കുകയേ വേണ്ട എന്ന് പറഞ്ഞ് ജാമ്യാപേക്ഷ തള്ളുകയും ചെയ്യുക എന്നത് എത്രത്തോളം വേദനാജനകമാണ്


ഒരു ഇന്ത്യന്‍ പൗരന്‍ അനുഭവിക്കേണ്ടിവരുന്ന ഈ ദുരവസ്ഥ ഈ രാജ്യത്തിന്റെ പ്രഥമപൗരനും രാഷ്ട്രപതിയുമായ അങ്ങ് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീണ്ട ഒന്‍പതര വര്‍ഷം തമിഴ്‌നാട്ടിലെ ജയിലുകളില്‍ അടക്കപ്പെട്ട എനിക്കെതിരെ ഒരൊറ്റ സാക്ഷിയേയോ,മെറ്റീരിയല്‍ എവിഡന്‍സ് ആയി ഒരു കഷണം പേപ്പര്‍ എങ്കിലുമോ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ അവസാനം പൂര്‍ണ്ണ നിരപരാധിയാണെന്ന് ട്രയല്‍ കോര്‍ട്ടും ഹൈക്കോടതിയും എല്ലാം പ്രഖ്യാപിച്ച് പുറത്തുവന്ന എനിക്ക് എന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ ഒരു പതിറ്റാണ്ടാണ്.

തകര്‍ന്നുപോയ എന്റെ ആരോഗ്യത്തിനും വിധയവെപ്പോലെ നിരവധി പ്രയാസങ്ങളും സാമ്പത്തിക പരാധീനതകളും സഹിച്ച് ഒരു പതിറ്റാണ്ട് ജീവിച്ച എന്റെ ഭാര്യക്കും ജയിലിലേക്ക് പിടിച്ചുകൊണ്ടു പോകുമ്പോള്‍ 3 വയസ്സുണ്ടായിരുന്ന എന്റെ മൂത്തമകനും 6 മാസം പ്രായമുണ്ടായിരുന്ന ഇളയമകനും നഷ്ടപ്പെട്ടുപോയ പിതാവിന്റെ സ്‌നേഹത്തിനും പകരം ഒരു സോറിപോലും പറയാന്‍ നമ്മുടെ ഒരു രാജ്യത്തെ ഒരു സംവിധാനത്തിനും കഴിഞ്ഞിട്ടില്ല എന്നത് എത്രത്തോളം പ്രായസകരമായിരുന്നു.  

1998
മാര്‍ച്ച് മുതല്‍ ഒന്‍പതര വര്‍ഷം അകാരണമായി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ പേര് പറഞ്ഞ് ജയിലില്‍ അടയ്ക്കപ്പെട്ട ഞാന്‍ 2009 ആഗസ്റ്റില്‍ ജയില്‍ മോചിതനായി കഴിഞ്ഞ് വീണ്ടും 2010 ആഗസ്റ്റില്‍ മറ്റൊരു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് ബാംഗ്ലൂരില്‍ ഒരാള്‍ കൊല്ലപ്പെടുന്നതിന് കാരണമായ മറ്റൊരു സ്‌ഫോടന കേസിന്റെ പേരു പറഞ്ഞായിരുന്നു.യഥാര്‍ത്ഥത്തില്‍ ഇങ്ങനെ നിരവധി കള്ളക്കേസുകള്‍ കുടുക്കി ജയിലില്‍ അടച്ചു പീഡിപ്പിക്കുന്നതിന് വേണ്ടി ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.

1966
ജനുവരി 18-ന് കേരളത്തിലെ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി വില്ലേജില്‍ തോട്ടുവ മന്‍സിലില്‍ സ്‌കൂള്‍ അദ്ധ്യാപകനായ അബ്ദുസ്സമദ് മാസ്റ്ററുടെയും ഒരു ഹൗസ് വൈഫ് ആയ അസുമാ ബീവിയുടെയും മകനായിട്ടാണ് ഞാന്‍ ജനിച്ചത്. 

എന്റെ പിതാവ് സ്‌കൂള്‍ ഹെഡ് മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അബൂബക്കര്‍ മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. എന്റെ പിതാവിന്റെ 2 സഹോദരിമാരും ഒരു സഹോദരനും സ്‌കൂള്‍ അദ്ധ്യാപകരായിരുന്നു. എന്റെ 4 സഹോദരന്മാരും ഒരു സഹോദരിയും സ്‌കൂള്‍ അദ്ധ്യാപകരാണ്. എന്റെ കുടുംബാംഗങ്ങളിലോ സഹോദരന്മാരിലോ ഏതെങ്കിലും ഒരാളുടെ പേരിലും ഇന്നുവരെ ഏതെങ്കിലും ഒരു തീവ്രവാദക്കേസോ അക്രമക്കേസോ ചുമത്തപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടില്ല. കറകളഞ്ഞ രാജ്യസ്‌നേഹത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും വിജ്ഞാനപ്രചാരണത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ഉന്നതപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍.

എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആരെയെങ്കിലും കൊലപ്പെടുത്തിയെന്നോ, ആക്രമിച്ചെന്നോ അതിന് പ്രേരിപ്പിച്ചെന്നോ ഏതെങ്കിലും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നോ ഉള്ള യാതൊരു കേസും ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിലോ എന്റെ സംസ്ഥാനമായ കേരളത്തിലോ എന്റെ മേല്‍ ചുമത്തപ്പെട്ടിട്ടില്ല.

എന്നെ നിരന്തരമായി കള്ളക്കേസില്‍ കുടുക്കുന്നവര്‍ക്കും തീവ്രവാദത്തിന്റെ മേലങ്കി ചുമത്തി കല്ലെറിയുന്നവര്‍ക്കുമെല്ലാം എന്റെ മേല്‍പറയുവാന്‍ കഴിയുന്ന ഒരേയൊരു ആരോപണം 1990-92 കാലഘട്ടത്തില്‍ എനിക്ക് 25 വയസ്സുള്ളപ്പോള്‍ ഇസ്ലാമിക് സര്‍വ്വീസസ് സൊസൈറ്റി (ഐ.എസ്.എസ്) എന്ന ഒരു സംഘടന രൂപീകരിച്ച് ഞാന്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പേരില്‍ 153 (എ) വകുപ്പനുസരിച്ച് കേരളത്തിലെ ചില കേസുകള്‍ എന്റെ മേല്‍ ചുമത്തപ്പെടുകയും ചെയ്ത ഒരേയൊരു കാര്യം മാത്രമാണ്.

ബാബരി മസ്ജിദ് തകര്‍ക്കുവാനുള്ള ചില സംഘടനകളുടെ ശ്രമവും അതിനോടനുബന്ധപ്പെട്ട് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപങ്ങളും മറ്റും ശക്തമായി ഞാന്‍ കേരളീയ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ''എന്റെ അന്നത്തെ പ്രസംഗങ്ങള്‍ ഒട്ടുമിക്കതും സംഘപരിവാറിനെ ആശയപരമായി വിമര്‍ശിക്കുന്നതും അവരുടെ ചില നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതും ആയിരുന്നു. പക്ഷേ എന്റെ പ്രസംഗങ്ങള്‍ ഒരിക്കലും ഹിന്ദുമതത്തെയോ ഹിന്ദുവിശ്വാസങ്ങളെയോ അവരുടെ ആരാധനാപുരുഷന്മാരെയോ ആക്ഷേപിക്കുന്നതു ആയിരുന്നില്ല. അക്കാലത്തെ എന്റെ പ്രസംഗയാത്രകളില്‍ മുഴുവന്‍ വണ്ടിയുടെ ഡ്രൈവര്‍ ജയന്‍ എന്ന ഹിന്ദുമതത്തിലെ നായര്‍ ജാതിക്കാരനായ യുവാവ് ആയിരുന്നു. 

ഇന്ത്യയിലെ മുസ്ലിം സമുദായവും മതനേതാക്കളും വളരെയധികം വേദനിച്ചതും മുസ്ലിങ്ങള്‍ വളരെയധികം പ്രതിഷേധത്തിലായിരുന്നതുമായ സമയമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയം. ഈ സമയത്തെ എന്റെ പ്രസംഗങ്ങളുടെ സി.ഡി.കള്‍ ഇന്നും കേരളത്തിലെ സി.ഡി. മാര്‍ക്കറ്റുകളില്‍ സുലഭമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിട്ടുള്ള ആ പ്രസംഗങ്ങളില്‍ പോലും ഞാന്‍ പറഞ്ഞിട്ടുള്ളത് ''ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തെയും നാം ആക്രമിക്കുകയോ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ഒരു പിടിമണ്ണ് പോലും വാരിമാറ്റുകയോ ചെയ്യരുത്'' എന്നായിരുന്നു

എന്റെ ചില പ്രസംഗങ്ങളുടെ പേരില്‍ അന്ന് ചുമത്തപ്പെട്ട കേസുകളില്‍ 7 കേസുകള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ആയിരുന്നു. ആ കേസുകള്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷന്‍ സ്വീകരിച്ചുകൊണ്ട് 7 കേസുകള്‍ ഡിസ്ചാര്‍ജ് ചെയ്തുകൊണ്ട് കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീ. ദിലീപ് കുമാര്‍ ഓര്‍ഡറില്‍ പറഞ്ഞത് :

''
ഈ കേസുകളൊന്നും ഹിന്ദു മതത്തെയോ ഹിന്ദുക്കളുടെ വിശ്വാസത്തോയെ ആക്ഷേപിക്കുന്നതോ വിമര്‍ശിക്കുന്നതോ അല്ല. ബി.ജെ.പി., വി.എച്ച്.പി., ബജ്‌രംഗ്ദള്‍ തുടങ്ങിയ സംഘടനകളേയും അവരുടെ നേതാക്കളുടെ പ്രസംഗങ്ങളെയും മാത്രമാണ് ഈ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രസംഗം വര്‍ഗ്ഗീയ വികാരം ഇളക്കുന്ന പ്രസംഗങ്ങളായി വിലയിരുത്താന്‍ കഴിയില്ല. രാഷ്ട്രീയവിരോധം മാത്രമാണ് ഇങ്ങനെ കേസെടുത്തതിന് കാരണം എന്നാണ് മനസ്സിലാകുന്നത്. എന്നാണ്.

ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമെങ്കിലും എന്റെ പ്രസംഗങ്ങളുടെ വാക്കുകളും പ്രയോഗങ്ങളും കുറച്ച് കടുപ്പമുള്ളതായിരുന്നുവെന്ന ബോധ്യം എനിക്കുള്ളതുകൊണ്ട് പില്‍കാലത്ത് എന്റെ വീക്ഷണങ്ങളിലും കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വന്നതിനാല്‍ എന്റെ കോയമ്പത്തൂര്‍ ജയില്‍ വാസം കഴിഞ്ഞ് കേരളത്തിലെത്തിയ ഞാന്‍ എനിക്ക് നല്‍കപ്പെട്ട സ്വീകരണസമ്മേളനത്തില്‍ വളരെ വ്യക്തമായി എന്റെ അഭിപ്രായം പറഞ്ഞു. ''എന്റെ ആദ്യകാലപ്രസംഗങ്ങള്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരോടെല്ലാം ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും ഇനി ഒരിക്കലും ഒരൊറ്റ മനുഷ്യന്റെയും വികാരത്തെ വ്രണിതപ്പെടുത്തുന്നതോ ആക്ഷേപിക്കുന്നതോ ആയ ഒരു പ്‌സംഗവും ഞാന്‍ നടത്തില്ല'' എന്നും.

1992
ല്‍ ഞാന്‍ ഐ.എസ്.എസ്.ന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സംഘപരിവാറിന്റെ നയങ്ങളെയും രാജ്യത്ത് നടക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളെയും മറ്റും രൂക്ഷമായി വിമര്‍ശിച്ചുവെന്ന കാരണത്താല്‍ എനിക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയ ആര്‍.എസ്.എസ്. 1992 ആഗസ്റ്റ് 6-ന് എന്നെ ബോംബാക്രമണത്തിലൂടെ വധിക്കാന്‍ ശ്രമിക്കുകയും എനിക്കെതിരെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് എന്റെ വലതു കാലില്‍ പതിച്ച് കാലിന്റെ മുട്ടിന്റെ താഴ്ഭാഗം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ച് മുറിച്ചുമാറ്റുകയും ചെയ്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് മുഴുവന്‍ ആര്‍.എസ്.എസ്.ന്റെ പ്രധാന നേതാക്കളും പ്രവര്‍ത്തകരുമായപ്രതികളെ ആയിരുന്നു. 

എനിക്കെതിരെ ആസൂത്രിതമായ വധശ്രമമാണ് നടത്തിയത്. പക്ഷേ സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഒരു കാല്‍നഷ്ടപ്പെട്ടുവെങ്കിലും എന്റെ ജീവന് അപകടം സംഭവിപ്പിക്കാനായില്ല എന്നത് എന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു.

അവര്‍ എന്നെ എല്ലാ നിലയിലും ടാര്‍ഗറ്റ് ചെയ്യുകയും എനിക്കെതിരെ വ്യാപകമായ ദുഷ്പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയും ചെയ്തു.

എന്റെ പേരിനോടൊപ്പമുള്ള മഅ്ദനി എന്നത് പാക്കിസ്ഥാനില്‍ നിന്ന് തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന വിഷയത്തില്‍ നല്‍കപ്പെട്ട പട്ടം ആണെന്നുവരെ സംഘപരിവാര്‍ വേദികളില്‍ പ്രചരിപ്പിക്കപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കൊല്ലം ജില്ലയിലെ കോല്ലൂര്‍വിള എന്ന സ്ഥലത്തുള്ള 'മഅ്ദനുല്‍ ഉലൂം അറബിക് കോളേജില്‍' നിന്നും ഇസ്ലാമിക് പഠനത്തിലുള്ള (ഇസ്ലാമിക് റിലീജിയസ് സ്റ്റഡീസ്) ഡിഗ്രി ആണ് മഅ്ദനി എന്നത് അവര്‍ക്കും അറിയാമായിരുന്നു (ശേഷം മലപ്പുറം ജില്ലയിലെ പട്ടിക്കാട് ജാമിയ നൂരിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ മതപഠനരംഗത്തെ പോസ്റ്റ് ഗ്രാജ്വോറ്റ് കോഴ്‌സ് ആയ FAIZY കോഴ്‌സ് ഞാന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

എനിക്കെതിരെയുള്ള സംഘപരിവാറിന്റെ ശക്തമായ വ്യാജപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് 1992 ഡിസംബര്‍ 6-ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയോട് ബന്ധപ്പെട്ട് ആകൃത്യത്തില്‍ പങ്കാളികളായ ആര്‍.എസ്.എസ്., വി.എച്ച്.പി., ബജ്‌രംഗ്ദള്‍ എന്നീ സംഘടനകളെ കേന്ദ്രഗവണ്‍മെന്റ് നിരോധിച്ചപ്പോള്‍ ആ നടപടിയെ ബാലന്‍സ് ചെയ്യുവാന്‍ വേണ്ടി ജമാഅത്തെ ഇസ്ലാമി, ഐ.എസ്.എസ്. എന്നീ സംഘടനകളെകൂടി നിരോധിക്കുകയും ചെയ്തു.

''
ആര്‍.എസ്.എസ്. നെ നിരോധിച്ചാല്‍ ഐ.എസ്.എസ്. പിരിച്ചുവിടം'' എന്ന് നേരത്തെ ഞാന്‍ എന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ആര്‍.എസ്.എസ്. നെ നിരോധിക്കും എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മുമ്പ് പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ഐ.എസ്.എസ്. പിരിച്ചുവിടുകയും ചെയ്തു.

1993 ഏപ്രില്‍ 14-ാം തീയതി ഡോക്ടര്‍ ബാബാ സാഹെബ് അംബേദ്കറുടെ ജന്മദിനത്തില്‍ കേരളത്തിലെ നിരവധി ഹിന്ദു - ക്രിസ്ത്യാന്‍ - മുസ്ലിം നേതാക്കള്‍ ചേര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയും എന്നെ ആ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ പുരോഗതി പൊതുവെയും ദലിത് - പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ മുന്നേറ്റം പ്രത്യേകിച്ചും ലക്ഷ്യം വച്ചുകൊണ്ട് രൂപീകൃതമായ പി.ഡി.പി. അതിന്റെ പ്രവര്‍ത്തനകാലഘട്ടങ്ങളില്‍ ഒരിക്കലും മുസ്ലീങ്ങളുടെ മാത്രമായ ഒരു പാര്‍ട്ടി ആയി പ്രവര്‍ത്തിക്കുകയോ നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കോ സുരക്ഷിതത്വത്തിനോ കോട്ടം വരുത്തുന്ന ഏതെങ്കിലും ഒരു വാക്കോ പ്രവര്‍ത്തിയോ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയോ ചെയ്തിട്ടില്ല.

പാര്‍ട്ടി രൂപീകരണസമയത്ത് തന്നെ Mr. P.P. Wilso Ex. MLA, Mr. T.V. Vijaya Rajan Ex. MLA, Wilfrod Sebastian EX MLA കേരളത്തിലെ ഹിന്ദുമതത്തിലെ ഏറ്റവും പ്രബലവിഭാഗമായ ഈഴവസമുദായത്തിന്റെ പ്രമുഖനേതാവ് ആയിരുന്ന എസ്. സുവര്‍് ണ്ണകുമാര്‍, അഡ്വ. ദിവാകരന്‍, ഡോ. എം.വി. പ്രസാദ്, കെ.എസ്. മണി അഴീക്കോട് തുടങ്ങിയ നിരവധി ഹിന്ദു - ക്രിസ്ത്യന്‍ നേതാക്കളായിരുന്നു പാര്‍ട്ടിക്ക് നേതൃത്വം കൊടുത്തിരുന്നത് 

പി.ഡി.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ അതിശക്തമായ മുന്നേറ്റമായിരുന്നു നടത്തികൊണ്ടിരുന്നത്. കേരളത്തിലെ 2 പ്രമുഖ മുന്നണികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്.), ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എല്‍.ഡി.എഫ്.) എന്നീ മുന്നണികള്‍ക്ക് പുറത്ത് നില്‍ക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പിക്ക് പോലും ഇതുവരെ കേരളത്തില്‍ ഒരു എം.എല്‍.എ.യെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. 

എന്നാല്‍ പി.ഡി.പി. രൂപീകൃതമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ഗുരുവായൂര്‍,തിരൂരങ്ങാടി എന്നീ രണ്ട് അസംബ്ലി മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യഥാക്രമം പതിനയ്യായിരം, പതിനേഴായിരം വോട്ടുകള്‍വീതം പി.ഡി.പി. നേടുകയുണ്ടായി. 

പാര്‍ട്ടിരൂപീകരണശേഷം ഏറ്റവുമാദ്യം നടന്ന മുനിസിപ്പല്‍ - കോര്‍പ്പറേഷന്‍ - പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാനപ്പെട്ട കോര്‍പ്പറേഷനുകളായ കൊച്ചി, തിരുവനന്തപുരം, കോര്‍പ്പറേഷനുകളിലും നിരവധി മുനിസിപ്പാലിറ്റികളിലും, ഗ്രാമപഞ്ചായത്തുകളിലും പി.ഡി.പിക്ക് ജനപ്രതിനിധികള്‍ ഉണ്ടായി. 

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നിരവധി ജനറല്‍ വാര്‍ഡുകളില്‍ ദലിത് സ്ഥാനാര്‍ത്ഥികളെ എന്റെ പാര്‍ട്ടി മത്സരിപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്തു.

ബി.ജെപി.യുടെ സംസ്ഥാന ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നവര്‍ ഉള്‍പ്പെടെ പലരും പി.ഡി.പി.യിലേക്ക് വരികയും പി.ഡി.പി. ഒരു സമ്പൂര്‍ണ്ണ മതേതരപാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയും ചെയ്തു. പല ഇലക്ഷ്‌നുകളിലും കേരളത്തിലെ രണ്ടു മുന്നണികളും പി.ഡി.പി.യുമായി സഹകരിക്കുകയും അവര്‍ക്ക് അതിന്റെ നേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

ഗവണ്‍മെന്റ് നിശ്ചയിക്കുന്ന പ്രതിനിധികള്‍ ഉള്ള വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി, ഹെല്‍ത്ത് കമ്മിറ്റികള്‍ തുടങ്ങിയവയിലൊക്കെ പി.ഡി.പി.ക്ക് പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.

ഇങ്ങനെ പി.ഡി.പി.യും അതിന്റെ ചെയര്‍മാനായ ഞാനും കേരളീയ സമൂഹത്തില്‍ സ്വാധീനം ഉണ്ടാക്കുന്നുവെന്നതിനാല്‍ അതില്‍ അസ്വസ്ഥരായ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് എനിക്ക് ഒരു നിലയും യാതൊരു ബന്ധവുമില്ലാത്ത കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പെടുത്തി അറസ്റ്റ് ചെയ്യുന്നത്.

ആ കേസില്‍ ആദ്യം എന്നെ 84-ാം പ്രതിയാക്കി പിന്നീട് മാറിമാറി അവസാനം 14- ാം പ്രതിയാക്കുകയും ഞാന്‍ കോയമ്പത്തൂര്‍ കേസിലെ പ്രധാന പ്രതിയാണെന്ന് മാധ്യമങ്ങള്‍ വഴി ചില ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.

ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ആവശ്യമായ ചികിത്സപോലും നല്‍കാതെ എന്നെ ഒന്‍പതര വര്‍ഷം ജയിലിട്ട് പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുമ്പോള്‍ ജയില്‍ രേഖകള്‍ പ്രകാരം 105 കിലോ ശരീരഭാരമുണ്ടായിരുന്ന ഞാന്‍ അവസാനം 48 കിലോഭാരം മാത്രമുള്ള ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. ഞാനും എന്റെ കുടുംബവും അനുഭവിക്കേണ്ടിവന്ന പീഢനങ്ങള്‍, മാനഹാനി, സാമ്പത്തികനഷ്ടം, ആരോഗ്യതകര്‍ച്ച, എല്ലാം കഴിഞ്ഞ സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ 2007 ആഗസ്റ്റ് ഒന്നാം തീയതി പൂര്‍ണ്ണ നിരപരാധിയാണെന്ന് കോടതി വിധിയോടെ ഞാന്‍ ജയില്‍ മോചിതനായി.

2007
ആഗസ്റ്റ് ഒന്നിന് ജയില്‍ മോചിതനായ എനിക്ക് ആഗസ്റ്റ് 2-ാം തീയതി തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്ത് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കേരളത്തിലെ വിവിധ ജാതിമതവിഭാഗത്തില്‍ പെട്ട പതിനായിരങ്ങളാണ് പങ്കെടുത്തത്. കേരളത്തിലെ അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, വിദ്യാഭ്യാസ മന്ത്രി, എം.എ. ബേബി, ജലവിഭവവകുപ്പ് മന്ത്രി ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങി മന്ത്രിമാരും എം.പി.മാരും എം.എല്‍.എ.മാരും ഹിന്ദുസന്യസിമാരും ക്രിസ്ത്യന്‍ ബിഷപ്പുമാരും മുസ്ലിം നേതാക്കളുമെല്ലാം പങ്കെടുത്തു.

കേരളത്തിലെ ജനങ്ങളും ഗവണ്‍മെന്റും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളുമെല്ലാം എന്നെ കേരളത്തിന്റെ ഒരു പ്രിയപൗരനായിട്ടാണ് കാണുന്നതെന്നും കേരളീയ സമൂഹം എന്നെ ഒരു തീവ്രവാദി, രാജ്യദ്രോഹിയായോ ആയിട്ടല്ല കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്ത് എനിക്ക് നല്‍കപ്പെട്ട സ്വീകരണം.

ഞാന്‍ ഒന്‍പതരവര്‍ഷം ജയിലിലായിരുന്നപ്പോള്‍ എന്റെ മോചനത്തിന് വേണ്ടി പരിശ്രമിക്കുകയും ഞാന്‍ ജയില്‍ മോചിതനായപ്പോള്‍ എനിക്ക് ആവേശകരമായ സ്വീകരണം നല്‍കുകയും ചെയ്ത എന്റെ പ്രിയസംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ അന്ന പ്രഖ്യാപിച്ച് മൂന്ന് കാര്യങ്ങളുണ്ടായിരുന്നു. 

Most Respected President,

ഞാന്‍ അന്ന് പതിനായിരക്കണക്കിന് കേരളീയ സമൂഹത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പ്രധാനമായും ഇതായിരുന്നു.

1) 1992
ആഗസ്റ്റ് 6-ന് എന്റെ വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്ത കേസിലെ പ്രതികളായ ആര്‍.എസ്.എസ്. കാര്‍ക്ക് ഞാന്‍ മാപ്പ് കൊടുക്കുന്നു. അവര്‍ക്കെതിരെ ഞാന്‍ കോടതിയില്‍ പോയി സാക്ഷിമൊഴി നല്‍കില്ല. ഇതുവഴി ഞാന്‍ സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്താന്‍ എനിക്ക് കഴിയുന്ന ഒരു കാര്യം ചെയ്യുകയാണ്. (ഈ വാക്ക് ഞാന്‍ പാലിച്ചു. കൊല്ലം ഫാസ്റ്റ് ട്രാക് കോടതിയില്‍ എനിക്കെതിരെ നടന്ന വധശ്രമകേസ് വിചാരണക്ക് വന്നപ്പോള്‍ പ്രധാനസാക്ഷിയായി കോടതി വിസ്തരിക്കുമ്പോള്‍ പ്രതികൂട്ടില്‍ നിന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് എന്നെ ബോംബെറിഞ്ഞതും എന്റെ വലതുകാല്‍ തര്‍ത്തതെന്നും എനിക്ക് അറിയാമായിരുന്നിട്ടും ഈ പ്രതികള്‍ക്ക് ഞാന്‍ മാപ്പ് കൊടുക്കുന്നുവെന്നും ഇവര്‍ക്കെതിരെ യാതൊന്നും കോടതിയില്‍ ബോധിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും കോടതിയില്‍ ഞാന്‍ രേഖാമൂലം സ്റ്റേറ്റ്‌മെന്റ് കൊടുക്കുകയും അത്ഭുതത്തോടെ എന്റെ സ്റ്റേറ്റ്‌മെന്റ് കേട്ട ജഡ്ജ് അവസാനം എന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ വെറുതെ വിടുകയും ചെയ്തു.

2)
എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഏറ്റവും ആദ്യകാലമായ 1990-1992 കാലഘട്ടങ്ങളില്‍ ബാബരി മസ്ജിദ് സംഭവങ്ങളോട് ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും മാപ്പ് ചോദിക്കുന്നു.

3)
ഇനി എന്റെ ജീവിതത്തില്‍ ഒരിക്കലും എന്റെ ഒരു പ്രസംഗങ്ങളിലും, രാഷ്ട്രീയത്തിന്റെ പേരിലായാലും അല്ലെങ്കിലും ഞാന്‍ ആരെയും ആക്ഷേപിക്കുകയോ ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുകയും ചെയ്യില്ല.

4)
ഇനിയുള്ള എന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമെല്ലാം രാജ്യത്തിന് ദോഷം ചെയ്യുന്ന എല്ലാതരം പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നതും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടരുടെ നന്മയ്ക്കുതകുന്ന നിലയിലും അവര്‍ക്ക് സേവനം ചെയ്യുന്നതുമായിരിക്കും. മത-മാനവസൗഹൃദത്തിന് വേണ്ടി ശക്തമായി നിലകൊള്ളും.
Most Respected Sir,
കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഞാന്‍ നടത്തിയ ഈ പ്രഖ്യാപനങ്ങളൊന്നും എനിക്ക് പൊളിറ്റിക്കല്‍ മൈലേജ് ഉണ്ടാക്കുവാനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനോ ഒന്നും വേണ്ടിയായിരുന്നില്ല. കാരണം ഞാന്‍ എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച 1993-ല്‍ തന്നെ ഞാന്‍ കേരളത്തിലെ ജനങ്ങളോട് പ്രഖ്യാപിച്ചിരുന്നു. ''ജീവിതത്തില്‍ ഒരിക്കലും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ അധികാരസ്ഥാനങ്ങളുടെ പിറകോ പോവുകയോ ഇല്ല'' എന്ന്. ആ വാക്ക് നിരന്തരം പാലിക്കുന്ന ഞാന്‍ അത്തരത്തിലുള്ള യാതൊരു മോഹങ്ങളുമില്ലാതെ തന്നെ സര്‍വ്വശക്തനായ ദൈവത്തിന് തൃപ്തിയും പട്ടിണിപാവങ്ങളും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ നന്മയും മാത്രം പ്രതീക്ഷിച്ചുകൊണ്ട് മാത്രം നിരവധി ജനസേവന-മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നു. എന്റെ ജയില്‍ മോചനത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ 'ജനകീയ ആരോഗ്യവേദി' (പീപ്പള്‍സ് ഹെല്‍ത്ത് കെയര്‍) എന്ന സംഘടന രൂപീകരിച്ചു. അന്നത്തെ കേരളാ ആരോഗ്യവകുപ്പ്മന്ത്രി ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്ത ആ സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രകൃതിദുരന്തങ്ങള്‍ നടന്ന പത്തിനംതിട്ട ജില്ലയിലുള്‍പ്പെടെ കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ സൗജന്യമായി ഭക്ഷണവസ്ത്ര വിതരണങ്ങള്‍ നടത്തി. കുഗ്രാമങ്ങളില്‍ രോഗം കൊണ്ട് വലയുന്ന നിരവധി പാവങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി

കേരളത്തിലെ കുഗ്രാമങ്ങളില്‍ കഴിയുന്ന നിരവധി പാവങ്ങള്‍ക്ക് ഗുണം ചെയ്യുന്നവണ്ണം സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ഏര്‍പ്പെടുത്തി. 75 ശതമാനം മുസ്ലീങ്ങളുള്ള മലപ്പുറം ജില്ലയില്‍ ദലിതുകള്‍ മാത്രം താമസിക്കുന്ന കോളനി ഉള്‍പ്പെടെയുള്ള കേരളത്തിലെ നിരവധി ദലിതു കോളനികളില്‍ ആഴ്ചതോറും അരി സൗജന്യമായി കൊടുക്കുന്ന സൗജന്യ റേഷന്‍ വിതരണം നടപ്പിലാക്കി.

അല്‍ അന്‍വര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന മറ്റൊരു സംഘടനക്ക് രൂപം നല്‍കുകയും ആ സംഘടനയുടെ ചുമതലയില്‍ ഭവനരഹിതരായ നിരവധി പാവങ്ങള്‍ക്ക് വീട് വെക്കാന്‍ 3 സെന്റ് ഭൂമി നല്‍കുന്ന സംവിധാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. വിവാഹപ്രായമെത്തിയ നിര്‍ദ്ധനരും അനാഥരുമായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്ന യുവാക്കള്‍ക്ക് ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ട് സ്ത്രീധനരഹിത വിവാഹങ്ങള്‍ നടത്താന്‍ ആരംഭിച്ചു. സ്ത്രീധനസമ്പ്രദായത്തിനെതിരെ നടത്തിയ ശക്തമായ പ്രബോധന പ്രചരണങ്ങളിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന് യുവാക്കള്‍ ഒരു രൂപ സ്ത്രീധനമോ ഒരു തരി സ്വര്‍ണ്ണമോ വാങ്ങാതെ പാവപ്പെട്ട യുവതികളെ വിവാഹം കഴിക്കാന്‍ തയ്യാറായി രംഗത്തുവന്നു. ഇത്തരത്തില്‍ നടത്തപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഗുണഭോക്താക്കള്‍ മുസ്ലീങ്ങള്‍ മാത്രമായിരുന്നില്ല. പട്ടിണിപ്പാവങ്ങളായ ദലിതുകള്‍ ഉള്‍പ്പെടെ നിരവധി ഹിന്ദുക്കളും ഇതിന്റെ ഗുണം സിദ്ധിച്ചു.

ഇതു സംബന്ധിച്ച് നടന്ന വിവിധ പരിപാടികളില്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ആയിരുന്ന പരേതനായ ശ്രീ സുകുമാര്‍ അഴീക്കോട്, ഇപ്പോഴത്തെ കേന്ദ്രതൊഴില്‍ സഹമന്ത്രി ശ്രീ. കൊടിക്കുന്നില്‍ സുരേഷ്, മുന്‍ കേരളാ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി. തോമസ്, കേരള ജലവിഭവകുപ്പ് മന്ത്രി ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ മുന്‍കൈയെടുത്ത് നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഈ പ്രമുഖവ്യക്തികളെല്ലാവരും സാക്ഷികളാണ്.

ഇതുകൂടാതെ കേരളത്തിലെ അവശജനവിഭാഗങ്ങളുടെ കൂട്ടായ്മയും അവകാശസംരക്ഷണവും ലക്ഷ്യം വെച്ചുകൊണ്ട് ഞാന്‍ ചെയര്‍മാനായി സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് എന്ന സംഘടനക്ക് രൂപം കൊടുത്തു. കേരളത്തിലെ മുസ്ലീങ്ങളും, ക്രിസ്ത്യാനികളും അവശതയനുഭവിക്കുന്ന ബ്രാഹ്മണര്‍ മുതല്‍ ആദിവാസികള്‍ വരെയുള്ള ഹിന്ദുമതത്തിലെ വിവിധ ജാതിവിഭാഗങ്ങളുടെയും കൂട്ടായ്മയായി രൂപം കൊണ്ട സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ടിന്റെ അവകാശപ്രഖ്യാപന സമ്മേളനം 2008 മാര്‍ച്ച് 31ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തപ്പെട്ടു. 

എന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രസ്തുത സമ്മേളനത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും ബ്രാഹ്മണസമുദായംഗവുമായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മുതല്‍ കേരളത്തിലെ പ്രമുഖ ആദിവാസി നേതാവായ സി.കെ. ജാനുവരെ പങ്കെടുത്തു.

ക്രിസ്ത്യന്‍ ബിഷപ്പുമാരും നിരവധി മുസ്ലീം മതനേതാക്കളും നിരവധി എം.പി.മാരും എം.എല്‍.എ.മാരുമൊക്കെ പങ്കെടുത്ത പ്രസ്തുത സമ്മേളനം ഉല്‍ഘാടനം ചെയ്തത് മുന്‍ യു.പി. മുഖ്യമന്ത്രി ശ്രീ. മുലായം സിംഗ് യാദവ് ആയിരുന്നു.

ശേഷം 2009 ജൂണ്‍ 25 ന് ഞാന്‍ പ്രസിഡന്റായുള്ള കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ അന്‍വാര്‍ശ്ശേരി അല്‍ - അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ .25-ാം വാര്‍ഷികം ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത മതസൗഹാര്‍ദ്ദസമ്മേളനം നടത്തപ്പെട്ടു. 

കേരളത്തിലെ ഒട്ടുമിക്ക മതനേതാക്കളും നിരവധി മന്ത്രിമാരും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശ്രീ. കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയനേതാക്കളും പങ്കെടുത്ത ടി സമ്മേളനം ഉല്‍ഘാടനം ചെയ്തത് അന്നത്തെ കേരളാ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദന്‍ ആയിരുന്നു. ആ സമ്മേളനത്തില്‍ മതസൗഹാര്‍ദ്ദപ്രഖ്യാപനം നടത്തിയത് കേരളത്തിലെ ഏറ്റവും പ്രബലജനവിഭാഗമായ ഈഴവസമുദായത്തിന്റെ നേതാവായ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്‍ ആയിരുന്നു. വിവിധമതവിശ്വാസികളായ പതിനായിരങ്ങള്‍ പങ്കെടുത്ത ആ സമ്മേളനത്തിന്റെ പ്രധാന സംഘാടകനും ആ ചരിത്രപ്രധാന സമ്മേളനത്തിന്റെ അദ്ധ്യക്ഷനും ഞാനായിരുന്നു.

ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ചില ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുകയും അതിന്റെ പിന്നില്‍ ചില മുസ്ലിം ഗ്രൂപ്പുകളുടെ കൈകളുണ്ടെന്ന് വാര്‍ത്ത വരികയും ചെയ്തപ്പോള്‍ എന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 'തീവ്രവാദത്തിനെതിരെ ദേശസുരക്ഷാ ജാഥ' എന്ന പേരില്‍ ശക്തമായ തീവ്രവാദവിരുദ്ധ ജാഥ നടത്തുകയും വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്‍ മുഹമ്മദ് നബിയുടെ നേതൃത്വത്തിലും വിശ്വസിക്കുന്ന ഒരു മുസ്ലീമും ബോംബാക്രമണം നടത്താനോ നിരപരാധികളെ വധിക്കാനോ കഴിയില്ലെന്നും വിശുദ്ധ ഖുര്‍ആനും പ്രവാചകവചനങ്ങളുമോതികൊണ്ട് ഞാന്‍ മണിക്കൂറുകളോളം പ്രഭാഷണം നടത്തി. നിരവധി രോഗങ്ങളോട് മല്ലിട്ടുകൊണ്ട് ജീവിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ ടി ജാഥയില്‍ 130-ല്‍ അധികം പൊതുയോഗങ്ങളിലായി പതിനായിരകണക്കിന് ജനങ്ങളോട് മതസൗഹാര്‍ദ്ദത്തിന്റെ ആവശ്യകതയെപ്പറ്റിയും തീവ്രവാദസമീപനങ്ങളോടുള്ള എതിര്‍പ്പിനെപറ്റിയും പ്രസംഗിച്ചു.

Most Respected President,

ദീര്‍ഘമായ ഒരു പതിറ്റാണ്ടുകാലത്തെ അകാരണ ജയില്‍ വാസത്തിലൂടെ ലഭിച്ച നിരവധി രോഗങ്ങളുമായി മല്ലടിച്ച് ദിവസവും നിരവധി മരുന്നുകള്‍ കഴിച്ച് ജീവന്‍ നിലനിര്‍ത്തികൊണ്ടു മുന്നോട്ട് പോകുമ്പോഴും എന്റെ ജയില്‍ മോചനത്തിന് ശേഷമുള്ള ഓരോ ദിവസങ്ങളും ഓരോ മണിക്കൂറുകളും ഓരോ മിനിറ്റുകളും ഞാന്‍ കേരളീയ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിമാത്രമാണ് വിനിയോഗിച്ചത് എന്ന് കേരളത്തിന്റെ അന്നത്തെയും ഇന്നത്തയും മന്ത്രിമാരുള്‍പ്പെടെയുള്ള കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യമുള്ള കാര്യമാണ്.

എന്നിട്ടും എങ്ങിനെയാണ് എന്നെ ഒരു ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയാക്കി വീണ്ടും ജയിലില്‍ അടയ്ക്കാന്‍ കഴിയുന്നത്? എങ്ങിനെയാണ് കൊടും തീവ്രവാദികളുടെ പേരില്‍ ചുമത്തപ്പെടാന്‍ വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ യു.എ.പി.എ. ആക്ട് ചുമത്തി ഒരിക്കലും ജാമ്യം പോലും കിട്ടാതെ എന്നെ കുടുക്കിയിട്ടിരിക്കുന്നത്? .

എങ്ങിനെയാണ് അര്‍ഹമായ ചികിത്സ നല്‍കതെ എന്റെ കണ്ണുകളുടെ കാഴ്ചശക്തി നഷ്ടപ്പെട്ട് ഞാന്‍ പൂര്‍ണ്ണാന്ധതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത് ന്യായമാകുന്നത്്? .

എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായമായ 33-ാമത്തെ വയസ്സില്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് സ്വന്തം സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ഒരു പതിറ്റാണ്ട് ജയിലില്‍ അടച്ചതും വീണ്ടും അതേ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത് വേറൊരു സംസ്ഥാനത്തെ ജയിലില്‍ അടയ്ക്കുന്നത് എന്ത് ന്യായമാണുള്ളത്? 1990 കാലഘട്ടത്തില്‍ ഞാന്‍ നടത്തിയ ചില പ്രസംഗങ്ങള്‍ തെറ്റായിരുന്നുവെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ അന്നത്തെ പ്രസംഗത്തില്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നിയിട്ടുണ്ടെങ്കില്‍ അവരോടൊല്ലാം മാപ്പ് ചോദിക്കുന്നുഎന്ന് പരസ്യമായി മാപ്പപേക്ഷ നടത്തിയ എന്നെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് ഫൂലന്‍ ദേവിക്ക് പോലും മാപ്പ് കൊടുത്ത ഇന്ത്യന്‍ സംവിധാനത്തിന് കഴിയാത്തത് എന്തുകൊണ്ടാണ്?

1993-
ല്‍ വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷം 1998 മുതല്‍ ഇപ്പോഴും ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിധവയെപ്പോലെ ജീവിച്ചുകൊണ്ടിരിക്കുന്ന എന്റെ ഭാര്യയ്ക്കും അനാഥക്കുഞ്ഞുങ്ങളെപ്പോലെ ജീവിക്കുന്ന എന്റെ മക്കള്‍ക്കും അവര്‍ക്ക് നഷ്ടപ്പെട്ടുപോയ ജീവിതത്തിന് പകരം നല്‍കാന്‍ ഏതു കോടതിക്കും ഭരണകൂടത്തിനുമാണ് കഴിയുക? 

Most Respected Sir,

25-07-2008-
ല്‍ ഒരു സ്ത്രീയുടെ മരണത്തിന് കാരണമായ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അവസാനപ്രതിയായി (31-ാം പ്രതി) എന്നെ അറസ്റ്റ് ചെയ്തത് തികച്ചും ആസൂത്രിതമായ ഒരു നാടകത്തിന്റെ ഭാഗമാണെന്നും 10 വര്‍ഷത്തോളം ജയിലില്‍ അടയ്ക്കപ്പെട്ടതിന് ശേഷം പലരുടെയും മോഹങ്ങള്‍ സഫലമാകാതെ കോടതിവഴി ഞാന്‍ കുറ്റവിമുക്തനാക്കപ്പെട്ടതിലുള്ള ചില രാഷ്ട്രീയനേതാക്കളുടെയും രാജ്യത്തെ ചില ഏജന്‍സികളുടെയും പകതീര്‍ക്കാന്‍ വീണ്ടും മറ്റൊരു സംസ്ഥാനത്ത് എന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും എന്റെ മേല്‍ ചുമത്തപ്പെട്ട ചാര്‍ജ്ജ് ഷീറ്റ് ഒരാവര്‍ത്തി വായിച്ചുനോക്കുന്ന,നിയമത്തെപ്പറ്റി പ്രാഥമിക ജ്ഞാനം ഉള്ള ഏതൊരാള്‍ക്കും മനസ്സിലാവും. അതില്‍ ചില സുപ്രധാന കാര്യങ്ങള്‍ അങ്ങയുടെ സജീവശ്രദ്ധക്ക് വേണ്ടി വിനയപൂര്‍വ്വം ഉണര്‍ത്തുന്നു.

1) 25-07-2008-
ല്‍ ബാംഗ്ലൂരില്‍ ഒരു സ്ത്രീ മരിക്കാന്‍ കാരണമായ ബോംബ് സ്‌ഫോടനകേസിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തിയ ബാംഗ്ലൂര്‍ പോലീസിലെ സ്‌പെഷ്യല്‍ ടീം ആയ സി.സി.ബി. ഈ കുറ്റകൃത്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സെമിഭാഗ്യവാഡി എന്ന കര്‍ണ്ണാടക സംസ്ഥാനക്കാരനായ യുവാവിനെ ആയിരുന്നു.

ഇയാള്‍ ബോംബ് വെക്കാന്‍ കൊണ്ടുപോകുന്നത് കണ്ട നിരവധിപേരെ പോലീസ് സാക്ഷികളാക്കി. ഏതു നിറത്തിലാണ് ഏതു വാഹനത്തിലാണ് ബോംബ് കൊണ്ടുപോയതെന്നുവരെ 'സാക്ഷികള്‍' മൊഴികൊടുത്തു.സെമി ഭാഗ്യവാഡി എന്നയാള്‍ കുറ്റം സമ്മതിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ സെമി ഭാഗ്യവാഡിയെ സി.സി.ബി. നാര്‍ക്കോ അനാലിസ്സ് ടെസ്റ്റിന് വിധേയമാക്കി. ആ ടെസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ''ഞാനാണ് ബോംബ് വെച്ചത് എന്നും എന്റെ തൗഖീര്‍,അബുസുബ്ഹാന്‍ഏ എന്നീ ആളുകളും ബോംബ് വെക്കാന്‍ ഉണ്ടായിരുന്നു വെന്നും അയാള്‍ സമ്മതിച്ചതായും ഉണ്ട്. ഇക്കാര്യങ്ങളെല്ലാം ചേര്‍ത്ത് അയാള്‍ക്കെതിരെ ബാംഗ്ലൂര്‍ പോലീസ് A C C M കോടതിയില്‍ 23-12-2008 തീയതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കാലയളവിലെല്ലാം ഇയാള്‍ ഈ കേസിന്റെ പേരില്‍ ബാംഗ്ലൂര്‍ ജയിലിലായിരുന്നു. 

Respected Your Excellency,
ബാംഗ്ലൂര്‍ പോലീസിലെ ഏറ്റവും വിദഗ്ധരായ അന്വോഷണസംഘം ആയ സി.സി.ബി. സമഗ്രഅന്വേഷണം നടത്തി നിരവധി സാക്ഷിമൊഴികളുടെ ബലത്തില്‍ അറസ്റ്റ് ചെയ്തതും, നാര്‍ക്കോ അനാലിസിസ് ടെസ്റ്റില്‍ താനാണ് ബോംബ് വെച്ചത് എന്ന് സമ്മതിക്കുകയും കൊടുംകുറ്റവാളിയായി രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും ചിത്രീകരിച്ചയാളുമായ Sami Bagewadi എന്നയാള്‍ ഇന്ന് ഈ കേസില്‍ പ്രതിയല്ല. ഇയാള്‍ ഈ കേസില്‍ പ്രതിയല്ല എന്ന് മറ്റൊരു സമഗ്ര അന്വേഷണത്തിലൂടെ കണ്ടെത്തിയതിനാല്‍ അദ്ദേഹത്തെ ഈ കേസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അയാളുടെ നാര്‍ക്കോ റിപ്പോര്‍ട്ട് ഉള്‍പ്പെടെ എല്ലാം വെറുതെയായി.!!!

നമ്മുടെ രാജ്യത്ത് ബോംബ് കേസില്‍ ഒരാള്‍ പ്രതിയാകന്നതും ആ സ്ഥാനത്ത് നിന്ന് മാറുന്നതും, നാര്‍ക്കോ റിപ്പോര്‍ട്ടുകള്‍ പോലും സൃഷ്ടിക്കപ്പെടുന്നതും പിന്നീടത് അസ്വീകാര്യമാകുന്നതും എങ്ങനെയാന്ന് മനസ്സിലാക്കാന്‍ ബാംഗ്ലൂര്‍ സ്‌ഫോടനകേസ് ശ്രദ്ധിച്ചാല്‍ മതിയാകും.

2)
പിന്നീട് നടന്ന മറ്റൊരു സമഗ്ര അന്വേഷണത്തില്‍ നിരവധി പേരെ പ്രതികളാക്കിയപ്പോള്‍ അതില്‍ 31-ാമത്തെ പ്രതിയായി എന്നെയും ചേര്‍ത്തു.

എന്നെ പ്രതിയാക്കുന്നതിന് ഏറ്റവും പ്രധാന കാരണമായി പോലീസ് ഹാജരാക്കുന്നതും എന്റെ കേസ് മുഴുവന്‍ കെട്ടിച്ചമക്കുന്നതും 168-ാം കേസില്‍ സാക്ഷിയായ മസീദ് എന്നയാളിന്റെ സ്റ്റേറ്റ്‌മെന്റിലൂടെയാണ്. ഇയാള്‍ എറണാകുളം സ്വദേശിയാണ്. ''ഒരു ദിവസം എറണാകുളത്ത് എന്റെ വീട്ടില്‍ വന്നുവെന്നും അപ്പോള്‍ ബാംഗ്ലൂര്‍ സ്‌ഫോടനകേസിന്റെ പ്രതികലുമായി ഞാന്‍ ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്നും തുടങ്ങിയുള്ള വിശദമായ മൊഴിയാണ് ഇയാളുടേത്. വളരെ വിശദമായ മൊഴിയുടെ അവസാനം ഇയാള്‍ പറയുന്നത് ഇത്രയും കാലം ഞാന്‍ ഇക്കാര്യങ്ങള്‍ പോലീസിനോട് പറയാതിരുന്നത്് പേടികൊണ്ടാണ്. ഇപ്പോള്‍ ഈ കേസിലെ പ്രതിയായ തടിയന്റവിട നസീറിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ നിങ്ങള്‍ വിളിച്ചതനുസരിച്ച് ഞാന്‍ കണ്ണൂര്‍ വന്ന് ഈ മൊഴി നല്‍കുകയാണ്'' എന്നുമാണ് ഇയാളുടെ മൊഴി.

Respected Your Excellency,
 
നീണ്ട 10 കൊല്ലം ജയിലില്‍ കിടന്ന നരകയാതന അനുഭവിച്ച എന്നെ കുടുക്കാന്‍ വേണ്ടി ബാംഗ്ലൂര്‍ പോലീസ് കെട്ടിച്ചമ്മച കള്ളക്കേസില്‍ എനിക്കെതിരെ തയ്യാറാക്കിയ ഈ സാക്ഷിയെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ല. ഇങ്ങനെ ഒരു മൊഴി ചാര്‍ജ് ഷീറ്റില്‍ ഉണ്ടെന്ന് മറ്റും പത്രങ്ങളിലൂടെ എന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അറിയാന്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ ആരാണെന്ന് അന്വേഷിച്ചു. അപ്പോഴാണ് ബാംഗ്ലൂര്‍ പോലീസിന്റെ സമഗ്ര അന്വേഷണത്തിന്റെ മഹത്വം മനസ്സിലാകുന്നത്.

ബാംഗ്ലൂര്‍ പോലീസ് എറണാകുളത്ത് നിന്ന് 350 കിലോമീറ്ററിലധികം ദൂരെ കണ്ണൂര്‍ എന്ന സ്ഥലത്തേക്ക് വിളിപ്പിച്ച് വിശദമായി ചോദ്യം ചെയ്തുവെന്ന് പറയുന്ന ദിവസം (11-12-2009)തീയതിയില്‍ ഇയാള്‍ എറണാകുളത്തെ പ്രശസ്തമായ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (ഐ.സി.യു) വില്‍ കോമ സ്റ്റേജില്‍ കിടക്കുകയായിരുന്നു. ഈ ദിവസം കഴിഞ്ഞ് 5-ാമത്തെ ദിവസം ഇയാള്‍ മരിക്കുകയും ചെയ്തു. സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു ഇയാളുടെ രോഗം. സ്‌കിന്‍ കാന്‍സര്‍ ബാധിച്ച് കോമാ സ്റ്റേജില്‍ എറണാകുളത്തെ പ്രശസ്തമായ ഹോസ്പിറ്റലില്‍ ഐ.സി.യു.വില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടക്കുന്നയാളിനെ 350 കിലോമീറ്റര്‍ ദൂരെ കണ്ണൂരില്‍ വെച്ച് വിശദമായി മൊഴിയെടുത്തു എന്ന് പച്ചക്കള്ളവും കൃത്രിമവുമായ രേഖ ഉണ്ടാക്കി ആ കള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന് എല്ലാ ഹോസ്പിറ്റല്‍ രേഖകളും ഹാജാരാക്കി ഇന്ത്യയിലെ എല്ലാ കോടതികളിലും പ്രഗത്ഭരായ അഡ്വക്കേറ്റുമാര്‍ വാദിച്ചുവെങ്കിലും ഒരിടത്തുനിന്നും എനിക്ക് നീതി ലഭിച്ചിട്ടില്ലായെന്ന് ഈ രാജ്യത്തിന്റെ പ്രഥമപൗരനായ അങ്ങയോട് വിനയപൂര്‍വ്വം അറിയിക്കുകയാണ്.

എനിക്കെതിരെ ബാംഗ്ലൂര്‍ പോലീസ് തയ്യാറാക്കിയിരിക്കുന്ന മറ്റൊരു സാക്ഷി.

172-
ാംസാക്ഷിയായ ജോസ് വര്‍ഗ്ഗീസ് എന്നയാള്‍, ഞാന്‍ എറണാകുളത്ത് താമസിച്ചിരുന്ന വാടകവീട്ടിന്റെ Custodian ആണ് ഇയാള്‍. 

''
ഞാന്‍ അബ്ദുന്നാസിര്‍ മഅ്ദനി താമസിച്ചിരുന്ന വീടിന്റെ വാടക വാങ്ങാനായി ഒരു ദിവസം അദ്ദേഹത്തിന്റെ ബെഡ് റൂമിലേക്ക് കടന്നുചെന്നപ്പോള്‍ ബാംഗ്ലൂര്‍ കേസിലെ പ്രതിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സംസാരത്തില്‍ ബാംഗ്ലൂര്‍ സ്‌ഫോടനം എന്ന് പറയുന്ത് ഞാന്‍ കേട്ടു എന്ന് ഇയാള്‍ മൊഴി നല്‍കി എന്നാണ് ബാംഗ്ലൂര്‍ പോലീസ് എഴുതിപിടിപ്പിച്ചിരിക്കുന്നത്.

''
താന്‍ ഇങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലായെന്നും മദനി താമസിച്ചിരുന്ന വീട് തന്റെ സഹോദരിയുടേതാണെന്നും ആ വീട്ടില്‍ ഒരിക്കലും താന്‍ വാടക വാങ്ങാന്‍ പോയിട്ടില്ലായെന്നും വീട് വാടക ഒരിക്കലും ക്യാഷ് ആയി നേരിട്ട് വാങ്ങിയിട്ടില്ലായെന്നും അത് എല്ലാം മാസവും കോര്‍പറേഷന്‍ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യാറുള്ളതെന്നും തന്റെ പേരില്‍ ഒരു കള്ളമൊഴിയുണ്ടാക്കിയത് നിരപരാധിയായ ഒരാളെ കള്ളക്കേസില്‍ കുടുക്കാനാണെന്നുമാണ് മനസ്സിലാക്കുന്നത്'' എന്നും ബോധ്യപ്പെടുത്തികൊണ്ട് എന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ 28-7-2010 തീയതിയില്‍ ടി ജോസ് വര്‍ഗ്ഗീസ് ബാംഗ്ലൂര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ എറണാകുളം സി.ജെ.എം. കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ടി കോടതി അന്യായം ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. 

ഈ മൊഴികളൊന്നും പോരെന്ന് തോന്നിയതുകൊണ്ടാവാം ബാംഗ്ലൂര്‍ പോലീസ് എനിക്കെതിരെ ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു പ്രധാന ആരോപണം ''ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടന്നത് ബാംഗ്ലൂരില്‍ നിന്നും 250 കിലോമീറ്ററോളം അകലെയുള്ള കൂര്‍ഗ് എന്ന സ്ഥലത്തെ ഒരു ഇഞ്ചിത്തോട്ടത്തില്‍ വെച്ച് ആണെന്നും അവിടെ ദിവസങ്ങളോളം താമസിച്ച് ഗൂഢാലോചനയുടെ ഇടയില്‍ ഒരു ദിവസം താടിയും തൊപ്പിയുമുള്ള കണ്ണടവെച്ച ഒരു കാല്‍ ഇല്ലാത്ത ഒരാള്‍ അംബസിഡര്‍ കാറില്‍ വന്നുവെന്നും അയാള്‍ മദനി ആയിരുന്നുവെന്നും പിന്നീട് ടി.വിയില്‍ കണ്ടപ്പോള്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു'' എന്നുമാണ്.


Respected His Excellency,

കുടക് എന്ന സ്ഥലത്ത് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ പോയിട്ടില്ല. ആ സ്ഥലം എവിടെയാണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. എത്രയോ വര്‍ഷങ്ങളായി വീല്‍ ചെയറില്‍ മാത്രം ചലിക്കാന്‍ കഴിയുന്ന, കേരളത്തിലോ കര്‍ണ്ണാടകയിലോ ഏതു കുഗ്രാമത്തില്‍ പോയാലും ഒറ്റനോട്ടത്തില്‍ ആളുകള്‍ക്ക് മനസ്സിലാവുന്ന ആളാണ്.

കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ എനിക്ക് കേരളാ ഗവണ്‍മെന്റ് 'ബി' കാറ്റഗറി സെക്യൂരിറ്റി ഏര്‍പ്പാട് ചെയ്തിരുന്നു. ശേഷമുള്ള എന്റെ മുഴുവന്‍ യാത്രകളിലും ആയുധത്തോടുകൂടിയ രണ്ട് പോലീസുകാര്‍ എന്നെ അനുഗമിക്കുമായിരുന്നു. ഞാന്‍ എവിടെ താമസിച്ചാലും അവിടെ എസ്.ഐ.യുടെയോ ഒരു ഹെഡ്‌കോണ്‍സ്റ്റബിളിന്റെയോ നേതൃത്വത്തില്‍ പോലീസ് സംരക്ഷണം ഉണ്ടായിട്ടുണ്ട്. എന്റെ മുഴുവന്‍ യാത്രകളുടെയും രേഖകള്‍ കേരളാ പോലീസ് ആസ്ഥാനത്തുണ്ട്.

ബാംഗ്ലൂര്‍ പോലീസ് ഗൂഢാലോചനാ നാടകം പറയുന്ന സമയം ഞാന്‍ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബിയായിലെ വിശുദ്ധ മക്കയില്‍ ആയിരുന്നു.

ചുരുക്കത്തില്‍ കോയമ്പത്തൂരില്‍ എനിക്കെതിരെ ഉണ്ടാക്കിയ കള്ളത്തരത്തിന്റെ ഉരുക്കുചങ്ങലകള്‍ നീതിന്യായകോടതിയുടെ താക്കോല്‍ ഉപയോഗിച്ച് തകര്‍ത്ത് ഞാന്‍ പുറത്തുവന്നതിന്റെ പക തീര്‍ക്കാന്‍ ചില രാഷ്ട്രീയക്കാരും ചില ഏജന്‍സികളും ചേര്‍ന്ന് കള്ളസാക്ഷിമൊഴികളുടെയും വ്യാജരേഖകളുടെയും അകമ്പടിയോടെ ഒരു പുതിയ കേസുണ്ടാക്കിയിരിന്നു

ദീര്‍ഘമായ ഒരു ജയില്‍ വാസത്തിലൂടെ ആരോഗ്യം തകര്‍ന്ന് ജീവിതം നഷ്ടപ്പെട്ടും ഒരുപാട് വേദനകള്‍ അനുഭവിച്ചശേഷം തിരിച്ചെത്തിയപ്പോള്‍ കേരളീയ സമൂഹം വാത്സല്യത്തോടെ സ്വീകരിച്ച എന്നെ വീണ്ടും ഒരു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളും ഒരു ഞെട്ടലോടെയാണ് കേട്ടത്.

എന്നെ കള്ളക്കേസിലാണ് കുടുക്കിയിരിക്കുന്നതും എന്നെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലായെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ നിരവധി സംഘടനകളും നേതാക്കളുമെല്ലാം ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങി. ഇതില്‍ വിവിധ ജാതിമതസ്ഥരും വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളുമുണ്ടായിരുന്നു. എനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള അനീതിക്കെതിരെ നിയമപോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരകണക്കിനാളുകള്‍ ഞാന്‍ പ്രസിഡന്റായുള്ള അന്‍വാര്‍ശേരി അല്‍ അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് ഒഴുകികൊണ്ടിരുന്നു

എനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പകലും രാത്രിയും അന്‍വാര്‍ശ്ശേരിയില്‍ തങ്ങിയിരുന്നവരില്‍ നിരവധി ഹിന്ദുക്കളും എന്തിനേറെ കൈക്കുഞ്ഞുങ്ങളുമായി ഹിന്ദുസ്ത്രീകള്‍ വരെയുണ്ടായിരുന്നുവെന്നത് ജാതിക്കും മതത്തിനുമുപരി കേരളത്തിലെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളോടും എനിക്കുള്ള പ്രതിബദ്ധത എന്നെന്നും വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു കാര്യമായിരുന്നു.

എന്റെ മേല്‍ കെട്ടിച്ചമ്മച്ച കള്ളസാക്ഷിമൊഴികളും കള്ളരേഖകളുമൊക്കെയാണെന്ന് തെളിവുകള്‍ സഹിതം കര്‍ണ്ണാടകയിലെ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്ക് വരുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ബാംഗ്ലൂര്‍ സിറ്റി പോലീസ് ജോയിന്റ് കമ്മീഷണര്‍ അശോക് കുമാറിന്റെയും അന്നത്തെ ശേഷാദ്രിപുരം ഏ.സി.പി. ഓംകാരയ്യായുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം എന്നെ അറസ്റ്റ് ചെയ്തു.

കേരളത്തിലെ ഒട്ടുമിക്കജനങ്ങളുടെയും ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മനുഷ്യാവകാശപോരാളികളുടെയും കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളുടെയും പിന്തുണ എനിക്ക് ലഭിച്ചിട്ടും വിശുദ്ധ റംസാന്‍ മാസത്തില്‍ നോമ്പുകാരനായിരുന്ന രോഗിയായ എന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ബാംഗ്ലൂരിലേക്ക് കൊണ്ടുപോന്നു. അന്‍വാര്‍ശ്ശേരി സ്ഥാപനത്തിലെ അനാഥകുഞ്ഞുങ്ങള്‍ മുതല്‍ കേരളത്തിലെ നിരവധി ഹിന്ദു - ക്രിസ്ത്യന്‍ സഹോദരിമാര്‍ വരെ കണ്ണീരോടെയാണ് എന്റെ അറസ്റ്റ് രംഗങ്ങള്‍ വീക്ഷിച്ചതും, എന്നെ ബാംഗ്ലൂരിലേക്ക് യാത്രയാക്കിയതും.

ബി.ജെ.പി. ഗവണ്‍മെന്റിന്റെ പോലീസ് വിശുദ്ധ റംസാന്‍ മാസത്തില്‍ നോമ്പുകാരണം രോഗിയുമായ ഒരു നിരപരാധിയെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്ന പ്രതിഷേധം ഏതെങ്കിലും പ്രതിഷേധകാരികള്‍ വഴിതിരിച്ചുവിടാതിരിക്കാന്‍ വേണ്ടി എന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ബാംഗ്ലൂരിലേക്ക് കൊണ്ടുവരുമ്പോള്‍ പോലും ഏറ്റവും അവസാനം ഞാന്‍ മാധ്യമപ്രവര്‍ത്തകരോടും കേരളത്തിലെ ജനങ്ങളോടും പറഞ്ഞത് ''എന്റെ അറസ്റ്റിനെ ഒരൊറ്റയാളും ഒരു വര്‍ഗീയമായി ചിത്രീകരിക്കരുത്. ഈ അറസ്റ്റിന്റെ പേരില്‍ ജനാധിപത്യമാര്‍ഗ്ഗത്തിലുള്ള പ്രതിഷേധമല്ലാതെ യാതൊരുതരത്തിലുള്ള അക്രമപ്രവര്‍ത്തനവും ഉണ്ടാകരുത്'' എന്നായിരുന്നു. അന്നത്തെ എന്റെ പ്രസ്താവനകള്‍ ''കേരളത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കാരണമായി'' എന്ന് പിറ്റേദിവസം പലപ്രമുഖപത്രങ്ങളും എഡിറ്റോറിയല്‍ എഴുതിയകാര്യം ഞാന്‍ അങ്ങയോട് വിനയപൂര്‍വ്വം ഉണര്‍ത്തുന്നു.

Respected His Excellency,

കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത എന്നെ 17-08-2010 രാത്രിയില്‍ ബാംഗ്ലൂര്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയശേഷം പോലീസ് കസ്റ്റഡിയില്‍ വെച്ച് എനിക്കുണ്ടായ അനുഭവങ്ങളിലേക്ക് അങ്ങയുടെ സജീവശ്രദ്ധ വിനയപൂര്‍വ്വം ഞാന്‍ ക്ഷണിക്കുകയാണ്. കോടതിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ എന്നെ ബാംഗ്ലൂര്‍ മടിവാളയില്‍ പ്രധാനമായും തീവ്രവാദകേസുകളിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയ Interrogation Center ലാണ് താമസിപ്പിച്ചത്.

ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ ഞാന്‍ പൂര്‍ണ്ണനിരപരാധിയാണെന്ന് എന്നെ അറസ്റ്റ് ചെയ്ത ബാംഗ്ലൂര്‍ പോലീസിനും ഐ.ബി. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കും നൂറുശതമാനം ബോധ്യമായിരുന്നത് കൊണ്ട് തന്നെ ബാംഗ്ലൂര്‍ സ്‌ഫോടനത്തെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും അവര്‍ക്ക് എന്നോട് ചോദിച്ചറിയാനില്ലായിരുന്നു. അവര്‍ക്ക് ചര്‍ച്ച ചെയ്യാനുണ്ടായിരുന്നത് ഉസാമബിന്‍ ലാദനെപ്പറ്റിയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെപ്പറ്റിയും മറ്റും ആയിരുന്നു.

1990
കാലഘട്ടത്തില്‍ ഞാന്‍ നടത്തിയെന്ന് പറയപ്പെടുന്ന പ്രസംഗങ്ങളാണ് എല്ലാ കുഴപ്പങ്ങളുടെയും കാരണമെന്നും അന്നത്തെ എന്റെ പ്രസംഗങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ ഒന്നാം പ്രതി തീവ്രവാദി ആയതെന്നാണ് ഐ.ബി. ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെ എന്നോട് പറഞ്ഞത്.

ഞാന്‍ അവരോട് ചോദിച്ചു ''പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ രേഖകള്‍ പ്രകാരവും ഒന്നാം പ്രതി തടിയന്റവിട നസീര്‍ എന്നയാളിന് 32 വയസ്സാണുള്ളത്. 1990 കാലത്ത് ഇതനുസരിച്ച് ടി നസീറിന് 12വയസ്സായിരുന്നു പ്രായം. 1990 കളില്‍ ഞാന്‍ നടത്തിയ പ്രസംഗങ്ങളില്‍ കുഴപ്പമുണ്ടായിരുന്നുവെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും അന്ന് 12-13 വയസ്സുണ്ടായിരുന്ന ഒരാള്‍ അവന് എന്റെ പ്രസംഗത്തില്‍ ആവേശം ഉള്‍ക്കൊണ്ടുവെന്നും അതുകാരണം രണ്ടുപതിറ്റാണ്ടിന് ശേഷം ബാംഗ്ലൂരില്‍ ബോംബാക്രമണം നടത്തിയെന്നും പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്?

പ്രതികളായ ചില ആളുകളുടെ ഫോണില്‍ നിന്ന് ഞാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണിലേക്ക് ചില കോളുകള്‍ വന്നിട്ടുണ്ട് എന്ന് അടുത്തന്യായം അവര്‍ പറഞ്ഞു. അതിന്റെ മറുപടിയും ഞാന്‍ അവരോട് പറഞ്ഞു ''കോയമ്പത്തൂര്‍ കേസില്‍ നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനായശേഷം മതസൗഹാര്‍ദ്ദത്തിന് വേണ്ടി ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളും കേരളത്തില്‍ ഞാന്‍ നടത്തിയ തീവ്രവാദവിരുദ്ധ ദേശസുരക്ഷാജാഥയില്‍ 130-ലധികം പൊതുസമ്മേളനങ്ങളില്‍ വിശുദ്ധ ഖുര്‍ആനും പ്രവാചനക അദ്ധ്യാപനങ്ങളും ഉദ്ധരിച്ചുകൊണ്ട് ഇസ്ലാം ഒരുതരത്തിലുള്ള തീവ്രവാദവും അംഗീകരിക്കുന്നില്ല എന്നും ഒരു നിരപരാധിയെ കൊല്ലുന്നവന്‍ മനുഷ്യകുലത്തെ ഒന്നടങ്കം വധിച്ചവനെപ്പോലെയാണെന്ന്വിശുദ്ധ ഖുര്‍ആന്‍ ശക്തമായി താക്കീത് നല്‍കുന്നുണ്ടെന്നുമൊക്കെ പ്രസംഗിച്ച കാരണത്താല്‍ ചിലയാളുകള്‍ എന്നെ ഫോണില്‍ വിളിച്ച് ''ഇത്തരം പ്രസംഗങ്ങള്‍ അവസാനിപ്പിക്കണം'' എന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കേരളാ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്ത മതസൗഹാര്‍ദ്ദസമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ച ഞാന്‍ തീ്രവാദത്തിനെതിരെ ശക്തമായി പ്രസംഗിച്ചതിനാല്‍ എനിക്ക് ഗൗരവമായ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും, ഇങ്ങനെ നിരന്തരം ഭീഷണി ഉണ്ടായഘട്ടത്തില്‍ എന്റെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വഴി ഈ വിവരങ്ങള്‍ ഞാന്‍ അന്നത്തെ കേരളാ ആഭന്തരവകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് എന്നോട് സംസാരിച്ചുമനസ്സിലാക്കായി ആഭ്യന്തരമന്ത്രി ഒരു ഉയര്‍ന്ന ഐ.പി.എസ്. ഓഫീസറെ എന്റെ അടുത്തേക്ക് വിട്ടിരുന്നുവെന്നും തിരിവനന്തപുരത്തെ കഴക്കൂട്ടം അല്‍-സാജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തോട് എനിക്ക് ഫോണ്‍ വഴിയും അല്ലാതെയും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണിയെപ്പറ്റി ഞാന്‍ സംസാരിക്കുകയും ചെയ്തിരുന്നു.

''സുരക്ഷാ കാര്യങ്ങളില്‍ പോലീസ് കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടതു ചെയ്യാം'' എന്ന് അദ്ദേഹം പറഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് വിശദമായി പറഞ്ഞുവെങ്കിലും അതൊന്നും പരിഗണിക്കാന്‍ അവര്‍ തയ്യാറായില്ല. ഞാന്‍ അവരോട് പറഞ്ഞു, ഞാന്‍ ഒരുറച്ച ദൈവവിശ്വാസിയാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചകനും നിരപരാധികളെ വധിക്കുന്നതിനും അവരുടെ രക്തം ചിന്തുന്നതിനും എതിരാണ് എന്നതുകൊണ്ട് തന്നെ എന്റെ മതവിശ്വാസത്തിന്റെ ഭാഗമായാണ് ഞാന്‍ തീവ്രവാദത്തിനെ എതിര്‍ക്കുന്നത്. എനിക്ക് രണ്ട് മുഖം കാണിക്കേണ്ട കാര്യമില്ല. ഒന്നുകില്‍ തീവ്രവാദത്തെ എന്റെ മതവിശ്വാസത്തിന്റെ ഭാഗമായി കാണണം. അങ്ങിനെ ഞാന്‍ കാണുന്നില്ല എന്നു മാത്രമല്ല അതു മതവിരുദ്ധം ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ഇന്ത്യയുടെ സ്ഥിരതയും അഖണ്ഡതയും തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന പാക്കിസ്ഥാന്‍ ആസ്ഥാനമായിട്ടുള്ള ഏതെങ്കിലും സംഘടനകളോ അവരുടെ ആശയത്തോടെ എനിക്ക് യോജിപ്പ് ഉണ്ടാവുകയോ അതില്‍ നിന്ന് എന്തെങ്കിലും നേട്ടങ്ങള്‍ പ്രതീക്ഷിക്കുകയോ ചെയ്യണം. അങ്ങനെ ലോകത്തിന്റെ ഏതെങ്കിലും കോണിലുള്ള ഏതെങ്കിലും ഒരു തീവ്രവാദ സംഘടനകളുമായോ ഒരു തീവ്രവാദിയുമായോ എനിക്ക് മനസാ വാചാ കര്‍മ്മണാ യാതൊരു ബന്ധവും ഇല്ല. അങ്ങനെയെന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല.

പാക്കിസ്ഥാനേക്കാള്‍ മുസ്ലീംങ്ങള്‍ക്ക് അഭിമാനവും സുരക്ഷിതത്വബോധവും നിലനിര്‍ത്തി ജീവിക്കാന്‍ കഴിയുന്നതും ആയിരംവട്ടം ഇന്ത്യയിലാണെന്നും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും ആദ്യം തന്നെ ഇന്ത്യയിലെ മുസ്ലീംങ്ങളുടെ ശത്രുക്കള്‍ ആണെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ പിന്നെ എന്തിനാണ് നിങ്ങള്‍ എന്നെ സംശയിക്കുന്നത്? ഒരു മുസ്ലിം എന്ന നിലയിലും ഇന്ത്യക്കാരന്‍ എന്ന നിലയിലും എനിക്ക് ഈ രാജ്യത്തോട് നൂറ് ശതമാനവും പ്രതിബദ്ധത ഉണ്ടെന്നും അതുകൊണ്ടാണ് നിരവധി ക്രിസ്ത്യാനികളും ഹിന്ദുക്കളും പ്രവര്‍ത്തിക്കുന്ന ഒരു മതേതര ജനാധിപത്യ പാര്‍ട്ടിക്ക് രൂപം കൊടുത്ത് അതിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും ഞാന്‍ അവരോട് പറഞ്ഞു. ഇന്ത്യയിലെ മുസ്ലീംങ്ങള്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും സംഘ്പരിവാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് എതിര്‍പ്പുകളെ നേരിടുമ്പോഴും ബോംബ് വെച്ച് രാജ്യത്ത് കുഴപ്പമുണ്ടാക്കുകയല്ല വേണ്ടത് മറിച്ച് രാജ്യത്തെ മറ്റ് മതേതരശക്തികളോടൊപ്പം നിന്ന് പരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഏറ്റവും അവസാനം വളരെ ഗൗരവപൂര്‍വ്വം ഞാന്‍ അവരോട് പറഞ്ഞ ഒരു കാര്യം ഇതായിരുന്നു. ''ഞാന്‍ മതരംഗത്ത് പി.ജി. കരസ്ഥമാക്കിയ ആളാണ്.

ദൈവാനുഗ്രഹത്താല്‍ വളരെ നന്നായി പ്രസംഗിക്കാന്‍ എനിക്ക് കഴിയും. ഉര്‍ദു, ഹിന്ദു ഭാഷകളില്‍ വലിയ നൈപുണ്യം ഇല്ലെങ്കിലും ഇംഗ്ലീഷിലും അറബിയിലും എനിക്ക് ഒരുപരിധി വരെ സംസാരിക്കാന്‍ കഴിയും. വിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ അദ്ധ്യാപനങ്ങളും ഉദ്ധരിച്ച് ഇസ്ലാം എല്ലാത്തരം അക്രമങ്ങള്‍ക്കും വര്‍ഗ്ഗീയതക്കും നിരപരാധികളെ കൊല്ലുന്നതിനും എതിരാണെന്ന് എനിക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കുവാന്‍ സാധിക്കും. ഇസ്ലാം അക്രമത്തിനല്ല വിജ്ഞാനത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും വിശുദ്ധ ഖുര്‍ ആനില്‍ ഒരുഭാഗത്ത് പോലും വാള്‍ എന്ന പദം ഉപയോഗിക്കുന്നില്ലായെന്നും എന്നാല്‍ നൂറിലധികം സ്ഥലത്ത് വിജ്ഞാനം എന്ന പദം ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് ബോദ്ധ്യപ്പെടുത്തികൊടുക്കാന്‍ സാധിക്കും.

അതുകൊണ്ട് ഇസ്ലാമിനെപറ്റി തെറ്റായി മനസ്സിലാക്കി തീവ്രവാദപരമായ സമീപനം സ്വീകരിക്കുന്ന യുവാക്കളെ ശരിയായ മാര്‍ഗ്ഗത്തിലേക്ക് മടക്കികൊണ്ടുവരുന്നതിനും രാജ്യത്തിനും മുസ്ലീം സമൂഹത്തിനും ഉപകരിക്കുന്നവരാക്കിമാറ്റാന്‍ പരിശ്രമിക്കുന്നതിനായി നിങ്ങള്‍ എന്നെ ഉപയോഗിക്കുകയാണ് വേണ്ടത് അല്ലാതെ തീവ്രവാദമുദ്ര എന്റെ മേലും ചുമത്തി കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയല്ല വേണ്ടത് എന്ന് ഞാന്‍ അവരെ അറിയിച്ചെങ്കിലും അതൊന്നും സ്വീകരിക്കാന്‍ ബാംഗ്ലൂര്‍ പോലീസോ ഐ.ബി. ഉദ്യോഗസ്ഥര്‍ഉള്‍പ്പെടെയുള്ളവരോ തയ്യാറായില്ല. 


Most Respected Your Excellancy,

ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടും എന്നെപ്പോലെയുള്ള വികലാംഗനും രോഗിയുമായ ഭരണഘടനാനുസൃതമായ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന നിരപരാധിയായ ഒരാളെ കേസില്‍ കുടുക്കി പതിറ്റാണ്ടുകള്‍ ജയിലില്‍ അടയ്ക്കുന്നതിന് ശ്രമിച്ചാല്‍ നമ്മുടെ രാജ്യത്ത് തീവ്രവാദം അവസാനിക്കുമെന്നാണോ വര്‍ദ്ധിക്കുകയാണോ ചെയ്യുന്നതെന്ന് അങ്ങയെപ്പോലെ ഉയര്‍ന്ന മതേതരബോധവും രാഷ്ട്രീയബോധവുമുള്ള ഒരാളിന് മനസ്സിലാകുമല്ലോ?

കോടതി എന്നെ പോലീസ് കസ്റ്റഡയില്‍ വെക്കാന്‍ അനുവദിച്ചിരുന്ന ഓരോ ദിവസവും ഞാന്‍ അന്വോഷണ ഉദ്യോഗസ്ഥനോട് ചോദിച്ചുകൊണ്ടിരുന്നു ഇതുവരെയും എന്നെ എന്തിനാണ് നിങ്ങള്‍ അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞില്ലല്ലോ?എന്ന് തൃപ്തികരമായ ഒരു മറുപടിയും അവര്‍ നല്‍കിയില്ല.അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ''ബാംഗ്ലൂര്‍ സ്‌ഫോടനം നടക്കുമെന്ന് താങ്കള്‍ക്ക് അറിയാമായിരുന്നു'' എന്നാണ്.

എനിക്ക് അറിയുമായിരുന്നില്ല എന്ന് ഞാന്‍ ആവര്‍ത്തിക്കുമ്പോഴെല്ലാം അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ''അങ്ങനെ കേസിലെ ഒന്നാം പ്രതി നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്' എന്നാണ്. നസീര്‍ ഉള്‍പ്പെടെ ബാംഗ്ലൂര്‍ ജയിലില്‍ ഉണ്ടായിരുന്ന മുഴുവന്‍ പ്രതികളെയും എന്റെ അറസ്റ്റിനോടനുബന്ധിച്ച് കോടതി വഴി കസ്റ്റഡിയിലെടുത്ത് മടിവാളയിലെ ഇന്റൊറോഗേഷന്‍ സെന്ററിലെ സെല്ലുകളില്‍ വെച്ചിട്ടുണ്ടായിരുന്നു.

1 നസീര്‍ എനിക്കെതിരെ മൊഴി നല്‍കിയതുകൊണ്ടാണ് എന്നെ അറസ്റ്റ് ചെയ്തത് എന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴെല്ലാം ഞാന്‍ അന്വോഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു, നിങ്ങള്‍ പറയുന്ന ഈ നസീറിനെ എന്റെ മുന്നില്‍ കൊണ്ടുവന്ന് ഒന്നു പറയിപ്പിക്കുക. ബാംഗ്ലൂര്‍ സ്‌ഫോടനത്തെപ്പറ്റി എനിക്ക് അറിയാമായിരുന്നുവെന്ന്'' . ഞാന്‍ കസ്റ്റഡിയിലായിരുന്ന 9 ദിവസവും അവര്‍ അതിന് തയ്യാറായില്ല. എന്നെ കോടതിയില്‍ ഹാജരാക്കേണ്ടതിന്റെ തൊട്ടുമുമ്പത്തെ രാത്രിയില്‍ എന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എ1 നസീറിനെ മുഖംമൂടിയണിയിപ്പിച്ച് എന്റെ മുന്നില്‍ കൊണ്ടുവന്ന ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഞാന്‍ തന്നെ അയാളോട് ചോദിച്ചു, നസീര്‍ താങ്കളും സംഘവും ബാംഗ്ലൂരില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് എപ്പോഴെങ്കിലും ഫോണ്‍ വഴിയോ നേരിട്ടോ മറ്റ് എങ്ങിനെയെങ്കിലും എന്നെ അറിയിച്ചിരുന്നുവോ? എനിക്ക് ഇക്കാര്യത്തെപറ്റിയെന്തെങ്കിലും അറിവുണ്ടായിരുന്നോ? എന്ന്.

അപ്പോള്‍ വളരെ പരുഷസ്വരത്തില്‍ അയാള്‍ പറഞ്ഞ മറുപടി, ''താങ്കള്‍ രാഷ്ട്രീയക്കാരനും ഡെമോക്രാറ്റിക് വഴിയില്‍ പ്രവര്‍ത്തനം നടത്തുന്നയാളാണ്, താങ്കള്‍ ഞങ്ങളുടെ ശത്രുവാണ്. ഞങ്ങള്‍ എന്തിന് ബോംബ് വെക്കുന്ന കാര്യം താങ്കളോട് ആലോചിക്കണം? ഞങ്ങള്‍ പലപ്പോഴും താങ്കള്‍ക്ക് താക്കീത് തന്നിരുന്നതാണ്. താങ്കള്‍ അത് അംഗീകരിച്ചില്ല. നസീറിന്റെ അര്‍ത്ഥശങ്കക്കിടയില്ലാത്ത ഈ മറുപടിക്ക് ശേഷം അവിടെയുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരോടും ഞാന്‍ ചോദിച്ചു. ഇനി എനിക്കെതിരെ നിങ്ങള്‍ക്ക് എന്ത് പറയുവാനുള്ളത്്?. എല്ലാവരും നിശബ്ദരാവകുയാണ് ചെയ്തത്. അവസാനം കോടതി അനുവദിച്ച പോലീസ് കസ്റ്റഡി തീര്‍ന്ന് എന്നെ വീണ്ടും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് എന്റെ അറസ്റ്റ് ഉള്‍പ്പെടെ മുഴുവന്‍ എപ്പിസോഡുകള്‍ക്കും നേതൃത്വം കൊടുത്ത ബാംഗ്ലൂര്‍ സിറ്റി പോലീസ് ജോയിന്റ് കമ്മീഷ്ണര്‍ അലോക് കുമാര്‍ ഐ.പി.എസ്. മറ്റ് മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മുന്നില്‍ വെച്ച് എന്നോട് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. 

''
മിസ്റ്റര്‍ മദനി! ഈ ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ താങ്കള്‍ക്ക് യാതൊരു ബന്ധവുമില്ലായിരിക്കാം. താങ്കള്‍ നിരപരാധി ആയിരിക്കാം. പക്ഷേ ഹിന്ദുവിശ്വാസപ്രകാരം പുനര്‍ജന്മം എന്ന ഒന്നുണ്ട്. ഒരാള്‍ അയാളുടെ ആദ്യജന്മത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്യുകയും അയാള്‍ അതിന്റെ ശിക്ഷ അപ്പോള്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ അയാളുടെ പുനര്‍ജന്മത്തില്‍ അയാള്‍ അതിന്റെ ശിക്ഷ അനുഭവിക്കും എന്നാണ്. താങ്കള്‍ താങ്കളുടെ പുനര്‍ജന്മത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തതിന്റെ ശിക്ഷ ആയിരിക്കാം ഇപ്പോള്‍ ഈ കേസില്‍ കുടുക്കപ്പെട്ടത്. 

Most Respected His Excellency,

ഒരു ജനാധിപത്യ മതേതരരാജ്യത്ത് 'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്'' എന്ന് ഉദ്‌ഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യത്ത് പുനര്‍ജന്മസിദ്ധാന്തത്തിന്റെ പേരുപറഞ്ഞ് നിര്‍ബന്ധിച്ചും വികലാംഗനും രോഗിയും 10 കൊല്ലം അകാരണമായി കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനെ ഇന്ത്യന്‍ നീതിശാസ്ത്രത്തില്‍ ന്യായീകരണത്തിന്റെ എന്തുവഴികളാണുള്ളത്.

പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ് വീണ്ടും കോടതിയില്‍ ഹാജരാക്കിയ എന്നെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്ത് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചു. 

ജയില്‍ ഹോസ്പിറ്റലിലെ 7-ാം നമ്പര്‍ സെല്ലില്‍ എന്നെ അടയ്ക്കുമ്പോള്‍ തന്നെ എനിക്കെതിരെ വളരെ നേരത്തെ തന്നെ ആസൂത്രണം ചെയ്യപ്പെട്ട ജയില്‍ വാസമായിരുന്നു ഇതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. കാരണം എന്നെ അടയ്ക്കപ്പെട്ട സെല്‍ ഞാന്‍ എത്തുന്നതിന് മുമ്പ് തന്നെ 24 മണിക്കൂര്‍ ചലനങ്ങളും റെക്കോര്‍ഡ് ചെയ്യുന്ന സി.സി.ടി.വി. ക്യാമറ ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ക്യാമറയുടെ റെക്കോര്‍ഡിങ്ങിന് കോട്ടം തട്ടാതിരിക്കുവാന്‍ എല്ലാ സമയത്തും സെല്ലിലെ പവര്‍ഫുള്‍ ലൈറ്റുകള്‍ ഓണ്‍ ആയിരിക്കണമെന്ന് ജയിലധികൃതര്‍ കല്പിച്ചു. റൂമില്‍ കത്തി നിലനില്‍ക്കുന്ന അതിശക്തമായ ലൈറ്റിന്റെ പ്രകാശത്തില്‍ ഉറങ്ങാന്‍ കഴിയാത്ത ഞാന്‍ ഉറങ്ങുന്ന സമയത്ത് ശക്തിയേറിയ ലൈറ്റുകള്‍ ഓഫ് ആക്കി ശക്തികുറഞ്ഞ ലൈറ്റുകള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുനോക്കി. ''ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ ആണ് എന്നാണ് ജയില്‍ ഡി.ഐ.ജി. ശ്രീ. വിശ്വനാഥയ്യ മറുപടി നല്‍കിയത്.

Most Respected His Excellency,

അയ്യായിരത്തോളം തടവുകാരുള്ള ബാംഗ്ലൂര്‍ ജയിലില്‍ വിവിധരാജ്യങ്ങളില്‍ നിന്നുള്ള തടവുകാര്‍ ഉണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ തലവന്മാരായ സൗത്ത് ആഫ്രിക്കക്കാരനും കാനഡക്കാരും മുതല്‍ തീവ്രവാദക്കേസുകളിലെ പ്രതികളായ പാക്കിസ്ഥാന്‍ പൗരന്മാര്‍വരെയുള്ള ഒരാളുടെ സെല്ലിലും അവരെ നിരീക്ഷിക്കാന്‍ സി.സി.ടി.വി. ഫിറ്റ് ചെയ്യാത്തവര്‍ എനിക്കായി പ്രത്യേകം സെല്‍ തയ്യാറാക്കി അതില്‍ ക്യാമറയും ശക്തിയേറിയ ലൈറ്റും ഫിറ്റ് ചെയ്ത് തയ്യാറായിരുന്നത് തന്നെ എന്റെ അറസ്റ്റിന്റെ പിന്നിലെ ആസൂത്രണം എത്ര വിദഗ്ധമായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. റൂമില്‍ 24 മണിക്കൂറും പ്രകാശിച്ചുകൊണ്ടിരുന്ന ലൈറ്റിന്റെ ശക്തികാരണം ഉറങ്ങുവാന്‍ കഴിയാതായ എനിക്ക് അവസാനം Sleeping lessness ഉറക്കമില്ലായ്മ എന്ന രോഗം പിടിപെടുകയും ഗുളിക കഴിച്ചാല്‍ പോലും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. 

ജയില്‍ അധികൃതരോടുള്ള എന്റെ അപേക്ഷകളെല്ലാം വനരോദനം ആയപ്പോള്‍ അവസാനം എന്റെ റൂമില്‍ ശക്തിയേറിയ ലൈറ്റുകള്‍ രാത്രിയില്‍ പ്രകാശിപ്പിക്കുന്നത് ഒഴിവാക്കുന്നതിന് തീരുമാനം ഉണ്ടാകണം എന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശകമ്മീഷന് എന്റെ ഭാര്യയും കേരളത്തിലെ മനുഷ്യാവകാശപ്രവര്‍ത്തകരും പരാതി സമര്‍പ്പിക്കുകയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാവുകയും ചെയ്തതിന് ശേഷമാണ് എന്റെ സെല്ലിലെ ശക്തിയേറിയ ലൈറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായത്.

എന്‍.എച്ച്.ആര്‍.സി.യുടെ ഇടപെടല്‍ ഉണ്ടായപ്പോഴേക്കും എനിക്ക് നിരന്തരമായ ഉറക്കമില്ലായ്മ കാരണം ശരീരത്തിലെ രോഗങ്ങളെല്ലാം മൂര്‍ച്ഛിക്കുകയും പ്രത്യേകിച്ചും ഡയബറ്റിസ് നിയന്ത്രണവിധേയമല്ലാതാവുകയും അനിയന്ത്രിതമായ ഷുഗര്‍ കാരണം കണ്ണുകളുടെ കാഴ്ചശക്തിക്ക് കാര്യമായ തകരാര്‍ സംഭവിക്കുകയും ചെയ്തു.

ചികിത്സയ്ക്കും മറ്റുമായി ജാമ്യത്തിനായി കോടതികളില്‍ നടത്തിയ നീക്കങ്ങളെല്ലാം വിഫലമാവുകയും ചെയ്തു. അറസ്റ്റ് ചെയ്ത് മൂന്നു വര്‍ഷക്കാലമാകുമ്പോഴും കേസിന്റെ ട്രയല്‍ നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. ജയില്‍ കെട്ടിടത്തിലെ ഒരു മുറി കോടതിയാക്കി കേസു സംബന്ധമായ ഒരു കാര്യങ്ങളും പുറംലോകമറിയാതെ In-camera Trail ആണ് നടന്നുകൊണ്ടിരിക്കുന്നത്. കൊളോണിയല്‍ ശക്തികളുടെ പട്ടാളകോടതിയെ അനുസ്മരിപ്പിച്ച് ജയിലിനുള്ളിലെ തന്നെ കോടതിയിലാണ് എന്റെ കേസ് നടന്നുകൊണ്ടിരിക്കുന്നത്. 

കള്ളക്കേസില്‍ കുടുക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട എനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഭരണപ്രതിപക്ഷ രംഗത്തെ ഒട്ടുമിക്ക രാഷ്ട്രീയപ്രസ്ഥാനങ്ങളും മുഴുവന്‍ മാധ്യമങ്ങളും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള നിരവധി മനുഷ്യസ്‌നേഹികളും രംഗത്തുവരികയും വിചാരണകോടതി, ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങി എല്ലാ കോടതികളെയും നീതിക്ക് വേണ്ടി ഞാന്‍ സമീപിക്കുകയും ചെയ്തുവെങ്കിലും നീതിയുടെ ഒരു നേരിയ കിരണം പോലും എവിടെനിന്നും എനിക്ക് ലഭിച്ചില്ല.

യഥാസമയം ചികിത്സ ലഭ്യമാകാത്തതുകൊണ്ട് എന്റെ രോഗങ്ങള്‍ മൂര്‍ഛിക്കുകയും പൂര്‍ണ്ണ അനാരോഗ്യാവസസ്ഥയിലാവുകയും ചെയ്തു. ഏറ്റവും വേദനാജനകമായ കാര്യം എന്നെ ബാംഗ്ലൂര്‍ ജയിലില്‍ അടയ്ക്കുനമ്പോള്‍ എന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലായിരുന്നു. എനിക്ക് നന്നായി വായിക്കുവാനും എഴുതുവാനും കഴിയുമായിരുന്നു. എന്നാല്‍ യഥാസമയം ചികിത്സ കിട്ടാത്ത ഒറ്റക്കാരണത്താല്‍ എന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു ഇടതുകണ്ണിന്റെ കാഴ്ചശക്തി മുക്കാല്‍ഭാഗവും നഷ്ടപ്പെട്ടു ഇപ്പോള്‍ ഇടതുകണ്ണിന് കാല്‍ഭാഗം കാഴ്ചശക്തിമാത്രമാണുള്ളത്. അതുകൂടി നഷ്ടപ്പെട്ടു പോയാല്‍ ഞാന്‍ പൂര്‍ണ്ണഅന്ധനായിതീരുന്ന അവസ്ഥയാണ്.

കേസ് ഉടനെയൊന്നും ട്രയല്‍ പൂര്‍ത്തിയായി വിധിപറയുന്ന സാഹചര്യം ഇല്ലായെന്ന് ബോധ്യമാവുകയും കാഴ്ചശക്തി നഷ്ടപ്പെട്ടതുള്‍പ്പെടെ ആരോഗ്യസ്ഥി തകരാറാലാവുകയും ചെയ്ത സാഹചര്യത്തില്‍ ഏതെങ്കിലും നല്ല ഒരു ആശുപത്രിയില്‍ സ്വതന്ത്രമായി ചികിത്സ നടത്തുന്നതിനായി മെഡിക്കല്‍ ഗ്രൗണ്ടില്‍ എങ്കിലും ഒരു ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഞാന്‍ ട്രയല്‍ കോടതിയെ സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ശേഷം ഇതേ ആവശ്യമുന്നയിച്ച് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. മാസങ്ങളോളം നീണ്ടുപോയ വാദങ്ങള്‍ക്കും മറ്റുനിയമപ്രക്രിയകള്‍ക്കും ശേഷം അവിടെനിന്നും എന്റെ പെറ്റീഷന്‍ തള്ളി. 

പക്ഷേ സ്വന്തം ചിലവില്‍ ബാംഗ്ലൂര്‍ Soukya Hospital ല്‍ ആയൂര്‍വ്വേദ ചികിത്സയും കണ്ണുചികിത്സയും നടത്തികൊള്ളാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതിക്ക് ഗവണ്‍മെന്റ് ചെലവില്‍ ചികിത്സ നടത്തുകയാണ് പതിവെങ്കിലും കോടതിയില്‍ നിന്ന് കിട്ടിയ ഈ അനുവാദം തന്നെ എന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയില്‍ ഒരനുഗ്രഹമായി കണ്ട് സ്വന്തം ചെലവില്‍ ചികിത്സയ്ക്ക് ആശുപത്രിയില്‍ പോകാന്‍ തയ്യാറായ എനിക്ക് ജയിലില്‍ നിന്ന് അനുകൂലസാഹചര്യം ഉണ്ടാകാതിരിക്കുകയാണ് ചെയ്തത്.



കോടതി സ്വന്തം ചെലവില്‍ ചികിത്സയ്ക്ക് അനുമതി നല്‍കിയിട്ട് പോലും അതിനുള്ള അനുമതി നല്‍കാത്ത കൊടും നീതിനിഷേധത്തിനെതിരെ കേരളത്തില്‍ അതിശക്തമായ ജനവികാരം ഉണര്‍ന്നു. കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും സജീവമായി രംഗത്തുവന്നു. കേരളാ അസംബ്ലിയില്‍ ഇക്കാര്യത്തില്‍ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഭരണപക്ഷത്ത് നിന്ന് കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തലയും പ്രതിപക്ഷത്തുനിന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ മെമ്പര്‍ ശ്രീ. എം.എ. ബേബിയുമാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ഈ ആവശ്യം ഉന്നയിച്ച് കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. വി.കെ. ഇബ്രാഹിംകുഞ്ഞ്, കോണ്‍ഗ്രസ് എം.പി. ശ്രീ. എം.ഐ. ഷാനവാസ്, മുസ്ലിം ലീഗ് എം.പി. ശ്രീ. ഇ.ടി. മുഹമ്മദ് ബഷീര്‍, ശ്രീ പാലോട് രവി എം.എല്‍.എ. എന്നിവരും കേരളത്തിലെ പ്രമുഖ ഇസ്ലാം മതപണ്ഡിതനും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ ജനാബ് കാന്തപുരം ഏ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ തുടങ്ങിയവരൊക്കെ കര്‍ണ്ണാടക മുഖ്യമന്ത്രി ശ്രീ. ജഗദീഷ് ഷെട്ടാറെ നേരില്‍ സന്ദര്‍ശിച്ചു.

എന്റെ ജന്മസ്ഥലം ഉള്‍ക്കൊള്ളുന്ന മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ എം.പി.യും കേന്ദ്രതൊഴില്‍ സഹമന്ത്രിയുമായ ശ്രീ. കൊടികുന്നില്‍ സുരേഷ്, സിവില്‍ ഏവിയേഷന്‍ വകുപ്പ് സഹമന്ത്രി ശ്രീ. കെ.സി. വേണുഗോപാല്‍ എന്നിവര്‍, Honourable Prime Minister of India യുടെ ശ്രദ്ധയില്‍ എനിക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന വിഷയം കൊണ്ടുവരികയും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കര്‍ണ്ണാടക ഗവണ്‍മെന്റിനോട് വിശദീകരണം തേടുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് എന്റെ സ്വന്തം ചെലവില്‍ ചികിത്സ ലഭ്യമാക്കുവാനുള്ള കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചുകൊണ്ട് എന്നെ 07-01-2013-ല്‍ ആശുപത്രിയിലേക്ക് മാറ്റുന്നത്.

ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡിലെ സൗഖ്യാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട എന്നെ ഫെബ്രുവരി 21-ാം തീയതിയാണ് അവിടുന്ന് ഡിസ്ചാര്‍ജ് ചെയ്തതെങ്കിലും യഥാര്‍ത്ഥത്തില്‍ സൗഖ്യാ ഹോസ്പിറ്റലില്‍ നിന്നുള്ള ശ്രദ്ധാപൂര്‍വ്വമായ ഒരു ചികിത്സ എനിക്ക് കിട്ടുകയോ എന്റെ രോഗാവസ്ഥയ്ക്ക് മാറ്റം ഉണ്ടാവുകയോ ചെയ്യാതെയാണ് ഞാന്‍ അവിടുന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നത്. 

Disc Prolapse, Spinal Cod Fracture, Cervical Spondylosis
തുടങ്ങിയുള്ള എന്റെ രോഗങ്ങള്‍ക്ക് മൊത്തം 6 ആഴ്ചത്തെ ചികിത്സ തീരുമാനിച്ചുകൊണ്ടാണ് സൗഖ്യയിലെ ഡോക്ടര്‍മാരുടെ ടീം എനിക്കുള്ള ചികിത്സ ആരംഭിക്കുന്നത്. പക്ഷേ ചികിത്സ ആരംഭിച്ച് 10 ദിവസമായപ്പോള്‍ 18-01-2013-ന് രാത്രി എനിക്ക് ശരീരം തളര്‍ച്ചയും ബോധക്ഷയം സംഭവിക്കുകയും അതുകാരണം എം.ആര്‍.ഐ. സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും അവിടുത്തെ പരിശോധനയില്‍ Transient Ishemic Attack ആണെന്ന് കണ്ടെത്തുകയും ചെയ്തു. (Medical Report attached).

തുടര്‍ന്ന് വീണ്ടും സൗഖ്യാ ആശുപത്രിയില്‍ എത്തിച്ച എന്റെ കണ്ണുകളുടെ അവസ്ഥ വളരെ പരിതാപകരമായതിനാല്‍ കണ്ണുകളുടെ ചികിത്സയ്ക്കായി അഗര്‍വാള്‍ ഐ ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ എന്റെ കണ്ണുകളെ പരിശോധിച്ചശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി നില്‍ക്കുന്നതിനാലും യഥാസമയം ചികിത്സ കിട്ടാത്തതിനാലും രണ്ടു കണ്ണുകളിലേക്കുമുള്ള രക്തധമനികള്‍ പൊട്ടി കണ്ണില്‍ രക്തം നിറഞ്ഞിരിക്കുകയാണെന്നും വലതുകണ്ണിന്റെ റെറ്റിന ചരുങ്ങി റെറ്റിനയും ഞരമ്പുകളും തമ്മിലുള്ള ബന്ധം വേര്‍പെടുന്ന അവസ്ഥയില്‍ ആണെന്നുമാണ്. (Medical Report attached).

കണ്ണിനുള്ള ചികിത്സകളുടെ പ്രഥമഘട്ടമായി രണ്ട് കണ്ണുകളുടെയും കാറ്ററാക്ട് ഓപ്പറേഷനുകള്‍ നടത്തുകയും Lucentis Injection എടുക്കുകയും ചെയ്തു.

പക്ഷേ ഈ ചികിത്സകള്‍ മതിയാവില്ലെന്നും അടിയന്തിരമായി വലതുകണ്ണിന് Vitrectomy എന്ന മേജര്‍ സര്‍ജറി നടത്തണമെന്നും അഗര്‍വാള്‍ ഹോസ്പിറ്റലില്‍ ഇന്‍പേഷ്യന്റ് ആയി ചികിത്സിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ടും സര്‍ജറി നടത്തിയാല്‍ ഒരു മാസമെങ്കിലും പൂര്‍ണ്ണമായും റസ്റ്റ് എടുക്കണമെന്നുള്ളതുകൊണ്ടും ഷുഗര്‍ നിയന്ത്രണവിധേയമല്ലാത്തതുകൊണ്ടും ഇപ്പോള്‍ ഈ Vitrectomy Surgery നടത്താന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയുണ്ടായി. (Medical Report attached).
ചുരുക്കത്തില്‍ ഹൈക്കോടതിയില്‍ നിന്നും സ്വന്തം ചെലവില്‍ ചികിത്സ നടത്താന്‍ ലഭിച്ച അനുമതിപ്രകാരം ചികിത്സയ്ക്ക് ആശുപത്രിയില്‍ പോയിട്ടും പൂര്‍ണ്ണമായ ചികിത്സ ലഭിക്കാതെ കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന ഒരവസ്ഥയിലൂടെ വേദനിച്ചുമാണ് ആ ആശുപത്രിയില്‍ നിന്നും ഞാന്‍ പോകുന്നത്.

കണ്ണുകളുടെ പ്രാഥമിക ഓപ്പറേഷന്‍ നടന്നതിനാല്‍ ബെഡ് റസ്റ്റ് വേണെമെന്ന് കണ്ണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ പിന്നീട് സൗഖ്യ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സ ചെയ്യാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും അവിടുന്ന് ചികിത്സ പൂര്‍ത്തിയാക്കാതെ ''മറ്റൊരവസരത്തില്‍ വീണ്ടും ചികിത്സയ്ക്ക് എത്തണം'' എന്ന നിര്‍ദ്ദേശത്തോടെ 21-02-2013-ല്‍ എന്നെ സൗഖ്യാ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയുണ്ടായി. (Discharge sumary attached).ഇതു സംബന്ധിച്ച വിവരങ്ങള്‍ ദി ഹിന്ദു തുടങ്ങിയ ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 

ചുരുക്കത്തില്‍ രണ്ടവര്‍ഷത്തിലധികമായി ലക്ഷകണക്കിന് രൂപ ചെലവ് ചെയ്തും ഒരുപാട് കഠിനാദ്ധ്വാനം ചെയ്തും നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 'സ്വന്തം ചിലവില്‍ ചികിത്സ നടത്താന്‍' ലഭിച്ച അനുമതിയുമായി ആശുപത്രിയിലേക്ക് പോയിട്ട് ഉദ്ദേശിച്ച ചികിത്സ ലഭ്യമാകാതെയും പല പുതിയ രോഗങ്ങളുമായും തിരികെ വീണ്ടും ജയിലിലേക്ക് ഞാന്‍ മടങ്ങിപോരുകയുമാണുണ്ടായത്. 

ഇങ്ങനെ രോഗാതുരമായ ശരീരവും വേദനിക്കുന്ന മനസ്സുമായി ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഇടുങ്ങിയ സെല്ലിലേക്ക് ഞാന്‍ വീണ്ടും എത്തിയതിന്റെ അടുത്തദിവസം ടൈംസ് ഓഫ് ഇന്ത്യ എന്ന പ്രമുഖ ഇംഗ്ലീഷ് പത്രവും കര്‍ണ്ണാടകത്തിലെ ചില കന്നഡ ചാനലുകളും എന്നെ ബന്ധപ്പെടുത്തി പടച്ചുവിട്ട ഒരു കൊടുംക്രൂരത കാരണം ഉണ്ടായ വല്ലാത്ത ഹൃദയവേദനയും ദുഃഖവുമാണ് അങ്ങേയ്ക്ക് ഇങ്ങനെ ഒരു കത്തെഴുതുന്നതിന് എന്നെ പ്രേരിപ്പിച്ച പ്രധാന കാരണം. 

Most Respected His Excellancy,

23-02-2013-
ലെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ 8-ാം പേജില്‍ Madani Likely to be Probed എന്ന ഹെഡ്ഡിംങ്ങോടെ 3 കോളത്തില്‍ കൊടുത്ത വാര്‍ത്ത പത്രധര്‍മ്മത്തിന്റെ സര്‍വ്വസീമകളും ലംഘിക്കുന്നതായിരിന്നു

ഹൈദരാബാദില്‍ ഏതോ ദുഃഷ്ശക്തികള്‍ നടത്തിയ സ്‌ഫോടനത്തോട് എന്നെ ബന്ധപ്പെടുത്താനുള്ള നികൃഷ്ടമായ ഉദ്ദേശമായിരുന്നു ആ വാര്‍ത്തക്ക് പിന്നിലുള്ളത്. ഏതൊ ഒരു അബു ഉസ്താദിന് ഹൈദരാബാദ് സ്‌ഫോടനത്തോട് ബന്ധം ഉണ്ടെന്നും അദ്ദേഹവും ഞാനുമായി Closs Associates ആണെന്നും അദ്ദേഹത്തിന്റെ മദ്രസയില്‍ ഞാന്‍ നിരവധി തവണ പ്രസംഗം നടത്തിയിട്ടുണ്ടെന്നും തുടങ്ങി പച്ചക്കള്ളങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ആ വാര്‍ത്തയില്‍. ഉടനെ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ എന്നെ പരപ്പന അഗ്രഹാര ജയിലില്‍ വന്ന് ചോദ്യം ചെയ്യുമെന്നും വാര്‍ത്തയുണ്ടായിരുന്നു. (Paper cutting attached).

എനിക്ക് മനസ്സാ വാചാ കര്‍മ്മണാ ബന്ധമില്ലാത്ത കുറേകാര്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയെപ്പോലെ ഉത്തരവാദപ്പെട്ട ഒരു പത്രം എഴുതി വിട്ടതോടെ ആ വാര്‍ത്തയുടെ ചുവട് പിടിച്ച് കര്‍ണ്ണാടകത്തിലെ സമയാ ചാനല്‍ ഉള്‍പ്പെടെ ചില ചാനലുകളും നികൃഷ്ടലക്ഷ്യത്തോടെ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ തുടങ്ങി. ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടതോടെ ജയിലിനുള്ളിലെ സഹതടവുകാര്‍ പോലും എന്നെ സംശയത്തോടും വിദ്വേഷത്തോടും കൂടി നോക്കുന്ന സാഹചര്യം ഉണ്ടായി. ജയിലിലെ ചില ഗ്രൂപ്പ് തടവുകാരില്‍ നിന്നും എനിക്ക് ശാരീരിക ഭീഷണി ഉണ്ടാകുന്ന സാഹചര്യം വരെ ഉണ്ടായി. 

കുറേ നാളുകള്‍ക്ക് മുമ്പ് ബോംബെയില്‍ ഒരു സ്‌ഫോടനം നടന്നതിന്റെ തൊട്ടടുത്ത ദിവസവും ഇതേ ടൈംസ് ഓഫ് ഇന്ത്യ''സ്‌ഫോടനത്തില്‍ മദനിയുടെ പങ്ക് അന്വേഷിക്കുന്നതിന് അന്വേഷണസംഘം ഉടനെ ബാംഗ്ലൂര്‍ ജെയിലില്‍ എത്തും'' എന്ന വാര്‍ത്ത പ്രചരിപ്പിച്ചു. അന്നും ചില ചാനലുകള്‍ ഇത് ഏറ്റെടുത്തു.


ഇപ്പോള്‍ ഏറ്റവും അവസാനം ഇക്കഴിഞ്ഞ ഏപ്രില്‍ 18-ാം തിയതി ബാഗ്ലൂര്‍ ബി ജെ പി ഓഫീസിന് മുന്നില്‍ ഒരു ബോംബ് സ്‌ഫോടനം നടന്നുവെന്ന വാര്‍ത്ത വന്ന ശേഷം കര്‍ണ്ണാടകത്തിലെ ചില പത്രങ്ങളും കന്നടചാനലുകളും മദനിയുടെ പങ്ക് സംശയിക്കുന്നുവെന്ന് പറഞ്ഞ് വ്യാജവാര്‍ത്ത കൊടുക്കാന്‍ തുടങ്ങി റ്റിവി 9 എന്ന കന്നടചാനല്‍ 19-ാം തിയതി വ്യാഴഴ്ച 7മണിക്ക് ശേഷം തുടര്‍ച്ചയായി എന്‍രെ ഫോട്ടോ കൊടുത്തു കൊണ്ട് സ്‌ഫോടനത്തിന് പിന്നില്‍ മഅ്ദനി എന്ന് സംശയംഎന്ന വാര്‍ത്ത കൊടുത്തുകൊണ്ടിരിന്നു.സംയുക്തകര്‍ണ്ണാടക എന്ന ന്യൂസ് പേപ്പര്‍ എന്റെ ഫോട്ടോ കൊടുത്തിട്ട് പച്ചക്കള്ളങ്ങള്‍ നിറഞ്ഞ വാര്‍ത്ത കൊടുത്തിട്ട് എന്നെ ഉടനെ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വരുംഎന്നും കൊടുക്കുകയുണ്ടായി

എന്നാല്‍ കള്ളക്കേസില്‍ പെടുത്തി ഞാന്‍ ജയിലില്‍ അടയ്ക്കപ്പെട്ടശേഷം ഇന്നുവരെ ചെറുതോ വലുതോ ആയ രാജ്യത്ത് നടന്ന ഏതെങ്കിലും ഒരു സംഭവത്തിന്റെ പേരില്‍ രാജ്യത്തെ ഏതെങ്കിലും ഒരു ഏജന്‍സിയോ ഒരു സാദാ പോലീസ് കോണ്‍സ്റ്റബിള്‍ പോലുമോ ജയിലില്‍ വന്ന് എന്നെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. കാരണം രാജ്യത്തെ മുഴുവന്‍ ഏജന്‍സികള്‍ക്കുമറിയാം ഇത്തരത്തില്‍ നടക്കുന്ന ഒരു കാര്യവുമായും എനിക്ക് ബന്ധമില്ലായെന്നും ഇത്തരം രാജ്യവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളോട് എനിക്ക് ഒരു നിലയിലും യോജിപ്പില്ലാ എന്നതും. എന്നിട്ടും ബാംഗ്ലൂരിലെ ചില പത്രമാധ്യമങ്ങളെ സ്വാധീനിച്ച് ഇത്തരം ഹീനമായ കള്ളവാര്‍ത്തകള്‍ പെയ്ഡ് ന്യൂസ് ആയി വരുത്തിക്കുന്നതിന്റെ പിന്നില്‍ ബാംഗ്ലൂരിലെ ചില പോലീസ് ഉദ്യോഗസ്ഥരാണെന്ന് ഞാന്‍ ന്യായമായി സംശയിക്കുന്നു.

Most Respected Sir,
ഈ രാജ്യത്തിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന, എല്ലാതരം ഭീകരപ്രവര്‍ത്തനങ്ങളും എന്റെ മതവിശ്വാസത്തിന് എതിരാണെന്ന് ഉറച്ച് വിശ്വസിക്കുന്ന, രാജ്യത്ത് സമാധാനത്തിന് ഭംഗം വരുത്തുന്ന ശക്തികളെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പൗരനെ തീവ്രവാദമുദ്ര ചാര്‍ത്തി കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയത് തന്റേതല്ലാത്ത ഒരു സംസ്ഥാനത്ത് ഒന്‍പതര വര്‍ഷം ജയിലില്‍ അടയ്ക്കുക, രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ച് സ്വന്തം കിടപ്പാടം പോലും വിറ്റ് നിരന്തരം നിയമപോരാട്ടം നടത്തി സമ്പൂര്‍ണ്ണ നിരപരാധിത്വം കോടതി വഴി തെളിയിച്ച് ജയില്‍ മോചിതനാകുക. 

തകര്‍ന്ന ആരോഗ്യവും തളര്‍ന്ന ശരീരവുമായി വീണ്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ വീണ്ടും ഒരു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് വേറൊരു സംസ്ഥാനത്തെ ജയിലില്‍ കൊണ്ടുപോയി പീഡിപ്പിക്കുക, ചികിത്സ കിട്ടാതെ കണ്ണിന് അന്ധത ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ അടിമപ്പെട്ട് ആരോഗ്യം തകര്‍ന്നിട്ടും രാജ്യത്തെ നിയമവ്യവസ്ഥയില്‍ പ്രതീക്ഷഅര്‍പ്പിച്ചുകൊണ്ട് ട്രയല്‍ കോടതി മുതല്‍ സുപ്രീം കോടതി വരെ ലക്ഷകണക്കിന് രൂപ മുടക്കി കേസു നടത്തികൊണ്ട് എപ്പോഴെങ്കിലും നീതികിട്ടുമെന്ന പ്രതീക്ഷയില്‍ നിയമപോരാട്ടം നടത്തി മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴും യാതൊരു സ്വസ്ഥതയും നല്‍കാതെ ജയിലിലെ മറ്റു തടവുകാരെ പോലും എതിരായി ഇളക്കിവിട്ട് ആക്രമിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് പച്ചക്കള്ളങ്ങള്‍ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രചരിപ്പിച്ച് കൊണ്ട് അക്രമിച്ചുകൊണ്ടേയിരിക്കുന്നതിനെ ഞാന്‍- ഒരിന്ത്യന്‍ പൗരന്‍-എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്നറിയാത്ത വേദനയിലാണ് ഈ രാജ്യത്തിന്റെ പ്രഥമപൗരനായ അങ്ങേക്ക് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്.

അങ്ങ് 17-03-2013-ല്‍ മലയാള മനോരമയുടെ .125-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ അര്‍ത്ഥഗംഭീരമായ പ്രസംഗം അടുത്ത ദിവസം ജയിലില്‍ എനിക്ക് ലഭിച്ച പത്രങ്ങളിലൂടെ വായിക്കുകയുണ്ടായി.

''
വിശ്വാസ്യതയും സ്വാതന്ത്ര്യവും നാണയത്തിന്റെ ഇരുവശങ്ങളാണ്. മാധ്യമസ്വാതന്ത്ര്യം ഉത്തരവാദിത്ത്വത്തോട് കൂടിയുള്ളതാണ് മാധ്യമങ്ങള്‍ വായനക്കാരോടും കാഴ്ചക്കാരോടും അതുവഴി രാഷ്ട്രത്തോടും പ്രതിബദ്ധരാണ്........................''
''
ആഴങ്ങളില്‍ നിന്ന് വരുന്ന വാക്കുകളെക്കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍ ഗീതാജ്ഞലിയില്‍ പറയുന്നുണ്ട് പത്രപ്രവര്‍ത്തനത്തെ സംബന്ധിച്ചും പ്രധാനമാണ്. സത്യത്തെക്കുറിച്ചുള്ള ടാഗോറിന്റെ വരികള്‍.
Most Respected Sir,
രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും ഒരു വഴികാട്ടല്‍ ആയി എടുക്കേണ്ടതാണ് അങ്ങയുടെ ഈ വരികള്‍... എന്നതിനാല്‍ നിരപരാധിയായ ഒരു മനുഷ്യനെയും അയാളുടെ കുടുംബത്തേയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സമൂഹത്തേയും അയാളുടെ സമുദായത്തെയും മതത്തെയും എല്ലാം തകര്‍ക്കാന്‍ ഉദ്ദേശിച്ച് കൊണ്ട് നീങ്ങുന്ന ചില ഉദ്യോഗസ്ഥന്മാര്‍ക്ക് ഇടംവലം നോക്കാതെ വിടുപണി ചെയ്യുന്ന ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പത്രങ്ങളും സമയ ചാനല്‍ ഉള്‍പ്പെടെയുള്ള ചില കന്നഡചാനലുകളും യാതൊരു നിയന്ത്രണവുമില്ലാതെ അസത്യപ്രചാരണങ്ങള്‍ നടത്തുമ്പോള്‍ എന്നെപ്പോലെ ഒരു ദുര്‍ബലനായ മനുഷ്യന് എന്താണ് ചെയ്യാന്‍ കഴിയുക?

ഒരാളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കകുയും ജയിലിന്റെ ഇടുങ്ങിയ ഇരുളടഞ്ഞ സെല്ലില്‍ കഴിയുന്ന അയാള്‍ക്ക് യാതൊന്നും പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇങ്ങനെ നടത്തപ്പെടുന്ന മാധ്യമവിചാരണയ്‌ക്കെതിരെ ഇന്ത്യയുടെ പരമോന്നതനീതിപീഠമായ സുപ്രീം കോടതിയുടെ Honourable Chief Justice Sree Althamas Kabeer ശക്തമായ ഭാഷയില്‍ പ്രതകരിച്ചത് 24-02-2013-ലെ മാധ്യമം എന്ന മലയാള പത്രത്തില്‍ വന്നിരുന്നു

''
മാധ്യമവിചാരണ പ്രതികള്‍ക്കെതിരെ മുന്‍വിധി ഉയര്‍ത്തുന്നു'' എന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് തന്നെ പറയുമ്പോള്‍ കര്‍ണ്ണാടക പോലൊരു സംസ്ഥാനത്ത് എന്നെപ്പോലുള്ള നിരപരാധികള്‍ മാധ്യമവിചാരണയിലൂടെ കോടതികള്‍ സ്വാധീനിക്കപ്പെടുന്നതില്‍ നിന്ന് എങ്ങനെയാണ് രക്ഷപ്പെടുവാന്‍ കഴിയുക? എങ്ങനെയാണ് എന്നെപ്പോലൊരാളിന് നിരപരാധിത്വം തെളിയിച്ച് നീതി ലഭ്യമാക്കാന്‍ കഴിയുക.?

Honourable His Excellency,
ഞാന്‍ ഒരു തീവ്രവാദിയോ ഭീകരവാദിയോ അല്ല. ഒരു തരത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുകയോ പിന്തുണയ്ക്കാനോ എനിക്ക് കഴിയില്ല. അത് എന്റെ മതവിശ്വാസത്തിന് തന്നെ പൂര്‍ണ്ണമായും എതിരാണ്. ആരെങ്കിലും ഒരു നിരപരാധിയെ വധിച്ചാല്‍ അയാള്‍ മാനവകുലത്തിനെ ഒന്നടങ്കം വധിച്ചവനെപ്പോലെയാണ് (വി. ഖുര്‍ആന്‍) എന്ന് ഉദ്‌ബോധിപ്പിക്കുന്ന വിശുദ്ധഖുര്‍ആനില്‍ ഉറച്ച് വിശ്വസിക്കുന്ന ഒരു ശരിയായ മുസ്ലിം എന്ന നിലയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നതും നിരവധി നിരപരാധികള്‍ പിടഞ്ഞുവീണ് മരിച്ചുകൊണ്ടിരിക്കുന്നതുമായ മുഴുവന്‍ ബോംബ് ആക്രമണങ്ങള്‍ക്കും ഞാന്‍ എതിരാണ്. പിറന്ന നാടിനോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നതുകൊണ്ടുതന്നെ എന്റെ രാജ്യത്തിനെതിരെ നടക്കുന്ന ഏതു നീക്കങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. 

എന്റെ പ്രസംഗജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ബാബരി മസ്ജിദിനോടും മറ്റും ബന്ധപ്പെട്ട് രാജ്യത്തെ പൊതുഅന്തരീക്ഷം ചൂടിപിടിച്ചിരുന്ന ഘട്ടത്തില്‍ ഞാന്‍ നടത്തിയ പ്രസംഗങ്ങളുടെ ശൈലിയില്‍ ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടായിരുന്നുവെന്ന് പില്‍ക്കാലത്ത് എനിക്ക് ബോധ്യപ്പെടുകയും അക്കാര്യത്തില്‍ ഞാന്‍ ആത്മപരിശോധന നടത്തിയ ഞാന്‍ കേരളീയ സമൂഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിട്ടുള്ളതാണ്. 1993 മുതല്‍ ഞാന്‍ കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിലും പെട്ടവരുടെ കൂട്ടായ്മയായ ഒരു മതേതരജനാധിപത്യപാര്‍ട്ടിയുടെ ചെയര്‍മാനാകുകയും നിരവധി ജീവകാരുണ്യവിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നയാളുമാണ്.
എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തീവ്രവാദവിരുദ്ധസമീപനങ്ങളെക്കുറിച്ചും എന്റെ പ്രവര്‍ത്തനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ബോധ്യമുള്ളതുകൊണ്ടും ഞാന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കപ്പെട്ടിരിക്കുകയാണെന്നും വിശ്വസിക്കുന്നതുകൊണ്ടുമാണ് കേരളീയസമൂഹത്തിലെ ബഹുഭൂരിപക്ഷം പേരും എന്റെ മോചനം ആഗ്രഹിക്കുന്നതും അതിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും


എന്നെ ഒരു തീവ്രവാദിയോ രാജ്യവിരുദ്ധനോ ആയിട്ട് ഞാന്‍ പിറന്ന സംസ്ഥാനത്തെ ജനങ്ങള്‍കണ്ടിരുന്നുവെങ്കില്‍ ഞാന്‍ കോയമ്പത്തൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുമ്പോള്‍എനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മുഴുവന്‍ നിയമസഭാ അംഗങ്ങളും ചേര്‍ന്ന് ഏകകണ്ഠമായി പ്രമേയം പാസ്സാക്കുമോ? കേരളം പോലുള്ള ഒരു ഉദ്ബുദ്ധസംസ്ഥാനത്തിന്റെ ജനപ്രതിനിധികള്‍ ഒന്നടങ്കം ഒരു തീവ്രവാദിയെ സഹായിച്ചുവെന്ന് കരുതാന്‍ പറ്റുമോ?

അങ്ങും ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ. മന്‍മോഹന്‍ സിംഗ്ജിയും ഉള്‍പ്പെടെ ഈ രാജ്യം മുഴുവന്‍ ബഹുമാനിക്കുന്ന രാജ്യം കണ്ട ഏറ്റവും നീതിമാനായ ജഡ്ജിമാരില്‍ പ്രമുഖനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെപ്പോലൊരാള്‍ എന്റെ കാര്യത്തില്‍ ശക്തമായി ഇടപെടുമോ? (ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഇന്ത്യന്‍ പ്രസിഡന്റായ അങ്ങേയ്ക്കും യു.പി.എ. അദ്ധ്യക്ഷ ശ്രീമതി സോണിയാജിക്കും കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി ശ്രീ. ജഗദീഷ് ഷെട്ടാറിനും അയച്ച കത്തുകളുടെ കോപ്പി ഇതോടൊപ്പം ഉണ്ട്).

എന്റെ ഈ രണ്ടാം ജയില്‍ വാസഘട്ടത്തിലും കേരളാ അസംബളിയില്‍ കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തല എം.എല്‍.എ.യും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ശ്രീ. എം.എ. ബേബി എം.എല്‍.എ.യും ഒരുപോലെ പ്രമേയം അവതരിപ്പിച്ചത് എന്നോട് അനീതി കാണിക്കപ്പെടുന്നതില്‍ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിഷേധത്തിന്റെ തെളിവ് അല്ലേ? 

എനിക്ക് നീതി ലഭ്യമാക്കാനും കേസ് നടത്തുന്നതിന് നേതൃത്വം കൊടുക്കുന്നതിനും വേണ്ടി ജസ്റ്റിസ് ഫോര്‍ മദനി ഫോറം എന്ന സംഘടനക്ക് നേതൃത്വം കൊടുക്കുന്നത് ചെയര്‍മാന്‍ ശ്രീ. സെബാസ്റ്റ്യന്‍ പോള്‍ എക്‌സ്. എം.പി., വൈസ് ചെയര്‍മാന്‍ ശ്രീ. നീലലോഹിതദാസന്‍ നാടാര്‍ (മുന്‍മന്ത്രി), സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു, മുന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ഡോക്ടര്‍ ശ്രീ. ബലരാമന്‍ ഇങ്ങനെ നിരവധി ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ കേരളത്തിലെ പ്രമുഖ വ്യക്തികളാണ്.

എന്റെ വാക്കിലോ പ്രവര്‍ത്തിയിലോ രാജ്യവിരുദ്ധതയുടെ ഒരു നേരിയ അംശമെങ്കിലും ഉണ്ടെങ്കില്‍ ഇവര്‍ ആരെങ്കിലും എന്നെ സഹായിക്കാന്‍ രംഗത്തുവരുമോ? എന്നോട് ഭരണകൂടങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന അനീതിക്കെതിരെ കേരളത്തില കാസര്‍ഗോഡ് സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്തത് കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തലയും എനിക്ക് നീതി ലഭ്യമാക്കുവാന്‍ പത്രസമ്മേളനം നടത്തിയത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും ആണ്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയത്തിനതീതമായി എന്റെ മോചനം ആഗ്രഹിക്കുന്നുവെന്നതിന് തെളിവല്ലേ ഇതെല്ലാം. 

എന്റെ മോചനത്തിന് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം കേരളത്തിലെ പ്രമുഖ ക്രിസ്ത്യന്‍ നേതാവും കൊല്ലംബിഷപ്പുമായ മാര്‍ ബസ്സാലിയോസ് പ്രഥമന്‍ കത്തോലിക്ക ബാവയും തിരുവല്ല ബിഷപ്പ് ജോണ്‍ തുണ്ടുകുളവും തുടങ്ങിയ ആത്മീയാചാര്യന്മാരും, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി,ഗുരുരത്‌നം ജ്ഞാനതപസ്സി തുടങ്ങിയ ഹിന്ദു സന്യാസിമാരും പങ്കെടുക്കുകയും എന്റെ മോചനത്തിന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്യുന്നു. ഞാന്‍ ഒരു വര്‍ഗ്ഗീയവാദിയാണെങ്കില്‍ എങ്ങിനെയാണ് ക്രിസ്ത്യന്‍ ബിഷപ്പുമാരും ഹിന്ദു സന്യാസിമാരും എന്നെ പിന്തുണച്ച് രംഗത്തുവരിക.

Most Respected Sir,
ഞാന്‍ പിറന്നുവീണ സംസ്ഥാനം എന്നെ ഒരു തീവ്രവാദിയോ ഭീകരവാദിയോ ആയി കാണുന്നില്ല. അവര്‍ എന്നെയും ഞാന്‍ അവരെയും സ്‌നേഹിക്കുന്നു. എന്റെ നാട്ടുകാരോടൊപ്പം നിന്നുകൊണ്ട് ജന്മനാടിന്റെ നന്മയ്ക്കും സമൂഹത്തിലെ പട്ടിണിപ്പാവങ്ങളായ ജനങ്ങളുടെ പുരോഗതിക്കും വേണ്ടി ജീവിതാന്ത്യം വരെ സേവനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്ന് ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്.

കള്ളക്കേസില്‍ കുടുക്കി എന്നെ രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ അത് താങ്ങാനാവാതെ മെന്റല്‍ സ്‌ട്രോക്ക് ബാധിച്ച് തളര്‍ന്ന് കിടക്കുന്ന ഒരു റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കൂടിയായ എന്റെ പിതാവിനും ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച് മേജര്‍ സര്‍ജറിക്ക് വിധേയമായി അവശയായി കിടക്കയില്‍ തളര്‍ന്ന് കിടക്കുന്ന എന്റെ മാതാവിനും കഴിയുന്ന സേവനങ്ങളും സഹായങ്ങളും ചെയ്തുകൊടുത്ത് അവരോടൊപ്പം കഴിയണമെന്ന് ഒരു മകനെന്ന നിലയില്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്.


വിവാഹം കഴിഞ്ഞ് 5-ാമത്തെ വര്‍ഷം മുതല്‍ ഭര്‍ത്താവ് ജയിലില്‍ അടയ്ക്കപ്പെട്ട് ഇന്നും ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ വിധവയെപ്പോലെ ജീവിച്ചുകൊണ്ടിരിക്കുന്ന എന്റെ ഭാര്യയോടുള്ള കടമകള്‍ നിറവേറ്റുന്ന ഒരു ഭര്‍ത്താവായി ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
പിതാവ് ജീവിച്ചിരുന്നിട്ടും ഓര്‍മ്മവെച്ച നാള്‍ മുതല്‍ അനാഥരെപ്പോലെ ജീവിക്കുകയും ജീവിതത്തില്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതത്വബോധം മൂലം പഠനം ഉള്‍പ്പെടെ സര്‍വ്വതും താറുമാറായികൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട മക്കളോടൊപ്പം കഴിഞ്ഞ് ഒരു പിതാവിന്റെ വാത്സല്യം അവര്‍ക്ക് പകര്‍ന്നുനല്‍കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്.

ഞാന്‍ പടുത്തുയര്‍ത്തി കൊണ്ടുവരികയും ലോവര്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന പിഞ്ചു അനാഥബാലന്‍മാര്‍ മുതല്‍ പി.ജി.ക്ക് പഠിക്കുന്നവര്‍ വരെയുള്ള നിരവധി അനാഥരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന, ഞാന്‍ പ്രസിഡന്റ് ആയ അല്‍ അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളൊടൊപ്പം നിന്ന് അവര്‍ക്ക് ആത്മീയവും അക്കാദമിക് പരവുമായ വിജ്ഞാനം പകര്‍ന്നുകൊടുത്ത് അവരെ സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണം ചെയ്യുന്നവരാക്കി മാറ്റിയെടുക്കണമെന്ന് ഒരു ഇസ്ലാം മതപണ്ഡിതനും അദ്ധ്യാപകനും എന്ന നിലയില്‍ എനിക്ക് ആഗ്രഹമുണ്ട്.

അകാരണമായി ഒരു പതിറ്റാണ്ടോളം എന്നെ കോയമ്പത്തൂര്‍ ജയിലില്‍ അടച്ചിരുന്നപ്പോഴും പിന്നീട് ഇപ്പോള്‍ അകാരണമായി മൂന്നു വര്‍ഷത്തോളമായി ബാംഗ്ലൂര്‍ ജയിലില്‍ അടച്ചിരിക്കുമ്പോഴും ഭരണത്തിന്റെ സൗകര്യമോ പിന്‍ബലമോ  ആനുകൂല്യങ്ങളോ യാതൊന്നുമില്ലാതിരുന്നിട്ടും പീഡിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ഉദ്ധാരണത്തിനായുള്ള എന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് എന്നോടൊപ്പം എല്ലാ പ്രതിസന്ധികളിലും തളരാതെ അതിശക്തമായി ഉറച്ചുനില്‍ക്കുന്ന ആയിരകണക്കിന് പി.ഡി.പി. പ്രവര്‍ത്തകരെ മതേതരജനാധിപത്യമൂല്യങ്ങളുടെ സംരക്ഷകരായി മുന്നോട്ടുകൊണ്ടുപോകാന്‍ അവരുടെ നായകനും സേവകനുമായി അവരോടൊപ്പമെപ്പഴുമുണ്ടാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.


തീവ്രവാദത്തിന്റെ മുദ്രചാര്‍ത്തപ്പെട്ട്, ഒരു തെറ്റും ചെയ്യാതെ എന്റെ ജീവിതം മുഴുവന്‍ മാറാരോഗങ്ങളോട് മല്ലടിച്ച് കാരിരുമ്പഴിക്കുള്ളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പ്രഥമ പൗരനും കരുത്തനായ പ്രസിഡന്റും എന്ന നിലയില്‍ എനിക്ക് അങ്ങയോട് ആവര്‍ത്തിച്ച് അപേക്ഷിക്കാനുള്ള ഒരു കാര്യം ഇതാണ്. ''ഈ രാജ്യത്തെ ഏറ്റവും പ്രഗത്ഭരും സത്യസന്ധരുമായ ഉദ്യോഗസ്ഥന്മാരുടെ ചുമതലയില്‍ ഒരു അന്വേഷണസംഘത്തെ അങ്ങ് തീരുമാനിക്കുക. എനിക്ക് ഇന്ത്യയിലോ പുറത്തോ ഉള്ള ഏതെങ്കിലും തീവ്രവാദികളുമായ വ്യക്തികളുമായോ സംഘടനകളുമായോ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും ബന്ധമുണ്ടോ എന്നും, രാജ്യത്ത് നടന്ന ഏതെങ്കിലും സ്‌ഫോടനങ്ങളിലോ മറ്റ് രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലോ എനിക്ക് ഏതെങ്കിലും രീതിയില്‍ ബന്ധമുണ്ടോ എന്നും അവര്‍ വിശദമായി അന്വേഷിക്കട്ടെ. രാജ്യദ്രോഹത്തിന്റെയോ തീവ്രവാദപ്രവര്‍ത്തനങ്ങളുടെയോ ഒരു നേരിയ കണിക എങ്കിലും എന്നില്‍ കണ്ടെത്തിയാല്‍ പിന്നീട് വിശദമായ ചര്‍ച്ചക്കൊന്നും നില്‍ക്കാതെ എത്രയും വേഗം എന്നെ തൂക്കികൊന്നുകൊള്ളട്ടെ !

അങ്ങ് നിശ്ചയിക്കുന്ന പ്രഗത്ഭരായ ഉദ്യോഗസ്ഥന്മാരുടെ സത്യസന്ധമായ അന്വേഷണത്തില്‍ ഞാന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ ഇനിയെങ്കിലും ഈ തീവ്രവാദമുദ്രയില്‍ നിന്ന് മോചിതനായി എന്നെ ജീവിക്കുവാന്‍ അനുവദിക്കുക.വിചാരണയുടെ പേരിലുള്ള പീഢനങ്ങളും കള്ളത്തരം നിറഞ്ഞ മീഡിയ ട്രയലും അവസ്സാനിപ്പിക്കുക.നിരന്തരമായ നികൃഷ്ടമാധ്യമവിചാരണകള്‍ അനുഭവിച്ചും തീവ്ര-ഭീകരവാദ മുദ്രകള്‍ പേറിയും എന്നെയും ഒരു കുടുംബത്തെയും ഒരു സമൂഹത്തെയും ഒരു മതവിഭാഗത്തെതന്നെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിച്ചുള്ള ഈ ജീവിതത്തേക്കാള്‍ ആയിരം വട്ടം ഞാന്‍ ആഗ്രഹിക്കുന്നത് ഒരു ചൈതന്യവത്തായ മരണമാണ്. അതിനുള്ള അവസരം സൃഷ്ടിക്കാനെങ്കിലും ഇന്ത്യന്‍ പ്രസിഡന്റ് എന്ന നിലയില്‍ അങ്ങേയ്ക്ക് കഴിഞ്ഞാല്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.

Most Respect His Excellency,
 
കാരാഗൃഹത്തിന്റെ ഇരുളിലിരുന്ന് കൊണ്ട് 75 ശതമാനത്തിലധികം അന്ധതയോടും നിരവധിരോഗങ്ങളുടെ വേദനങ്ങളോടും കൂടി ഒരു മാസത്തിലധികം സമയമെടുത്ത് ഞാന്‍ അങ്ങേയ്ക്ക് എഴുതിതീര്‍ത്ത ഈ കത്ത് നിര്‍ത്തുമ്പോള്‍ മുമ്പ് ഞാന്‍ സൂചിപ്പിച്ച ഒരു കാര്യം ഒന്നുകൂടി ഉണര്‍ത്തുകയാണ്. എനിക്ക് യാതൊരു ബന്ധവും ഇല്ലാത്ത ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തി വിശുദ്ധ റംസാന്‍ മാസത്തില്‍ നോമ്പാചരിക്കവേ എന്നെ അറസ്റ്റ് ചെയ്തുകൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങി എന്നെ ബാംഗ്ലൂര്‍ മടിവാളയിലെ ഇന്റൊറേഗേഷന്‍ സെന്ററില്‍ വെച്ചിരിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാ ഏജന്‍സികളുടെയും ഉദ്യോഗസ്ഥരോട് ഞാന്‍ ചോദിച്ചിരുന്നു. എനിക്കുള്ള കൊച്ചുകൊച്ചുകഴിവുകളും വൈഭവങ്ങളും ഉപയോഗിച്ച് വഴിതെറ്റിപ്പോകുന്ന മുസ്ലിം യുവാക്കളെ നേര്‍വഴിയിലേക്ക് നയിക്കാനും അവരെ നാടിനും സമുദായത്തിനും ഉപയോഗമുള്ളവരാക്കി മാറ്റാനും എനിക്ക് ശ്രമിക്കാന്‍ കഴിയും. അതിനായി നിങ്ങള്‍ക്ക് എന്നെ ഉപയോഗപ്പെടുത്തിക്കൂടെ എന്ന്.

പക്ഷേ അവരില്‍ നിന്ന് അനുകൂലമായ യാതൊരു മറുപടിയും ഉണ്ടായില്ല. അത്തരത്തിലുള്ള ഒരു സേവനത്തിന് എന്നെ ഫലപ്പെടുത്തിയില്‍ പലര്‍ക്കും മെഡലുകളും അവാര്‍ഡുകളും കിട്ടുന്നതിന് ഞാന്‍ ഒരു കാരണക്കാരനാവില്ല എന്ന് വരാമെന്നതുകൊണ്ടാവും അത്. 

'
മുസ്ലിം തീവ്രവാദത്തിന്റെ' സ്ഥിരം പ്രതീകമായി പ്രചരിപ്പിക്കുന്ന താടിയും തൊപ്പിയും എല്ലാം ഉള്ള ഒരു ലക്ഷണമൊത്ത തീവ്രവാദിയായി എന്നെ അവതരിപ്പിക്കുന്നതിലാണ് പലര്‍ക്കും താല്പര്യം. 'തീവ്രവാദക്കേസില്‍' അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് തൊപ്പിയില്ലെങ്കില്‍ അവരെ നിര്‍ബന്ധിച്ച് തൊപ്പിയിടുവിക്കുന്ന പോലീസ് ബുദ്ധിയുടെ ഉദാഹരണം ബാംഗ്ലൂരില്‍ കൊടും തീവ്രവാദിയായിഅറസ്റ്റ് ചെയ്ത് മാസങ്ങളോളം ബാംഗ്ലൂര്‍ പോലീസും മാധ്യമങ്ങളും കൊട്ടിഘോഷിച്ച അവസാനം എന്‍.ഐ.എ. അന്വേഷണ ശേഷം യാതൊരു കുറ്റവും ചുമത്താന്‍ കഴിയാതെ വിട്ടയക്കുകയും ചെയ്ത ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞനോടൊപ്പം വിട്ടയച്ച ഡെക്കാണ്‍ ഹെറാള്‍ഡ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മുതീഉര്‍ റഹ്മാന്‍ സിദ്ദീഖിയുടെ വാക്കുകള്‍ ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തതിലേക്ക് അങ്ങയുടെ ശ്രദ്ധ ഞാന്‍ ക്ഷണിക്കുന്നു.

“'He also alleged that the Hydrabad police, who assisted the Bangalore Police during the arrests forced the accused to wear Islamic Skullcaps before taking them out of the house where they were arrested” (The Hindu, dt 20-02-2013) Paper cutting attached.

തീവ്രവാദിയാണെങ്കില്‍ തൊപ്പി ഉണ്ടാകണം. തൊപ്പി ഉണ്ടായാല്‍ തീവ്രവാദിയാകും എന്ന സിദ്ധാന്തമാണ് ചില ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതും.

''
എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ല. പക്ഷേ എല്ലാ തീവ്രവാദികളും മുസ്ലീങ്ങള്‍ ആണ്'' എന്ന അമേരിക്കന്‍ പ്രസിഡന്റ് ബുഷ് രണ്ടാമന്റെ സിദ്ധാന്തവും ഇന്ത്യയിലെ പല ഏജന്‍സികളും വേദവാക്യമായി കാണുന്നു.

Most Respected Sir,
 
അങ്ങും ഇന്ത്യയും ആദരിക്കുന്ന മൗലാനാ അബുള്‍ കലാം ആസാദും, മൗലാനാ മുഹമ്മദാലിയും ഡോ.സക്കീര്‍ ഹുസൈനുമൊക്കെ മുസ്ലിം വേഷമായ തൊപ്പി ധരിച്ചവരായിരുന്നു. ഇന്ന് തീവ്രവാദക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യപ്പെടുന്നവരോട് പോലീസ് നിര്‍ബന്ധിച്ച് മുസ്ലിം വേഷമായ തൊപ്പി ധരിപ്പിക്കുന്നു!

പോലീസിന് ഏറ്റവും ഇഷ്ടപ്പെട്ട തീവ്രവാദവേഷമായതൊപ്പിയും താടിയുമൊക്കെയുള്ള എന്നെ ഒറ്റക്കാലില്‍ ഒരു വീല്‍ ചെയറില്‍ ഇരുത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊണ്ടുനടക്കുകയും നിരന്തരം കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് തങ്ങളുടെ തീവ്രവാദവിരുദ്ധയുദ്ധത്തിന്എരിവ് പകരുകയും ചെയ്യുമ്പോള്‍ നിരപരാധിയാണെന്ന് ലക്ഷക്കണക്കിനാളുകള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ മത-മനുഷ്യാവകാശരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നാനാജാതി മതസ്ഥരായ നിരവധിപേരുടെ പിന്തുണയുള്ള നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഒറ്റക്കാലില്‍ ജീവിക്കുന്ന ഒരാളെ നിരന്തരം ക്രൂരമായി പീഡിപ്പിച്ചുകൊണ്ട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാകില്ലായെന്ന് അങ്ങയെപ്പോലെ പ്രഗത്ഭനും പരിണതപ്രജ്ഞനുമായ ഒരു വ്യക്തിയെ ആരും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ? 

നിരവധി കാരണങ്ങളാല്‍ നമ്മുടെ രാജ്യത്ത് ചുരുക്കം ചില മുസ്ലിം യുവാക്കള്‍ തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നുണ്ടെന്നുള്ളത് ശരിയാണ്. അവര്‍ എതിര്‍ക്കപ്പെടേണ്ടവരും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരപ്പെടേണ്ടവരുമാണെന്നതില്‍ യാതൊരു സംശയവുമില്ല.കൂടുതല്‍ ആളുകള്‍ ഇത്തരം വഴിയിലേക്ക് പോകാതെ തടയപ്പെടേണ്ടതുമാണ്. പക്ഷേ രാജ്യത്തെ മുസ്ലിം സമുദായത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ ഇതു കഴിയൂ എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല.

ബാംഗ്ലൂരില്‍ 2008-ല്‍ നടന്ന ഒരു സ്ത്രീ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടക്കേസ് തികച്ചും അപലപനീയമവും ദേശവിരുദ്ധവുമായ കാര്യമാണ്.

Most Respected Sir,
ഞാന്‍ ഉറച്ച് വിശ്വസിക്കുന്നതും അന്തിമമായി പ്രതീക്ഷ അര്‍പ്പിക്കുന്നതും സര്‍വ്വശക്തനായ ദൈവത്തിലാണ്. ആ ദൈവത്തെ സാക്ഷിയാക്കി ആയിരം പ്രാവശ്യം ഞാന്‍ പറയുന്നു. ബാംഗ്ലൂര്‍ സംഭവത്തെപ്പറ്റി മനസാ വാചാ കര്‍മ്മണാ എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ ഈ കേസില്‍ പൂര്‍ണ്ണനിരപരാധിയാണ്. മലപ്പുറം ജില്ലാക്കാരനായ അനാഥബാലന്‍ സക്കറിയാ ഉള്‍പ്പെടെ നിരപരാധികളെയും ഈ കേസില്‍ പെടുത്തി ജയിലില്‍ അടച്ചിട്ടുണ്ട്. ജയില്‍ വാസത്തിന്റെ എല്ലാ പീഡനങ്ങളോടുമൊപ്പം ക്രൂരമായ മാധ്യമവിചാരണയും നേരിട്ട് കഠിനമായ മാനസിക വേദനയനുഭവിച്ചുകൊണ്ടിരിക്കുന്ന എന്റെയും മറ്റു നിരപരാധികളുടെയും കാര്യത്തില്‍ നീതി ലഭ്യമാക്കുവാന്‍ അങ്ങയുടെ ഭാഗത്തുനിന്നുള്ള ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.നിരപരാധിത്വം തെളിയിക്കാനും നീതിക്ക് വേണ്ടി നടത്തിയ എല്ലാ പോരാട്ടങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന വേളയില്‍ നീതിയുടെ ഒരു ചെറുകിരണമെങ്കിലും ഇന്ത്യയുടെ ആദരണീയനായ പ്രസിഡന്റില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഞാന്‍ ഈ കത്ത് അവസ്സാനിപ്പിക്കുന്നു

എന്ന്

അബ്ദുന്നാസര്‍ മഅ്ദനി
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍
ബാംഗ്ലൂര്‍

ഈ കത്തിന്റെ കോപ്പി മന്‍മോഹന്‍ സിംഗ്, സുഷീല്‍കുമാര്‍ ഷിന്‍ഡേ, എ കെ ആന്റണി, കപില്‍സിബല്‍, റഹ്മാന്‍ ഖാന്‍,ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍,ജസ്റ്റീസ് മാര്‍കേണ്ടയ കഡ്ജു,ചീഫ് ജസ്റ്റീസ് ഓഫ് കര്‍ണ്ണാടക,കര്‍ണ്ണാടക ഗവര്‍ണ്ണര്‍,വിചാപണ കോടതി ജഡ്ജി മറ്റ് മന്ത്രിമാര്‍ എം പി മാര്‍ എംല്‍ എ മാര്‍ വിവിധ അന്വഷണ എജന്‍സി തലവന്‍മാര്‍ തുടങ്ങിയവര്‍ക്ക് അയച്ചിട്ടുണ്ട്


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites