5/19/2013


From

Abdul Nasir Maudany
Under Trial Prisoner (No. 8362)
Central Prison
Parappara Agrahara
Bangalore

To

His Excellancy Rashtrapathi Pranab Mukherji
President of India
Rashtrapathi Bhavan
New Delhi - 110 00

Most Respected Sir,

ഞാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി, 48 വയസ്സ്, എസ്. സി. 1478-86/2010 എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലെ അന്തേവാസിയാണ്. കേരളത്തിലെ വിവിധ ജാതിമതവിശ്വാസികളായ ആയിരകണക്കിന് ആളുകള്‍ അംഗങ്ങളായുള്ളതും ഇന്ത്യന്‍ ഭരണഘടനക്ക് നൂറുശതമാനം വിധേയമായും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിച്ചുവരുന്നതുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപനകനും ചെയര്‍മാനുമാകുന്നു. സമൂഹത്തിലെ നൂറുകണക്കിന് അവശരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി പ്രൈമറി തലം മുതല്‍ പി.ജി. വരെ അക്കാദമിക് വിദ്യാഭ്യാസവും ഒപ്പം മതവിദ്യാഭ്യാസവും നല്‍കി രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്നവരായി അവരെ മാറ്റിയെടുത്തുകൊണ്ട് 27 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്‍വാര്‍ശ്ശേരി അല്‍-അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഒരു സാമൂഹ്യപ്രവര്‍ത്തകനും സര്‍വ്വോപരി അങ്ങ് പ്രഥമപൗരനായുള്ള ഈ രാജ്യത്തെ ഒരു പൗരനുമാണ് ഞാന്‍.

പതിറ്റാണ്ടുകളായി അകാരണമായി നിരന്തര പീഢനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായ ഞാന്‍ ഇപ്പോള്‍ വളരെ കൂടുതല്‍ ശാരീരികബുദ്ധിമുട്ടുകളും മാനസികവേദനയും അഭിമാനക്ഷതവും അനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യയുടെ അമരക്കാരനും പ്രഥമപൗരനുമായ അങ്ങേയ്ക്ക് ഈ കത്തെഴുതുന്നത്.

Most Respected Sir,

1998
മാര്‍ച്ച് 31-ന് കോയമ്പത്തൂര്‍ സ്‌ഫോടനകേസിന്റെ പേരില്‍ എന്നെ എറണാകുളത്തെ എന്റെ വസതിയില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്യുകയും തമിഴ്‌നാട്ടിലെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. 1992 ആഗസ്റ്റ് 6-ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ വലതുകാല്‍മുട്ടിന് താഴ്ഭാഗത്ത് വെച്ച് മുറിച്ച് മാറ്റപ്പെട്ട് ഒറ്റക്കാലില്‍ ജീവിക്കുന്ന എന്നെ നീണ്ട ഒന്‍പതര വര്‍ഷമാണ് ജയിലില്‍ അടച്ചിരുന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ 100 കിലോയിലധികം ശരീരഭാരമുണ്ടായിരുന്ന ഞാന്‍ ജയില്‍ ജീവിതത്തിന്റെ പീഢനങ്ങള്‍ കാരണം നിരവധി രോഗങ്ങള്‍ക്കടിമപ്പെടുകയും അര്‍ഹമായ യാതൊരു ചികിത്സയും ലഭിക്കാതെ എന്റെ ശരീരഭാഗം 48 കിലോയായി കുറയുകയും ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. നീണ്ട ഒന്‍പതര വര്‍ഷത്തെ പീഢനങ്ങള്‍ക്ക് ശേഷം 2007 ആഗസ്റ്റ് 1-ാം തീയതി കോയമ്പത്തൂര്‍ Special Court for Bomb Blast Cases എന്നെ പരിപൂര്‍ണ്ണ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് വെറുതെ വിടുകയും ചെയ്തു.

എന്നെ വെറുതെ വിട്ട കോടതി വിധി തികച്ചും ശരിയാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന തമിഴ്‌നാട് ഗവണ്‍മെന്റ് വിധിക്കെതിരെ അപ്പീല്‍ പോയില്ല. പക്ഷേ കോയമ്പത്തൂര്‍ സ്വദേശികളായ ഏതാനും വ്യക്തികള്‍ ബി.ജെ.പി.യുടെ സഹായത്തോടും പിന്തുണയോടുംകൂടി എന്നെ വെറുതെവിട്ട വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. മദ്രാസ് ഹൈക്കോടതി അപ്പീല്‍ തള്ളി എന്നെ വെറുതെവിട്ട വിധി അംഗീകരിച്ചുകൊണ്ടും ഞാന്‍ നിരപരാധിയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. 

കേരളത്തില്‍ എറണാകുളത്ത് കലൂരില്‍ എന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും താമസിച്ചിരുന്ന വീട് വരെ വിറ്റും നിരവധി നല്ലയാളുകളുടെ സഹായത്തോടും കൂടി കേസ് നടത്തി നിരപരാധിത്വം തെളിയിച്ച് ആരോഗ്യവും കിടപ്പാടവും എല്ലാം നഷ്ടപ്പെട്ട് ജയില്‍ മോചിതനായ ഞാന്‍ ഒന്‍പതര വര്‍ഷം വിധവയെപ്പോലെ ജീവിച്ച എന്റെ ഭാര്യക്കും അനാഥരെപോലെ ജീവിച്ച എന്റെ പിഞ്ചുമക്കള്‍ക്കും വൃദ്ധരായ എന്റെ മാതാപിതാക്കള്‍ക്കും ഒരല്പം സമാധാനം പകര്‍ന്നുകൊണ്ട് അവരോടൊപ്പം ജീവിച്ചുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ-മത-സാമൂഹ്യരംഗങ്ങളില്‍ കഴിയുന്ന സേവനം ചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴാണ് 2010 ആഗസ്റ്റ് 17-ന് ബാംഗ്ലൂര്‍ പോലീസ് എന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ 3 വര്‍ഷത്തോളമായി അകാരണമായി ബാംഗ്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. Coronary Artery Disease Insulin Dependent Diabetes, Diabetic Neuropathy, Cervical Spondylosis, Lumbar Disc Prolapse, Hypertension Prostatomegal, Neurogenic bladder, Allergic Rhinitis, Peptic Ulcer തുടങ്ങിയ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞാന്‍ ദിവസവും 20 തരം ഗുളികകളും 4 പ്രാവശ്യം ഇന്‍സുലിന്‍ ഇന്‍ജക്ഷനും എടുത്തുകൊണ്ടിരിക്കുകയാണ്.

ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ കാഴ്ചശക്തിക്ക് യാതൊരു തകരാറും ഇല്ലാതിരുന്ന എനിക്ക് 3 വര്‍ഷത്തോളമാകുന്ന ജയില്‍ വാസം എന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും ഇടതുകണ്ണിന്റെ കാഴ്ചശക്തി 75 ശതമാനവും നഷ്ടപ്പെട്ടുകഴിഞ്ഞു.

എന്നെ ബാംഗ്ലൂര്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ അടുത്തദിവസം മുതല്‍ തന്നെ എന്റെ കുടുംബവും എനിക്ക് നീതി ലഭ്യമാക്കുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Justice for Madany Forum വും മുന്‍കൈയെടുത്ത് എനിക്ക് വേണ്ടി നിയമപോരാട്ടങ്ങള്‍ ആരംഭിച്ചു.

ബാംഗ്ലൂര്‍ സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷകള്‍ തള്ളി.

ബോംബ് ബ്ലാസ്റ്റ് എന്നും തീവ്രവാദക്കേസ് എന്നും കേള്‍ക്കുമ്പോള്‍ തന്നെ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത് നിരപരാധിയാണോ കുറ്റവാളിയാണോ എന്നൊന്നും കേള്‍ക്കാന്‍ പോലും തയ്യാറാകാതെ മുന്‍വിധിയോടുകൂടി മാത്രം കേസിനെ എടുക്കുകയും വിധിപറയുകയൂം ചെയ്യുന്ന നമ്മുടെ ജൂഡീഷ്യല്‍ സംവിധാനത്തിന്റെ ബലിയാടാണ് ഞാന്‍.

ജാമ്യാപേക്ഷ കര്‍ണ്ണാടകയിലെ കോടതികള്‍ തള്ളിയതിന് ശേഷം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ എന്റെ ജാമ്യാപേക്ഷ ആദ്യം എത്തിയ ബെഞ്ചില്‍ ''പോലീസ് ഇങ്ങനെ ഒരു കേസ് എടുത്തതില്‍ സംശയവും അത്ഭുതവും തോന്നുന്നു എന്ന്'' പറഞ്ഞ് ഹോണറബിള്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എനിക്ക് ജാമ്യം തരാന്‍ തയ്യാറായപ്പോള്‍ അതേബെഞ്ചിലെ ഹോണറബില്‍ ജസ്റ്റിസ് ജ്ഞാന്‍സുധാമിശ്ര ജാമ്യം നല്‍കുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തുകയും ജഡ്ജിമാരുടെ ഇടയിലെ അഭിപ്രായവ്യത്യാസം കാരണം ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

കേസ് നിരവധി ഹിയറിങ്ങ് തീയതികള്‍ മാറ്റിമാറ്റിവച്ച് ദീര്‍ഘകാലം നീണ്ടുപോയതിന് ശേഷം അവസാനം ഹോണറബിള്‍ ജസ്റ്റിസ് ജെ എം പഞ്ചാല്‍ ഹോണറബിള്‍ ജസ്റ്റിസ് എച്ച് ആര്‍ ഗോഖലെ എന്നിവരുടെ ബെഞ്ചില്‍ കേസ് വന്നു. എന്റെ അഡ്വക്കേറ്റിന്റെ വാദം കേട്ടപ്പോള്‍ ''ഈ കേസില്‍ കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്'' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കേസ് സമ്മര്‍ വെക്കേഷന് ശേഷം 'വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റിവെച്ചു. 

അവസാനം എന്റെ ജാമ്യാപേക്ഷ ഏകദേശം ഒരു വര്‍ഷത്തോളം സുപ്രീം കോടതിയിലെ വിവിധ ബെഞ്ചുകളില്‍ മാറിമാറി വന്നശേഷം അവസാനം മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വന്നു. എന്റെ അഡ്വക്കേറ്റുമാരായ സീനിയര്‍ അഡ്വ. ശ്രീ. സുശീല്‍കുമാര്‍, ശ്രീ ജവഹര്‍ ലാല്‍ ഗുപ്ത എന്നിവര്‍ കോടതിയില്‍ എഴുന്നേറ്റുനിന്നപ്പോള്‍ തന്നെ യാതൊരു വാദവും കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ''ഈ കേസില്‍ ജാമ്യം തരാന്‍ ഉദ്ദേശിക്കുന്നില്ല. ചികിത്സയുടെയോ മറ്റോ കാര്യം ഉണ്ടെങ്കില്‍ പറയുക'' എന്ന് പറഞ്ഞുകൊണ്ട് അപ്പോള്‍ തന്നെ ജാമ്യാപേക്ഷ തള്ളുകയുമാണുണ്ടായത്. 

Most Respected His Excellancy,
നിരപരാധിയായ ഒരാളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുക, ജാമ്യത്തിന് വേണ്ടി സമീപിക്കുന്ന സെഷന്‍സ് കോടതിയും ഹൈക്കോടതിയും പ്രോസിക്യൂഷന്‍ പറയുന്നത് മാത്രം സ്വീകരിച്ച് ജാമ്യം തള്ളുക, ശേഷം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സമീപിക്കുകയും ജാമ്യാപേക്ഷ പരിഗണനക്ക് വന്ന ബെഞ്ചിലെ ഒരു ജഡ്ജി ഈ കേസ് ജാമ്യം നല്‍കാന്‍ തികച്ചും അര്‍ഹമായ കേസ് ആണെന്ന് പറയുകയും മറ്റൊരു ജഡ്ജി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യുക, ശേഷം മറ്റൊരു ബെഞ്ചില്‍ വരിക അപ്പോള്‍ വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റി വെക്കുക, വീണ്ടും മാസങ്ങള്‍ക്കു ശേഷം മറ്റൊരു ബെഞ്ചില്‍ വരിക ആ ബെഞ്ച് ''നിങ്ങള്‍ ഒന്നും വാദിക്കേണ്ട. ജാമ്യം തരില്ല'' എന്ന് അഡ്വക്കേറ്റുമാര്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ പ്രഖ്യാപിക്കുക, ഒരു നിരപരാധിയും കഠിനരോഗങ്ങള്‍ക്ക് വലയുന്നവുമായ ഒരു ഇന്ത്യന്‍ പൗരന്‍ നീതിക്കുവേണ്ടി ഒരു ജാമ്യാപേക്ഷയുമായി ഒരു വര്‍ഷത്തോളം സുപ്രീം കോടതിയില്‍ കറങ്ങേണ്ടിവരികയും ഓരോ അവധിക്കും ഹാജരാകുന്ന വക്കീലുമാര്‍ക്കുവേണ്ടി കടം വാങ്ങിയും ജനങ്ങളില്‍ നിന്ന് പിരിവെടുത്തും ലക്ഷകണക്കിന് രൂപ ഫീസ് കൊടുക്കുകയും അവസാനം ജാമ്യത്തെപ്പറ്റി സംസാരിക്കുകയേ വേണ്ട എന്ന് പറഞ്ഞ് ജാമ്യാപേക്ഷ തള്ളുകയും ചെയ്യുക എന്നത് എത്രത്തോളം വേദനാജനകമാണ്


ഒരു ഇന്ത്യന്‍ പൗരന്‍ അനുഭവിക്കേണ്ടിവരുന്ന ഈ ദുരവസ്ഥ ഈ രാജ്യത്തിന്റെ പ്രഥമപൗരനും രാഷ്ട്രപതിയുമായ അങ്ങ് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീണ്ട ഒന്‍പതര വര്‍ഷം തമിഴ്‌നാട്ടിലെ ജയിലുകളില്‍ അടക്കപ്പെട്ട എനിക്കെതിരെ ഒരൊറ്റ സാക്ഷിയേയോ,മെറ്റീരിയല്‍ എവിഡന്‍സ് ആയി ഒരു കഷണം പേപ്പര്‍ എങ്കിലുമോ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ അവസാനം പൂര്‍ണ്ണ നിരപരാധിയാണെന്ന് ട്രയല്‍ കോര്‍ട്ടും ഹൈക്കോടതിയും എല്ലാം പ്രഖ്യാപിച്ച് പുറത്തുവന്ന എനിക്ക് എന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ ഒരു പതിറ്റാണ്ടാണ്.

തകര്‍ന്നുപോയ എന്റെ ആരോഗ്യത്തിനും വിധയവെപ്പോലെ നിരവധി പ്രയാസങ്ങളും സാമ്പത്തിക പരാധീനതകളും സഹിച്ച് ഒരു പതിറ്റാണ്ട് ജീവിച്ച എന്റെ ഭാര്യക്കും ജയിലിലേക്ക് പിടിച്ചുകൊണ്ടു പോകുമ്പോള്‍ 3 വയസ്സുണ്ടായിരുന്ന എന്റെ മൂത്തമകനും 6 മാസം പ്രായമുണ്ടായിരുന്ന ഇളയമകനും നഷ്ടപ്പെട്ടുപോയ പിതാവിന്റെ സ്‌നേഹത്തിനും പകരം ഒരു സോറിപോലും പറയാന്‍ നമ്മുടെ ഒരു രാജ്യത്തെ ഒരു സംവിധാനത്തിനും കഴിഞ്ഞിട്ടില്ല എന്നത് എത്രത്തോളം പ്രായസകരമായിരുന്നു.  

1998
മാര്‍ച്ച് മുതല്‍ ഒന്‍പതര വര്‍ഷം അകാരണമായി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ പേര് പറഞ്ഞ് ജയിലില്‍ അടയ്ക്കപ്പെട്ട ഞാന്‍ 2009 ആഗസ്റ്റില്‍ ജയില്‍ മോചിതനായി കഴിഞ്ഞ് വീണ്ടും 2010 ആഗസ്റ്റില്‍ മറ്റൊരു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് ബാംഗ്ലൂരില്‍ ഒരാള്‍ കൊല്ലപ്പെടുന്നതിന് കാരണമായ മറ്റൊരു സ്‌ഫോടന കേസിന്റെ പേരു പറഞ്ഞായിരുന്നു.യഥാര്‍ത്ഥത്തില്‍ ഇങ്ങനെ നിരവധി കള്ളക്കേസുകള്‍ കുടുക്കി ജയിലില്‍ അടച്ചു പീഡിപ്പിക്കുന്നതിന് വേണ്ടി ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.

1966
ജനുവരി 18-ന് കേരളത്തിലെ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി വില്ലേജില്‍ തോട്ടുവ മന്‍സിലില്‍ സ്‌കൂള്‍ അദ്ധ്യാപകനായ അബ്ദുസ്സമദ് മാസ്റ്ററുടെയും ഒരു ഹൗസ് വൈഫ് ആയ അസുമാ ബീവിയുടെയും മകനായിട്ടാണ് ഞാന്‍ ജനിച്ചത്. 

എന്റെ പിതാവ് സ്‌കൂള്‍ ഹെഡ് മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അബൂബക്കര്‍ മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. എന്റെ പിതാവിന്റെ 2 സഹോദരിമാരും ഒരു സഹോദരനും സ്‌കൂള്‍ അദ്ധ്യാപകരായിരുന്നു. എന്റെ 4 സഹോദരന്മാരും ഒരു സഹോദരിയും സ്‌കൂള്‍ അദ്ധ്യാപകരാണ്. എന്റെ കുടുംബാംഗങ്ങളിലോ സഹോദരന്മാരിലോ ഏതെങ്കിലും ഒരാളുടെ പേരിലും ഇന്നുവരെ ഏതെങ്കിലും ഒരു തീവ്രവാദക്കേസോ അക്രമക്കേസോ ചുമത്തപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടില്ല. കറകളഞ്ഞ രാജ്യസ്‌നേഹത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും വിജ്ഞാനപ്രചാരണത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ഉന്നതപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍.

എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആരെയെങ്കിലും കൊലപ്പെടുത്തിയെന്നോ, ആക്രമിച്ചെന്നോ അതിന് പ്രേരിപ്പിച്ചെന്നോ ഏതെങ്കിലും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നോ ഉള്ള യാതൊരു കേസും ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിലോ എന്റെ സംസ്ഥാനമായ കേരളത്തിലോ എന്റെ മേല്‍ ചുമത്തപ്പെട്ടിട്ടില്ല.

എന്നെ നിരന്തരമായി കള്ളക്കേസില്‍ കുടുക്കുന്നവര്‍ക്കും തീവ്രവാദത്തിന്റെ മേലങ്കി ചുമത്തി കല്ലെറിയുന്നവര്‍ക്കുമെല്ലാം എന്റെ മേല്‍പറയുവാന്‍ കഴിയുന്ന ഒരേയൊരു ആരോപണം 1990-92 കാലഘട്ടത്തില്‍ എനിക്ക് 25 വയസ്സുള്ളപ്പോള്‍ ഇസ്ലാമിക് സര്‍വ്വീസസ് സൊസൈറ്റി (ഐ.എസ്.എസ്) എന്ന ഒരു സംഘടന രൂപീകരിച്ച് ഞാന്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പേരില്‍ 153 (എ) വകുപ്പനുസരിച്ച് കേരളത്തിലെ ചില കേസുകള്‍ എന്റെ മേല്‍ ചുമത്തപ്പെടുകയും ചെയ്ത ഒരേയൊരു കാര്യം മാത്രമാണ്.

ബാബരി മസ്ജിദ് തകര്‍ക്കുവാനുള്ള ചില സംഘടനകളുടെ ശ്രമവും അതിനോടനുബന്ധപ്പെട്ട് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപങ്ങളും മറ്റും ശക്തമായി ഞാന്‍ കേരളീയ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ''എന്റെ അന്നത്തെ പ്രസംഗങ്ങള്‍ ഒട്ടുമിക്കതും സംഘപരിവാറിനെ ആശയപരമായി വിമര്‍ശിക്കുന്നതും അവരുടെ ചില നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതും ആയിരുന്നു. പക്ഷേ എന്റെ പ്രസംഗങ്ങള്‍ ഒരിക്കലും ഹിന്ദുമതത്തെയോ ഹിന്ദുവിശ്വാസങ്ങളെയോ അവരുടെ ആരാധനാപുരുഷന്മാരെയോ ആക്ഷേപിക്കുന്നതു ആയിരുന്നില്ല. അക്കാലത്തെ എന്റെ പ്രസംഗയാത്രകളില്‍ മുഴുവന്‍ വണ്ടിയുടെ ഡ്രൈവര്‍ ജയന്‍ എന്ന ഹിന്ദുമതത്തിലെ നായര്‍ ജാതിക്കാരനായ യുവാവ് ആയിരുന്നു. 

ഇന്ത്യയിലെ മുസ്ലിം സമുദായവും മതനേതാക്കളും വളരെയധികം വേദനിച്ചതും മുസ്ലിങ്ങള്‍ വളരെയധികം പ്രതിഷേധത്തിലായിരുന്നതുമായ സമയമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയം. ഈ സമയത്തെ എന്റെ പ്രസംഗങ്ങളുടെ സി.ഡി.കള്‍ ഇന്നും കേരളത്തിലെ സി.ഡി. മാര്‍ക്കറ്റുകളില്‍ സുലഭമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിട്ടുള്ള ആ പ്രസംഗങ്ങളില്‍ പോലും ഞാന്‍ പറഞ്ഞിട്ടുള്ളത് ''ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തെയും നാം ആക്രമിക്കുകയോ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ഒരു പിടിമണ്ണ് പോലും വാരിമാറ്റുകയോ ചെയ്യരുത്'' എന്നായിരുന്നു

എന്റെ ചില പ്രസംഗങ്ങളുടെ പേരില്‍ അന്ന് ചുമത്തപ്പെട്ട കേസുകളില്‍ 7 കേസുകള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ആയിരുന്നു. ആ കേസുകള്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷന്‍ സ്വീകരിച്ചുകൊണ്ട് 7 കേസുകള്‍ ഡിസ്ചാര്‍ജ് ചെയ്തുകൊണ്ട് കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീ. ദിലീപ് കുമാര്‍ ഓര്‍ഡറില്‍ പറഞ്ഞത് :

''
ഈ കേസുകളൊന്നും ഹിന്ദു മതത്തെയോ ഹിന്ദുക്കളുടെ വിശ്വാസത്തോയെ ആക്ഷേപിക്കുന്നതോ വിമര്‍ശിക്കുന്നതോ അല്ല. ബി.ജെ.പി., വി.എച്ച്.പി., ബജ്‌രംഗ്ദള്‍ തുടങ്ങിയ സംഘടനകളേയും അവരുടെ നേതാക്കളുടെ പ്രസംഗങ്ങളെയും മാത്രമാണ് ഈ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രസംഗം വര്‍ഗ്ഗീയ വികാരം ഇളക്കുന്ന പ്രസംഗങ്ങളായി വിലയിരുത്താന്‍ കഴിയില്ല. രാഷ്ട്രീയവിരോധം മാത്രമാണ് ഇങ്ങനെ കേസെടുത്തതിന് കാരണം എന്നാണ് മനസ്സിലാകുന്നത്. എന്നാണ്.

ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമെങ്കിലും എന്റെ പ്രസംഗങ്ങളുടെ വാക്കുകളും പ്രയോഗങ്ങളും കുറച്ച് കടുപ്പമുള്ളതായിരുന്നുവെന്ന ബോധ്യം എനിക്കുള്ളതുകൊണ്ട് പില്‍കാലത്ത് എന്റെ വീക്ഷണങ്ങളിലും കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വന്നതിനാല്‍ എന്റെ കോയമ്പത്തൂര്‍ ജയില്‍ വാസം കഴിഞ്ഞ് കേരളത്തിലെത്തിയ ഞാന്‍ എനിക്ക് നല്‍കപ്പെട്ട സ്വീകരണസമ്മേളനത്തില്‍ വളരെ വ്യക്തമായി എന്റെ അഭിപ്രായം പറഞ്ഞു. ''എന്റെ ആദ്യകാലപ്രസംഗങ്ങള്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരോടെല്ലാം ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും ഇനി ഒരിക്കലും ഒരൊറ്റ മനുഷ്യന്റെയും വികാരത്തെ വ്രണിതപ്പെടുത്തുന്നതോ ആക്ഷേപിക്കുന്നതോ ആയ ഒരു പ്‌സംഗവും ഞാന്‍ നടത്തില്ല'' എന്നും.

1992
ല്‍ ഞാന്‍ ഐ.എസ്.എസ്.ന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സംഘപരിവാറിന്റെ നയങ്ങളെയും രാജ്യത്ത് നടക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളെയും മറ്റും രൂക്ഷമായി വിമര്‍ശിച്ചുവെന്ന കാരണത്താല്‍ എനിക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയ ആര്‍.എസ്.എസ്. 1992 ആഗസ്റ്റ് 6-ന് എന്നെ ബോംബാക്രമണത്തിലൂടെ വധിക്കാന്‍ ശ്രമിക്കുകയും എനിക്കെതിരെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് എന്റെ വലതു കാലില്‍ പതിച്ച് കാലിന്റെ മുട്ടിന്റെ താഴ്ഭാഗം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ച് മുറിച്ചുമാറ്റുകയും ചെയ്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് മുഴുവന്‍ ആര്‍.എസ്.എസ്.ന്റെ പ്രധാന നേതാക്കളും പ്രവര്‍ത്തകരുമായപ്രതികളെ ആയിരുന്നു. 

എനിക്കെതിരെ ആസൂത്രിതമായ വധശ്രമമാണ് നടത്തിയത്. പക്ഷേ സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഒരു കാല്‍നഷ്ടപ്പെട്ടുവെങ്കിലും എന്റെ ജീവന് അപകടം സംഭവിപ്പിക്കാനായില്ല എന്നത് എന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു.

അവര്‍ എന്നെ എല്ലാ നിലയിലും ടാര്‍ഗറ്റ് ചെയ്യുകയും എനിക്കെതിരെ വ്യാപകമായ ദുഷ്പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയും ചെയ്തു.

എന്റെ പേരിനോടൊപ്പമുള്ള മഅ്ദനി എന്നത് പാക്കിസ്ഥാനില്‍ നിന്ന് തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന വിഷയത്തില്‍ നല്‍കപ്പെട്ട പട്ടം ആണെന്നുവരെ സംഘപരിവാര്‍ വേദികളില്‍ പ്രചരിപ്പിക്കപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കൊല്ലം ജില്ലയിലെ കോല്ലൂര്‍വിള എന്ന സ്ഥലത്തുള്ള 'മഅ്ദനുല്‍ ഉലൂം അറബിക് കോളേജില്‍' നിന്നും ഇസ്ലാമിക് പഠനത്തിലുള്ള (ഇസ്ലാമിക് റിലീജിയസ് സ്റ്റഡീസ്) ഡിഗ്രി ആണ് മഅ്ദനി എന്നത് അവര്‍ക്കും അറിയാമായിരുന്നു (ശേഷം മലപ്പുറം ജില്ലയിലെ പട്ടിക്കാട് ജാമിയ നൂരിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ മതപഠനരംഗത്തെ പോസ്റ്റ് ഗ്രാജ്വോറ്റ് കോഴ്‌സ് ആയ FAIZY കോഴ്‌സ് ഞാന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

എനിക്കെതിരെയുള്ള സംഘപരിവാറിന്റെ ശക്തമായ വ്യാജപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് 1992 ഡിസംബര്‍ 6-ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയോട് ബന്ധപ്പെട്ട് ആകൃത്യത്തില്‍ പങ്കാളികളായ ആര്‍.എസ്.എസ്., വി.എച്ച്.പി., ബജ്‌രംഗ്ദള്‍ എന്നീ സംഘടനകളെ കേന്ദ്രഗവണ്‍മെന്റ് നിരോധിച്ചപ്പോള്‍ ആ നടപടിയെ ബാലന്‍സ് ചെയ്യുവാന്‍ വേണ്ടി ജമാഅത്തെ ഇസ്ലാമി, ഐ.എസ്.എസ്. എന്നീ സംഘടനകളെകൂടി നിരോധിക്കുകയും ചെയ്തു.

''
ആര്‍.എസ്.എസ്. നെ നിരോധിച്ചാല്‍ ഐ.എസ്.എസ്. പിരിച്ചുവിടം'' എന്ന് നേരത്തെ ഞാന്‍ എന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ആര്‍.എസ്.എസ്. നെ നിരോധിക്കും എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മുമ്പ് പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ഐ.എസ്.എസ്. പിരിച്ചുവിടുകയും ചെയ്തു.

1993 ഏപ്രില്‍ 14-ാം തീയതി ഡോക്ടര്‍ ബാബാ സാഹെബ് അംബേദ്കറുടെ ജന്മദിനത്തില്‍ കേരളത്തിലെ നിരവധി ഹിന്ദു - ക്രിസ്ത്യാന്‍ - മുസ്ലിം നേതാക്കള്‍ ചേര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയും എന്നെ ആ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ പുരോഗതി പൊതുവെയും ദലിത് - പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ മുന്നേറ്റം പ്രത്യേകിച്ചും ലക്ഷ്യം വച്ചുകൊണ്ട് രൂപീകൃതമായ പി.ഡി.പി. അതിന്റെ പ്രവര്‍ത്തനകാലഘട്ടങ്ങളില്‍ ഒരിക്കലും മുസ്ലീങ്ങളുടെ മാത്രമായ ഒരു പാര്‍ട്ടി ആയി പ്രവര്‍ത്തിക്കുകയോ നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കോ സുരക്ഷിതത്വത്തിനോ കോട്ടം വരുത്തുന്ന ഏതെങ്കിലും ഒരു വാക്കോ പ്രവര്‍ത്തിയോ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയോ ചെയ്തിട്ടില്ല.

പാര്‍ട്ടി രൂപീകരണസമയത്ത് തന്നെ Mr. P.P. Wilso Ex. MLA, Mr. T.V. Vijaya Rajan Ex. MLA, Wilfrod Sebastian EX MLA കേരളത്തിലെ ഹിന്ദുമതത്തിലെ ഏറ്റവും പ്രബലവിഭാഗമായ ഈഴവസമുദായത്തിന്റെ പ്രമുഖനേതാവ് ആയിരുന്ന എസ്. സുവര്‍് ണ്ണകുമാര്‍, അഡ്വ. ദിവാകരന്‍, ഡോ. എം.വി. പ്രസാദ്, കെ.എസ്. മണി അഴീക്കോട് തുടങ്ങിയ നിരവധി ഹിന്ദു - ക്രിസ്ത്യന്‍ നേതാക്കളായിരുന്നു പാര്‍ട്ടിക്ക് നേതൃത്വം കൊടുത്തിരുന്നത് 

പി.ഡി.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ അതിശക്തമായ മുന്നേറ്റമായിരുന്നു നടത്തികൊണ്ടിരുന്നത്. കേരളത്തിലെ 2 പ്രമുഖ മുന്നണികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്.), ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എല്‍.ഡി.എഫ്.) എന്നീ മുന്നണികള്‍ക്ക് പുറത്ത് നില്‍ക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പിക്ക് പോലും ഇതുവരെ കേരളത്തില്‍ ഒരു എം.എല്‍.എ.യെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. 

എന്നാല്‍ പി.ഡി.പി. രൂപീകൃതമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ഗുരുവായൂര്‍,തിരൂരങ്ങാടി എന്നീ രണ്ട് അസംബ്ലി മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യഥാക്രമം പതിനയ്യായിരം, പതിനേഴായിരം വോട്ടുകള്‍വീതം പി.ഡി.പി. നേടുകയുണ്ടായി. 

പാര്‍ട്ടിരൂപീകരണശേഷം ഏറ്റവുമാദ്യം നടന്ന മുനിസിപ്പല്‍ - കോര്‍പ്പറേഷന്‍ - പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാനപ്പെട്ട കോര്‍പ്പറേഷനുകളായ കൊച്ചി, തിരുവനന്തപുരം, കോര്‍പ്പറേഷനുകളിലും നിരവധി മുനിസിപ്പാലിറ്റികളിലും, ഗ്രാമപഞ്ചായത്തുകളിലും പി.ഡി.പിക്ക് ജനപ്രതിനിധികള്‍ ഉണ്ടായി. 

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നിരവധി ജനറല്‍ വാര്‍ഡുകളില്‍ ദലിത് സ്ഥാനാര്‍ത്ഥികളെ എന്റെ പാര്‍ട്ടി മത്സരിപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്തു.

ബി.ജെപി.യുടെ സംസ്ഥാന ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നവര്‍ ഉള്‍പ്പെടെ പലരും പി.ഡി.പി.യിലേക്ക് വരികയും പി.ഡി.പി. ഒരു സമ്പൂര്‍ണ്ണ മതേതരപാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയും ചെയ്തു. പല ഇലക്ഷ്‌നുകളിലും കേരളത്തിലെ രണ്ടു മുന്നണികളും പി.ഡി.പി.യുമായി സഹകരിക്കുകയും അവര്‍ക്ക് അതിന്റെ നേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

ഗവണ്‍മെന്റ് നിശ്ചയിക്കുന്ന പ്രതിനിധികള്‍ ഉള്ള വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി, ഹെല്‍ത്ത് കമ്മിറ്റികള്‍ തുടങ്ങിയവയിലൊക്കെ പി.ഡി.പി.ക്ക് പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.

ഇങ്ങനെ പി.ഡി.പി.യും അതിന്റെ ചെയര്‍മാനായ ഞാനും കേരളീയ സമൂഹത്തില്‍ സ്വാധീനം ഉണ്ടാക്കുന്നുവെന്നതിനാല്‍ അതില്‍ അസ്വസ്ഥരായ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് എനിക്ക് ഒരു നിലയും യാതൊരു ബന്ധവുമില്ലാത്ത കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പെടുത്തി അറസ്റ്റ് ചെയ്യുന്നത്.

ആ കേസില്‍ ആദ്യം എന്നെ 84-ാം പ്രതിയാക്കി പിന്നീട് മാറിമാറി അവസാനം 14- ാം പ്രതിയാക്കുകയും ഞാന്‍ കോയമ്പത്തൂര്‍ കേസിലെ പ്രധാന പ്രതിയാണെന്ന് മാധ്യമങ്ങള്‍ വഴി ചില ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.

ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ആവശ്യമായ ചികിത്സപോലും നല്‍കാതെ എന്നെ ഒന്‍പതര വര്‍ഷം ജയിലിട്ട് പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുമ്പോള്‍ ജയില്‍ രേഖകള്‍ പ്രകാരം 105 കിലോ ശരീരഭാരമുണ്ടായിരുന്ന ഞാന്‍ അവസാനം 48 കിലോഭാരം മാത്രമുള്ള ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. ഞാനും എന്റെ കുടുംബവും അനുഭവിക്കേണ്ടിവന്ന പീഢനങ്ങള്‍, മാനഹാനി, സാമ്പത്തികനഷ്ടം, ആരോഗ്യതകര്‍ച്ച, എല്ലാം കഴിഞ്ഞ സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ 2007 ആഗസ്റ്റ് ഒന്നാം തീയതി പൂര്‍ണ്ണ നിരപരാധിയാണെന്ന് കോടതി വിധിയോടെ ഞാന്‍ ജയില്‍ മോചിതനായി.

2007
ആഗസ്റ്റ് ഒന്നിന് ജയില്‍ മോചിതനായ എനിക്ക് ആഗസ്റ്റ് 2-ാം തീയതി തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്ത് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കേരളത്തിലെ വിവിധ ജാതിമതവിഭാഗത്തില്‍ പെട്ട പതിനായിരങ്ങളാണ് പങ്കെടുത്തത്. കേരളത്തിലെ അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, വിദ്യാഭ്യാസ മന്ത്രി, എം.എ. ബേബി, ജലവിഭവവകുപ്പ് മന്ത്രി ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങി മന്ത്രിമാരും എം.പി.മാരും എം.എല്‍.എ.മാരും ഹിന്ദുസന്യസിമാരും ക്രിസ്ത്യന്‍ ബിഷപ്പുമാരും മുസ്ലിം നേതാക്കളുമെല്ലാം പങ്കെടുത്തു.

കേരളത്തിലെ ജനങ്ങളും ഗവണ്‍മെന്റും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളുമെല്ലാം എന്നെ കേരളത്തിന്റെ ഒരു പ്രിയപൗരനായിട്ടാണ് കാണുന്നതെന്നും കേരളീയ സമൂഹം എന്നെ ഒരു തീവ്രവാദി, രാജ്യദ്രോഹിയായോ ആയിട്ടല്ല കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്ത് എനിക്ക് നല്‍കപ്പെട്ട സ്വീകരണം.

ഞാന്‍ ഒന്‍പതരവര്‍ഷം ജയിലിലായിരുന്നപ്പോള്‍ എന്റെ മോചനത്തിന് വേണ്ടി പരിശ്രമിക്കുകയും ഞാന്‍ ജയില്‍ മോചിതനായപ്പോള്‍ എനിക്ക് ആവേശകരമായ സ്വീകരണം നല്‍കുകയും ചെയ്ത എന്റെ പ്രിയസംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ അന്ന പ്രഖ്യാപിച്ച് മൂന്ന് കാര്യങ്ങളുണ്ടായിരുന്നു. 

Most Respected President,

ഞാന്‍ അന്ന് പതിനായിരക്കണക്കിന് കേരളീയ സമൂഹത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പ്രധാനമായും ഇതായിരുന്നു.

1) 1992
ആഗസ്റ്റ് 6-ന് എന്റെ വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്ത കേസിലെ പ്രതികളായ ആര്‍.എസ്.എസ്. കാര്‍ക്ക് ഞാന്‍ മാപ്പ് കൊടുക്കുന്നു. അവര്‍ക്കെതിരെ ഞാന്‍ കോടതിയില്‍ പോയി സാക്ഷിമൊഴി നല്‍കില്ല. ഇതുവഴി ഞാന്‍ സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്താന്‍ എനിക്ക് കഴിയുന്ന ഒരു കാര്യം ചെയ്യുകയാണ്. (ഈ വാക്ക് ഞാന്‍ പാലിച്ചു. കൊല്ലം ഫാസ്റ്റ് ട്രാക് കോടതിയില്‍ എനിക്കെതിരെ നടന്ന വധശ്രമകേസ് വിചാരണക്ക് വന്നപ്പോള്‍ പ്രധാനസാക്ഷിയായി കോടതി വിസ്തരിക്കുമ്പോള്‍ പ്രതികൂട്ടില്‍ നിന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് എന്നെ ബോംബെറിഞ്ഞതും എന്റെ വലതുകാല്‍ തര്‍ത്തതെന്നും എനിക്ക് അറിയാമായിരുന്നിട്ടും ഈ പ്രതികള്‍ക്ക് ഞാന്‍ മാപ്പ് കൊടുക്കുന്നുവെന്നും ഇവര്‍ക്കെതിരെ യാതൊന്നും കോടതിയില്‍ ബോധിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും കോടതിയില്‍ ഞാന്‍ രേഖാമൂലം സ്റ്റേറ്റ്‌മെന്റ് കൊടുക്കുകയും അത്ഭുതത്തോടെ എന്റെ സ്റ്റേറ്റ്‌മെന്റ് കേട്ട ജഡ്ജ് അവസാനം എന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ വെറുതെ വിടുകയും ചെയ്തു.

2)
എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഏറ്റവും ആദ്യകാലമായ 1990-1992 കാലഘട്ടങ്ങളില്‍ ബാബരി മസ്ജിദ് സംഭവങ്ങളോട് ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും മാപ്പ് ചോദിക്കുന്നു.

3)
ഇനി എന്റെ ജീവിതത്തില്‍ ഒരിക്കലും എന്റെ ഒരു പ്രസംഗങ്ങളിലും, രാഷ്ട്രീയത്തിന്റെ പേരിലായാലും അല്ലെങ്കിലും ഞാന്‍ ആരെയും ആക്ഷേപിക്കുകയോ ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുകയും ചെയ്യില്ല.

4)
ഇനിയുള്ള എന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമെല്ലാം രാജ്യത്തിന് ദോഷം ചെയ്യുന്ന എല്ലാതരം പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നതും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടരുടെ നന്മയ്ക്കുതകുന്ന നിലയിലും അവര്‍ക്ക് സേവനം ചെയ്യുന്നതുമായിരിക്കും. മത-മാനവസൗഹൃദത്തിന് വേണ്ടി ശക്തമായി നിലകൊള്ളും.

Share

Twitter Delicious Facebook Digg Stumbleupon Favorites