5/04/2010

കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന കുട്ടിയലി മരക്കാര്‍


കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന കുട്ടിയലി മരക്കാര്‍


മുഹെമദലി മരക്കാരുടെ കീഴില്‍ നിയമിതനായിരുന്ന പ്രധാനിയായിരുന്നു കുട്ടിയലി മരക്കാര്‍ എന്ന കുഞ്ഞാലിമരക്കാര്‍ ഒന്നാമന്‍. താനൂര്‍ കേന്ദ്രമാക്കിയായിരുന്നു കുട്ടിയലിയുടെ പ്രവര്‍ത്തന മേഖല. മുഹെമദലി മരക്കാരിന്റെ കീഴില്‍ സാമൂതിരി കുട്ടിയലി മരക്കാരെ നാവിക അഡ്മിറലായി നിയമിച്ചു.


തന്റെ മുന്‍ യുദ്ധങ്ങളില്‍ നിന്നുമുള്ള പരാജയങ്ങലില്‍ നിന്നും പറ്റിയ അബദ്ധങ്ങളെ കുറിച്ച് മനസ്സിലാക്കിയ കുട്ടിയലി യുദ്ധതന്ത്രം മാറ്റുന്നതായി കാണാം. നേരിട്ടുള്ള ഒരു യുദ്ധത്തിലൂടെ ശക്തരായ പോര്‍ച്ചുഗീസുകാരെ തോത്പിക്കാനാവില്ലെന്നു മനസ്സിലാക്കിയ മരക്കാര്‍ തുറന്ന യുദ്ധത്തിന്നു പകരം ഒളിപ്പോര്‍ രീതിയിളെക്കു യുദ്ധതത്രം ആവിഷ്കരിച്ചു.


മുപ്പതുമുതല്‍ നാല്പതു പേരെ കൊള്ളുന്ന ചെറിയ ഓടങ്ങളും പത്തേമാരികളും നിര്‍മ്മിച്ച് പലഭാഗങ്ങളില്‍ കപ്പലുകളെ ആക്രമിക്കുന്ന യുദ്ധരീതിയാണു അദ്ദേഹം തിരഞ്ഞെടുത്തത്. ഇതിന്നാവശ്യമായ സാങ്കേതിക മുറകള്‍ തന്റെ നാവിക പടയാളികള്‍ക്ക് അദ്ദേഹം നല്‍കുകയും അങ്ങിനെ നൂറുകണക്കിന് ബോട്ടുകളും അതിലേക്ക് വേണ്ട പടയാളികളെയും പരിശീലിപ്പിച്ചെടുക്കുകയും ചെയ്തു. ഈ നാവികര്‍ പോര്‍ച്ചുഗീസ് കപ്പലുകളെ ഉയര്‍ന്ന കുന്നിന്‍ മുകളില്‍ നിന്നും നിരീക്ഷിക്കുകയും പെട്ടെന്നു ചാടി വീണ് അക്രമണം നടത്തുന്ന രീതിയുമാണ് നടത്തിയിരുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് മാത്രം നീങ്ങുന്ന പായക്കപ്പലുകളായിരുന്നു അന്നുണ്ടായിരുന്നത്. അതിനാല്‍ തന്നെ ഇത് നല്ലൊരു യുദ്ധതന്ത്രമായിരുന്നു.


കടല്‍തീരത്തുള്ള കുന്നിന്‍ മുകളിലെല്ലാം മരക്കാര്‍മാരുടെ പടയാളികള്‍ സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ഇങ്ങിനെ പല പറങ്കികപ്പലുകളും ഇവര്‍ പിടിച്ചെടുത്തു. ഇത് മൂലം ചരക്കുകപ്പലുകള്‍ക്ക് വലിയ സൈനികസന്നാഹങ്ങളില്ലാതെ ചരക്കുനീക്കം നടത്താന്‍ കഴിയില്ല എന്ന സ്ഥിതിയായി.


ഈ അവസ്ഥയെ കുറിച്ച് അന്നത്തെ വൈസ്രോയിമാര്‍ രാജാക്കര്‍ക്കെഴുതിയ ധാരാളം കത്തുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരു നിശ്ചിത സ്ഥലത്തുനിന്നായിരുന്നില്ല ആക്രമണമുണ്ടാകുന്നത്. പലയിടങ്ങളില്‍ നിന്നും ഇരമ്പിവരുന്ന ചെറിയതോണികളെ പ്രതിരോധിക്കുന്നത് അസാധ്യമായിരുന്നു. പൊന്നാനി, പന്തലായിനി, ബേപ്പൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങിനെ ആക്രമുണമുണ്ടായതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ച് കൊച്ചി, ഗോവ എന്നിവടങ്ങളില്‍ നിന്നുമെഴുതിയ കത്തുകള്‍ ലിസ്ബെണിന്‍ ഇന്നും ധാരാളമുണ്ട്.


അറബിക്കടല്‍ തങ്ങളുടെ അധീനതയിലായി എന്നു കരുതിയിരുന്ന പറങ്കികള്‍ക്ക് ഇത് വലിയൊരടിയായിരുന്നു. തങ്ങളുടെ പാസ്സുകള്‍ ഉള്ളവര്‍ക്കു മാത്രമേ അറബിക്കടലിലൂടെ പോകാവൂ എന്നായിരുന്നല്ലോ അവസ്ഥ. അതിന്നു വിപരീതമായി വലിയ സൈനിക സന്നാഹത്തോട് കൂടി മാത്രമേ തങ്ങളുടെ കപ്പലുകള്‍ക്കു നീങ്ങാന്‍ കഴിയൂ എന്നത് മാത്രമല്ല തന്റെ നാവിക അകമ്പടിയോടെ ചരക്കുകള്‍ മറുനാട്ടിലേക്ക് അയക്കുവാനും കുഞ്ഞാലി വിജയകരമായി ചെയ്തു പോന്നത്.1523-ല്‍ ഏട്ടു വലിയ കപ്പലുകളില്‍ ചെങ്കടല്‍ തുറമുഖത്തേക്കു കുരുമുളകു കയറ്റി അയക്കാനും അദ്ധേഹത്തിനു കഴിഞ്ഞു. 40 ചങ്ങാടങ്ങള്‍ ഇവയെ അനുഗമിച്ചിരുന്നതായി കാണുന്നു.


കുട്ടിയലിയുടെ സഹോദരന്‍ ചിന്നക്കുട്ടിയലിയും നല്ലയൊരു നാവികനായിരുന്നു. അദ്ദേഹം ഗോവ കേന്ദ്രമായും കുട്ടിയലി കൊച്ചി കേന്ദ്രമായുമാണ് ആക്രമണ പ്രവത്തനങ്ങള്‍ നടത്തിയിരുന്നത്.


കുട്ടിയലിയുമായി ആദ്യം ഏറ്റുമുട്ടിയത് സാപായോ എന്ന പോര്‍ച്ചുഗീസ് നാവികനായിരുന്നു.കണ്ണൂരില്‍ വച്ചുണ്ടായ പോരാട്ടത്തില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ല.


പിന്നീട് മര്‍ട്ടിന്‍ ഡിസൂസയുമായുണ്ടായ കാപ്പാട് വച്ചുണ്ടായ യുദ്ധത്തിലും ആര്‍ക്കും വിജയമുണ്ടായില്ലെങ്കിലും പന്തലായിനിയിലേക്കു പിന്‍‌വാങ്ങിയ കുട്ടിയലിയെ ഡിസൂസ പിന്തുടരുകയും തന്റെ സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിന്നു മുമ്പേ ആക്രമിക്കുകയും ചെയ്തു. ഇത് കുട്ടിയലിയെ തന്റെ ഓടങ്ങളെല്ലാം ഉപേക്ഷിച്ച് ജീവരക്ഷാര്‍ത്ഥം നീന്തി രക്ഷപ്പെടേണ്ട അവസ്ഥയിലേക്കെത്തിച്ചു.


ഈ പോരാട്ടങ്ങളില്‍ കാണുന്ന ഒരു പ്രത്യേകത പരാജയങ്ങളിലൊന്നും തന്നെ മാപ്പിളമാര്‍ തളര്‍ന്നു മടുത്ത് പിന്മാറുന്നില്ല എന്നതാണ്-


എം.ഗംഗാധരനെപ്പോലെയുള്ള ചരിത്ര പണ്ഡിതര്‍ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് കച്ചവടക്കാരായ മാപ്പിളമാര്‍ക്കു ഇതൊരു ജീവന്‍-മരണ പോരാട്ടമായിരുന്നു എന്നതാണ്. അറിയുന്ന ഏക തൊഴില്‍ വിട്ടു കൊടുക്കുക എന്നതിന്നര്‍ത്ഥം ആത്മഹത്യ ചെയ്യുക എന്നതാവുമല്ലോ- കൂടാതെ കുരിശു യുദ്ധങ്ങളിലെ ശത്രു അവരെ മുഴുവനുമായും ഇലാതാക്കുമെന്നും അവര്‍ ഭയന്നിരുന്നു, ഇത് ഒന്നുകില്‍ മരിക്കുക അല്ലെങ്കില്‍ പോരാടുക എന്ന അവസ്ഥയിലേക്കവരെ എത്തിച്ചു എന്നാണ് അഭിപ്രായപ്പെടുന്നത്.


കോഴിക്കോട് തിരിച്ചെത്തിയ കുട്ടിയലി പിന്നീടും സമരരംഗത്തിറങ്ങി. പറങ്കികള്‍ക്ക് സ്വൈരമായി കച്ചവടം ചെയ്യുവാനുള്ള ഒരു സാഹചര്യവും അവര്‍ നല്‍കിയില്ല.


1525- ഫെബ്രുവരിയില്‍ ല്‍ പറങ്കികള്‍ മെനസസിന്റെ നേതൃത്വത്തില്‍ പൊന്നാനി ആക്രമിച്ചു. കച്ചവട സ്ഥാപനങ്ങളെയും വീടുകളെയും തീവച്ചതിന്നു ശേഷം പതിവുപോലെ അവിടെയുള്ള മുസ്ലിം പള്ളികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.


കുട്ടിയലി ഇതിന്നു പ്രതികാരമായി കൊച്ചി ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന പറങ്കികപ്പെലുകളെല്ലാം തന്നെ കടലില്‍ താഴ്ത്തുകയും ചെയ്തു.


1525 ജൂണില്‍ ഇതിന്നു പ്രതികാരമായി മറ്റൊരു മുസ്ലിം കച്ചവട കേന്ദ്രമായ പന്തലായിനി ആക്രമിക്കുകയും 40 കപ്പലുകള്‍ കൈവശപ്പെടുത്തുകയും ചെയ്തു.


ഇത് സാമൂതിരിയെ കോഴിക്കോട്ടുള്ള പറങ്കിക്കോട്ടയെ ഉപരോധിക്കുന്നതില്‍ കൊണ്ടെത്തിച്ചു. ഈ കോട്ട 1513-ല്‍ മരക്കാര്‍മാര്‍ എത്തുന്നതിന്നു മുമ്പ് പറങ്കികളുമായുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ചതായിരുന്നു.


കോട്ടയിലേക്കു ഗോവയില്‍ നിന്നും കൊച്ചിയില്‍ നിന്നും അയച്ചിരുന്ന സാധനങ്ങളെല്ലാം തന്നെ കുഞ്ഞാലിയും കൂട്ടരും പിടിച്ചെടുത്തു. ഇത് അഞ്ചുമാസത്തോളം നീണ്ടു നിന്നു. അവസാനം മെനെസസ് കോട്ടയിലുള്ളവരെ രക്ഷിക്കാന്‍ ഇരുപത് കപ്പലുകളുമായി വന്നു. എന്നാല്‍ അവരെ കുട്ടിയലി മരക്കാരുടെ നാവികപ്പട തോത്പ്പിക്കുകയും യുദ്ധത്തില്‍ പരിക്കു പറ്റിയ മെനെസിസ് 1526-ല്‍ മരണപ്പെടുകയും ചെയ്തു.


പിന്നീട് പറങ്കി മേധാവിയായി വന്ന സാപായോ, കുട്ടിയലിയെ ഗറില്ല യുദ്ധത്തില്‍ നിന്നും നേരിട്ട യുദ്ധത്തിലേക്കു നയിക്കുന്ന നയമാണു സ്വീകരിച്ചത്. 1528- മാര്‍ച്ചില്‍ തന്റെ സര്‍വ്വ സന്നാഹങ്ങളുമായി കുട്ടിയലിയെ പിന്തുടര്‍ന്ന് നേരിട്ട യുദ്ധത്തിലേക്കു നയിക്കുകയും കുട്ടിയലിക്കു വമ്പിച്ച നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ഇതിന്നിടയില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ചിന്നക്കുട്ടിയലിയെ തടവിലാക്കുകയും അതിന്നു വിലയായി വലിയൊരു തുക തലപ്പണമായി വാങ്ങുകയും മേലാല്‍ തങ്ങളുമായി യുദ്ധം ചെയ്യുകയില്ല എന്നു ഖുര്‍‌ആന്‍ തൊട്ടു സത്യം ചെയ്യിക്കുകയും ചെയ്തു.


ഇതേ വര്‍ഷം ചേറ്റുവയിലെ പറങ്കി അക്രമണത്തെ പരാജയപ്പെടുത്തുവാന്‍ കുഞാലിമരക്കാറിന്നു കഴിഞ്ഞു.


1530-ല്‍ ജയിംസ് സില്‍വേറിയ മരക്കാര്‍മാരെ തോല്‍പ്പിച്ച് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മാത്രമല്ല സമൂതിരി ഗുജ്‌റാത്തിലേക്കയച്ച കപ്പലുകള്‍ പിടിച്ചടക്കി പലരേയും വധിക്കുകയും ചെയ്തു.


തുടര്‍ച്ചയായ യുദ്ധങ്ങള്‍ സമൂതിരിയെ കടക്കാരനാക്കിയിരുന്നു. ഇത് മനസ്സിലാക്കിയ പറങ്കികള്‍, ചാലിയത്ത് തങ്ങള്‍ക്കൊരു കോട്ട കെട്ടുവാനുള്ള അനുമതി വാങ്ങി. തകര്‍ന്നു കൊണ്ടിരുന്ന സാമൂതിരിക്കു അനുവാദം നല്‍കുക മാത്രമേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. ചാലിയം കടലിലേക്കു തള്ളി നില്‍ക്കുന്ന കോഴിക്കോട്ടു നിന്നും കേവലം 10 മൈല്‍ മാത്രം ദൂരമുള്ള തന്ത്രപ്രാധാന്യമുള്ള സ്ഥലമായിരുന്നു.


സൈനുദ്ദീന്‍ മഖ്ദൂം എഴുതുന്നത് മാലിക് ദീനാര്‍ നിര്‍മിച്ച കേരളത്തിലെ തന്നെ ആദ്യ പള്ളികളില്‍ ഒന്നായ ചാലിയം പുഴക്കര പള്ളിയടക്കം ഏഴു പള്ളികള്‍ പൊളിച്ചാണു കോട്ടയും ചര്‍ച്ചും നിര്‍മ്മിച്ചത് എന്നാണ്. പോര്‍ച്ചുഗീസുകാരുടെ മതവൈര്യത്തിന്റെ ഭാഗങ്ങളായാണിവ രേഖപ്പെടുത്തിയിട്ടുള്ളത്.


കോട്ട കെട്ടിയതിന്നു ശേഷം പറങ്കികള്‍ അദ്ദേഹത്തെ തുറമുഖ തീരുവ പിരിക്കാന്‍ അനുവദിച്ചില്ല എന്നത് സാമൂതിരിയെ തന്റെ വരുമാനം ഇല്ലാതാക്കുകയും കൂടുതല്‍ സാമ്പത്തിക പ്രയാസങ്ങളിലേക്കു എത്തിക്കുകയും ചെയ്യിച്ചു.


1532-ല്‍ കന്യാകുമാരിയില്‍ താവളമടിച്ചിരുന്ന പറങ്കിക്കപ്പലുകളെ കുട്ടിയലി കടലില്‍ താഴ്ത്തി. സിലോണ്‍ മുതല്‍ ഏതു ഭാഗത്തുനിന്നും മാപ്പിളമാരുടെ ആക്രമണത്തെ ഭയക്കേണ്ട സ്ഥിതിയിലായി പറങ്കികള്‍.


പോര്‍ച്ചുഗീസ് രേഖകള്‍ തന്നെ രേഖപ്പെടുത്തുന്നത് ഒരോ വര്‍ഷത്തിലും ചുരിങ്ങിയത് 50 കപ്പലുകളെങ്കിലും നശിപ്പിക്കപ്പെട്ടു എന്നാണ്.


ചാലിയത്തെ തങ്ങളുടെ കോട്ടക്കു മുന്നില്‍ വച്ചുപോലും അവരുടെ നാവികപ്പടയെ തോല്‍പ്പിക്കുകയും ഒരു കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു.


ഇത് മുഹമെദലി മരക്കാരോടൊപ്പം സിലോണ്‍ രാജാവിനെ തോത്പ്പിക്കാന്‍ പോയ സംഘത്തില്‍ മരണപ്പെടുന്നത് വരെ പറങ്കികള്‍ക്ക് തലവേദനയായി നിന്ന കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന പേരിലറിയപ്പെട്ട കുട്ടിയലി മരക്കാരുടെ ചരിത്രം.

ഹമീദ്‌ മധുര്‍

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites