5/11/2012

ഇനി അന്ത്യേരി സുരനും വിളിക്കാം സിന്ദാബാദ്


അന്ത്യേരി സുരന്‍ എന്ന സുരയുടെജീവിതം ഒരു പാഠമാണ്.
പാര്‍ട്ടിഗ്രാമങ്ങളിലും ശക്തികേന്ദ്രങ്ങളിലും സിപിഎം സ്പോണ്‍സര്‍ ചെയ്യുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നതിന്റെയും അത്തരം കുറ്റവാളികളെ പാര്‍ട്ടി
എങ്ങനെ സംരക്ഷിക്കുന്നുവെന്നതിന്റെയും പാഠം.

പാര്‍ട്ടി പറഞ്ഞാല്‍ ആരെയുമെന്തും ചെയ്യും. പാര്‍ട്ടി ഉറപ്പാക്കുന്ന സുഖ സൌകര്യങ്ങളോടെ ജയില്‍വാസം. പാര്‍ട്ടി നേതാക്കളുടെ സഹായത്തോടെ വീട്. മകളുടെ വിവാഹം. പാര്‍ട്ടിക്കു വേണ്ടി ഒന്നിലേറെ രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ പ്രതിയായ കോഴിക്കോട്ടെ വളയം ചെക്യാട് അന്ത്യേരി സുരന്‍ എന്ന സുരയെക്കുറിച്ചാണ് പറയുന്നത്.

ഇപ്പോള്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലാണ് സുരന്‍. 2001 ജനുവരി 14ന് മുസ്ലിം ലീഗ് അനുഭാവിയായ ചെക്യാട് താനക്കോട്ടൂര്‍ മൊയ്തുഹാജിയെ വീട്ടില്‍ക്കയറി ഭാര്യ ആമിനയുടെയും മകള്‍ ആയിഷയുടെയും മുന്നില്‍ വച്ച് ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് സുരന്റെ ഇപ്പോഴത്തെ ജയില്‍ വാസം. പാര്‍ട്ടിക്കു വലിയ ഭീഷണിയൊന്നുമായിരുന്നില്ല  മൊയ്തു ഹാജി. പക്ഷേ, ചെക്യാട്ട് ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അതു സിപിഎം മാത്രമായിരിക്കണമെന്ന വാശിയായിരുന്നു  കൊലയ്ക്കു പിന്നില്‍.
സുരന്‍ അടക്കമുള്ളവരെ രക്ഷിക്കാന്‍ പാര്‍ട്ടി ഫണ്ടു പിരിച്ചു. മികച്ച അഭിഭാഷകരെ രംഗത്തിറക്കി. പക്ഷേ, കൊല നേരിട്ടു കണ്ട മൊയ്തുഹാജിയുടെ ഭാര്യയുടെയും മകളുടെയും മൊഴികള്‍ കേസില്‍ നിര്‍ണായക തെളിവാകുകയായിരുന്നു. ഇതില്‍ സുരന്‍ അടക്കം അഞ്ചു പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതിനു പുറമെയാണ് കണ്ണൂര്‍ ജില്ലയില്‍ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലും അന്ത്യേരി സുരന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.
ജീവപര്യന്തം ശിക്ഷയ്ക്കിടെ സുരന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ ജയില്‍ വകുപ്പ് പരോള്‍ നല്‍കി. മകളുടെ വിവാഹത്തിനായി കഴിഞ്ഞ മാസം 18ന് നാട്ടിലെത്തിയ സുരന്‍ 23ന് വിവാഹഘോഷവും കഴിഞ്ഞ് 25നാണ് ജയിലിലേയ്ക്കു മടങ്ങിയത്.  മുന്‍ മന്ത്രി kകോടിയേരി ബാലക്ൃഷ്ണനും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനുമടക്കം സിപിഎമ്മിന്റെ കണ്ണൂരിലെയും കോഴിക്കോട്ടെയും പ്രമുഖ നേതാക്കള്‍ വിവാഹ സല്‍ക്കാരത്തിനെത്തി. വിവാഹം പൊടിപൊടിച്ചു. പൊലീസ് രഹസ്യാന്വേഷകര്‍ ശേഖരിച്ച വിവരമനുസരിച്ച് ലക്ഷങ്ങളാണത്രെ സല്‍ക്കാരത്തിലൂടെ പിരിച്ചത്. അഞ്ചു വര്‍ഷം മുന്‍പ് ചെക്യാട്ട് പുതിയ വീട് നിര്‍മിച്ചപ്പോഴും പാര്‍ട്ടി നല്‍കി, കനപ്പെട്ട സംഭാവന. ടി.പി. വധവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത അശോകനും സുമോഹനും അന്ത്യേരി സുരന്റെ അക്രമി സംഘത്തില്‍പെട്ടവരാണ്.
അന്ത്യേരി സുര ഒറ്റയ്ക്ക് ഒരാളല്ല, പലരുണ്ട് അങ്ങനെ. അവരില്‍ ചിലരെയും അവരിലൂടെ സിപിഎം നിര്‍വഹിച്ചുപോരുന്ന 'രാഷ്ട്രീയപ്രവര്‍ത്തനത്തെയും പരിചയപ്പെടാം ഇന്നു മുതല്‍:

അറസ്റ്റ് ചെയ്യണമെങ്കില്‍ പൊലീസിന് ശുപാര്‍ശ വേണം, പാര്‍ട്ടി ഒാഫിസില്‍ നിന്ന്

അന്ത്യേരി സുരയെ നാട്ടിലെത്തി അറസ്റ്റ് ചെയ്യണമെങ്കില്‍ പാര്‍ട്ടി ഒാഫിസില്‍ നിന്നു ശുപാര്‍ശക്കത്തുമായി ചെല്ലേണ്ട അവസ്ഥയായിരുന്നു പൊലീസിന്. ഒരിക്കല്‍ സുരനെ സ്റ്റേഷനിലെത്തിച്ച് മണിക്കൂറുകള്‍ക്കകം പൊലീസിനു മോചിപ്പിക്കേണ്ടി വന്നു. ചെക്യാട്ടു നിന്നു സ്ത്രീകളുടെ വന്‍സംഘം സ്റ്റേഷനിലെത്തി ഇറക്കിക്കൊണ്ടു പോകുകയായിരുന്നു. പാര്‍ട്ടിക്കു വേണ്ടി കൊല്ലുന്നവര്‍ക്കു ജയില്‍വാസം ശിക്ഷയേയല്ല. ഇഷ്ടമുള്ള ആഹാരവും മദ്യവും സിഗരറ്റുമൊക്കെ അകത്തെത്തിക്കാന്‍ പാര്‍ട്ടി തന്നെ ആളെ നിയോഗിച്ചിട്ടുണ്ട്. 2011 ഒാഗസ്റ്റില്‍ കാസര്‍കോട്ട് ചീമേനിയിലെ തുറന്ന ജയിലില്‍ കഴിയുമ്പോഴാണു സുര മറ്റു രണ്ടു തടവുകാരോടൊപ്പം ജയിലിനു പുറത്തുകടന്ന് ഒരു കിലോമീറ്റര്‍ അകലെ കോളനിയിലെ വ്യാജമദ്യ വില്‍പന കേന്ദ്രത്തിലെത്തിയത്. അവിടെ മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിനെ തുടര്‍ന്നു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതിന്റെ പേരില്‍ വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കേ 2010 അവസാനമാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മുപ്പതോളം രാഷ്ട്രീയത്തടവുകാരെ സുഖവാസത്തിനായി ചീമേനിയിലെ തുറന്ന ജയിലിലേക്കു മാറ്റിയത്. ബിജെപി നേതാവ് കെ.ടി. ജയകൃഷ്ണന്‍ വധക്കേസിലെ പ്രതി പ്രദീപനും അന്ത്യേരി സുരയും ഉള്‍പ്പെടെ സിപിഎമ്മിനു വേണ്ടപ്പെട്ടവരെയാണു തുറന്ന ജയിലിലേക്കു മാറ്റാന്‍ ആഭ്യന്തരവകുപ്പു നിര്‍ദേശം നല്‍കിയത്. പ്രദീപനെ പിന്നീടു ശിക്ഷ ഇളവുചെയ്തു വിട്ടയച്ചു. തടവുചാടി വീണ്ടും പിടിയിലാവുന്നവരെ വിദൂര ജയിലുകളിലേക്കു വിടുകയാണു പതിവെങ്കിലും, അന്ത്യേരി സുരയെ സ്വന്തം തട്ടകമായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ളോക്കിലേക്കു തന്നെ തിരിച്ചു കൊണ്ടുവരികയായിരുന്നു.

ചീട്ടുകളി സദസ്സിലെ പാര്‍ട്ടി വിദ്യാഭ്യാസം

പള്ളൂരിലെ നിര്‍ധന കുടുംബത്തില്‍ ജനിച്ച എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി ചീട്ടുകളിക്കു കാവല്‍ നിന്നായിരുന്നു തുടക്കം. പന്തക്കല്‍ പാണ്ടിവയലിലും പള്ളൂരിലും നടന്ന വന്‍കിട ചീട്ടുകളിക്കു സുനി കാവല്‍ക്കാരനായി. പൊലീസിനെയും ഒറ്റുകാരെയും ശ്രദ്ധിക്കലാണു ജോലി. ഒപ്പം, ചീട്ടുകളിക്കിടെ കുഴപ്പമുണ്ടാക്കുന്നവരെ നിയന്ത്രിക്കാനും തുടങ്ങി. സജീവ പ്രവര്‍ത്തകനല്ലെങ്കിലും സിപിഎം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സുനിയെ ഉപയോഗിച്ചുതുടങ്ങി. ചെറിയ തല്ലുകേസുകളില്‍ തുടങ്ങി കൊലപാതക കേസുകളില്‍ വരെ അതെത്തി. മുഖത്തു വെട്ടുകയാണു സുനിയുടെ ആക്രമണ രീതി. ഇതു തന്നെയാണു സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചന്ദ്രശേഖരനെ വെട്ടിയതെന്ന നിഗമനത്തിലെത്താന്‍ പൊലീസിനെ സഹായിച്ചതും.

പാര്‍ട്ടിയുടെ ക്വട്ടേഷനുകള്‍ക്കു പുറമേ ബ്ളേഡ് മാഫിയയ്ക്കു വേണ്ടിയും അടവുതെറ്റിയ വാഹനങ്ങള്‍ പിടിച്ചെടുക്കാനുമൊക്കെ സുനിയും സംഘവും പോയിത്തുടങ്ങി. മാഹി വഴി ഇറച്ചിക്കോഴി കടത്തും തുടങ്ങി. പണമിടപാടുകളില്‍ ഇടപെട്ടു തിരികെ വാങ്ങിക്കൊടുത്തു കമ്മിഷന്‍ പറ്റി. ഈ വഴികളിലൂടെയൊക്കെ പണമുണ്ടാക്കിയ സുനി ചൊക്ളി നിടുമ്പ്രത്തു പുതിയ വീടു നിര്‍മിച്ചു. 32 വയസ്സുണ്ട്. അവിവാഹിതനാണ്. രണ്ടു കൊലക്കേസും ഒരു വധശ്രമക്കേസും അടക്കം 29 കേസുകളില്‍ പ്രതി.

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെയും ന്യൂമാഹി പെരിങ്ങാടി റോഡില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും വധിച്ച കേസിലെ മുഖ്യപ്രതിയാണു കൊടി സുനി. രണ്ടിലും ഗൂഢാലോചന നടത്തിയതു സിപിഎം നേതാക്കളാണെന്നു വ്യക്തമായിട്ടുണ്ട്.

സിപിഎം ആണു സുനിയെ സംരക്ഷിക്കുന്നതെന്നതിനു വ്യക്തമായ തെളിവുകളുണ്ട്. പൊലീസ് അന്വേഷിച്ചെത്തുമ്പോള്‍ പാര്‍ട്ടിക്കാരുടെ വീടുകളിലാണ് ഒളിപ്പിക്കാറ്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ ജാമ്യമെടുത്ത ശേഷം സിപിഎം ശക്തികേന്ദ്രമായ ചൊക്ളിയില്‍ ചുമട്ടുതൊഴിലാളിയായി കഴിയുകയായിരുന്നു സുനി. ചൊക്ളി ടൌണില്‍ സിഐടിയുവില്‍പ്പെട്ട ചുമട്ടുതൊഴിലാളികള്‍ മാത്രമാണുള്ളത്. ആര്‍എസ്എസില്‍ നിന്നുള്ള തിരിച്ചടി ഭീഷണി നിമിത്തമാണു സുനിക്കു ചൊക്ളിയില്‍ പാര്‍ട്ടി സുരക്ഷിത താവളമൊരുക്കിയത്. പെരിങ്ങാടിയിലെ ഇരട്ടക്കൊലയ്ക്കു ശേഷം മാഹിയില്‍ നടന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹവീട്ടിനു മുന്നില്‍ ഒരു ബസ് നിറയെ കേരള പൊലീസുകാരെ നിര്‍ത്തിയിരുന്നു. ആര്‍എസ്എസിന്റെ തിരിച്ചടി ഭയക്കുന്ന, കേസിലെ പ്രതികള്‍ക്കു വിവാഹവീട്ടിലെത്തി സുരക്ഷിതമായി മടങ്ങാന്‍ വേണ്ടിയായിരുന്നു ഇത്.
ബന്ധുവായൊരു സ്ത്രീ മറ്റേതോ രാഷ്ട്രീയപ്പാര്‍ട്ടിയുടെ കൊടി ഇളക്കിമാറ്റി സിപിഎം കൊടി കയറ്റിയതുമായി ബന്ധപ്പെട്ടു വീട്ടുകാര്‍ക്കു ലഭിച്ച ഇരട്ടപ്പേരാണു കൊടി. സുനിക്കും ഈ കൊടിമാറ്റല്‍ ശീലം ഉണ്ടത്രേ.

പള്ളൂര്‍ വായപ്പടച്ചി റഫീഖ് പള്ളൂരിലോ മാഹിയിലോ ഇപ്പോള്‍ അത്ര പരിചിതനല്ല. മാഹിപ്പാലത്തിനടുത്ത് ഓട്ടോ ഡ്രൈവറായിരുന്നു. പിന്നീടു ഗള്‍ഫില്‍ പോയി. തിരിച്ചെത്തി ടാക്സി ഡ്രൈവറായി. വാഹന ബ്രോക്കറിലേക്കു വളര്‍ന്നു. മികച്ച ഡ്രൈവറാണു റഫീഖ്. ഈ ഡ്രൈവിങ് പാടവമാണു ചന്ദ്രശേഖരനെ വെട്ടിയ സംഘത്തില്‍ റഫീഖുമുണ്ടോയെന്നു സംശയിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നത്. അടവുതെറ്റിയ വാഹനം പിടിച്ചെടുക്കാനും ബ്ളേഡ് പണം തിരിച്ചുപിടിക്കാനുമൊക്കെ തുടങ്ങിയതോടെയാണു കൊടി സുനിയുമായി പരിചയപ്പെടുന്നത്.

സിപിഎം അനുഭാവിയാണെങ്കിലും ക്വട്ടേഷന്‍ ആക്രമണങ്ങളില്‍ കാര്യമായ പരിചയമില്ലാത്തതിനാല്‍ അത്തരം കൃത്യങ്ങള്‍ക്കു പാര്‍ട്ടി ഉപയോഗിച്ചിട്ടില്ല.
സുരക്ഷിത

താവളമൊരുക്കി മാഹി
കേരളത്തിന്റെ നിയമങ്ങള്‍ ബാധകമല്ലാത്ത മാഹിയില്‍ സുനിയുടേതടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു സുരക്ഷിതമായ ഒളിയിടങ്ങളുണ്ട്. ചില ബാറുകളും ഒഴിഞ്ഞ പ്രദേശങ്ങളുമാണിവര്‍ക്കു താവളമൊരുക്കുന്നത്. മാഹി പൊലീസിന്റെ രഹസ്യ പിന്തുണയും ഇവര്‍ക്കുള്ളതായി പറയുന്നു. കുറച്ചുകാലം മുന്‍പു സുനിയെ ബാറില്‍ കണ്ട കാര്യം ബാര്‍ മാനേജര്‍ മാഹി പൊലീസിനെ അറിയിച്ചു. മാഹി പൊലീസ് അതു വള്ളിപുള്ളി വിടാതെ സുനിക്കു കൈമാറി. ബാര്‍ മാനേജരുടെ കയ്യും കാലും തല്ലിയൊടിച്ചാണു സുനിയുടെ സംഘം പകവീട്ടിയത്. അക്രമികളെ കണ്ടാലും പൊലീസിനെ അറിയിക്കാന്‍ നാട്ടുകാര്‍ ഭയപ്പെടുന്നു.

മാഹിയിലെ കോഹിനൂര്‍, കോമ്പാറമുക്ക്, ചെറുകല്ലായിക്കുന്ന് എന്നിവിടങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെയും അക്രമികളുടെയും ഒളിയിടങ്ങളുണ്ട്. ഈ പ്രദേശങ്ങള്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്. മാഹിയിലെ ചില ആഡംബര ബാറുകളും ക്വട്ടേഷന്‍ സംഘങ്ങളുടെ സങ്കേതമാണ്.

കുടിയന്മാര്‍ അധികമൊന്നും വരാത്ത ബാറുകളിലെ മുറികളില്‍ പല ഗൂഢാലോചനകളും നടക്കാറുണ്ട്. ചില ബാര്‍ ഉടമകള്‍ക്കു സംഘാംഗങ്ങള്‍ വ്യക്തിപരമായ സുരക്ഷ നല്‍കാറുണ്ട്.

ബാറില്‍ ശല്യമുണ്ടാക്കുന്നവരെ ഒതുക്കാനും ഇവരെ ഉപയോഗിക്കുന്നു. പൊലീസിനു പെട്ടെന്നൊന്നും എത്തിപ്പെടാന്‍ കഴിയാത്ത തരത്തിലുള്ള ഉള്‍മുറികളും ഇടനാഴികളുമുള്ള ബാറുകള്‍ ഈ മേഖലയിലുണ്ട്.
നാളെ: ജയില്‍ ഒരു
പാര്‍ട്ടി ഗ്രാമമാണ്
കടപ്പാട് മനോരമ 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites