5/03/2012

ഇല്ലാത്ത എയര്‍പോര്‍ട്ടു കൊണ്ട് വാര്‍ത്തകെട്ടുന്ന വിധം


ആടിനെ പട്ടിയാക്കലും പേപ്പട്ടിയെന്ന് പറഞ്ഞ് തല്ലിക്കൊല്ലലും പഴയ പരിപാടിയാണ്. കാലങ്ങളിത്ര കഴിഞ്ഞിട്ടും ഇപ്പോഴും ഊര്‍ജിതമായി നടക്കുന്ന പഴഞ്ചന്‍ കുടില തന്ത്രം. ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസങ്ങളില്‍, ഈ കലാപരിപാടിക്ക് ഇരയായവരിലൊരാള്‍ അശ്വതി പദ്മസേനനാണ്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡല്‍ഹിയിലെ പാര്‍ട് ടൈം ലെയ്സണ്‍ ഓഫീസര്‍. ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് ഡിപ്പാര്‍ട്മെന്റിലെ പി.എച്ച്.ഡി വിദ്യാര്‍ഥിനി. തിരുവനന്തപുരം സ്വദേശി.
‘വിമാനത്താവളത്തില്‍ പരിചയപ്പെട്ട യുവതിക്ക് വി.സി വക ഉദ്യോഗം’ എന്ന തലക്കെട്ടില്‍ സി. പ്രജോഷ് കുമാര്‍ എന്ന ലേഖകന്റെ വക കഴിഞ്ഞ മുപ്പതാം തീയതി ദേശാഭിമാനി പത്രത്തിന്റെ കേരളാ എഡിഷനില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെയാണ് അശ്വതിക്കെതിരെ ‘ആടിനെ പട്ടിയാക്കല്‍’ തന്ത്രം പ്രയോഗിക്കപ്പെട്ടത്. ലെയ്സണ്‍ ഓഫീസറായി നിയമനം ലഭിച്ചതാണ് അശ്വതിക്കെതിരായ കള്ളപ്രചാരണത്തിനും വാര്‍ത്ത കെട്ടിച്ചമയ്ക്കലിനും കാരണമായത്. സ്ത്രീവിരുദ്ധതയും സ്ത്രീകളോടുള്ള അവഹേളന ത്വരയും ഒളിഞ്ഞുനോട്ട മനോഭാവവും കൂട്ടിക്കുഴച്ച് സെന്‍സേഷനലിസത്തിന്റെ അച്ചില്‍ പരുവപ്പെടുത്തിയ ഈ വാര്‍ത്ത ഓണ്‍ലൈനിലും പുറത്തും പല തലങ്ങളിലുള്ളവര്‍ സ്വീകരിച്ചത് ഏതാണ്ട് സമാനമായ രീതിയിലാണ്. വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കുക കൂടി ചെയ്യാതെ, അശ്വതിക്കെതിരെ തെറി വിളികളുടെ ഘോഷയാത്രയായിരുന്നു. അത് തുടരുന്നതിനിടയിലാണ്, വാര്‍ത്തയുമായി ബന്ധപ്പെട്ട പച്ചക്കള്ളങ്ങളുടെയും വളച്ചൊടിക്കലുകളുടെയും വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവരുന്നത്.
ആറുമാസത്തേക്കുള്ള പാര്‍ട് ടൈം കരാര്‍ ജോലിയില്‍ നിയമിതയായ ഒരു പെണ്‍കുട്ടിക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ കാരണമായ കേരള രാഷ്ട്രീയ പശ്ചാത്തലത്തെ ഇഴകീറി പരിശോധിക്കുകയോ ഏതെങ്കിലും നിയമനത്തെ അനുകൂലിക്കുകയോ അല്ല ഈ അന്വേഷണത്തിന്റെ ലക്ഷ്യം. മറിച്ച്, ഒരു നിര്‍മിതി എന്ന നിലയില്‍ ആ വാര്‍ത്തയുടെ പിന്നാമ്പുറങ്ങള്‍ പരിശോധിക്കുകയാണ്. കണ്ണില്‍ച്ചോരയില്ലാത്ത വളച്ചൊടിക്കലും വസ്തുതാപരമായ തെറ്റുകളും ചേര്‍ന്ന് ഒരു വാര്‍ത്ത നിര്‍മിക്കപ്പെടുന്നതെങ്ങനെ, അതില്‍ മറഞ്ഞുകിടക്കുന്ന സ്ത്രീവിരുദ്ധ,മനുഷ്യവിരുദ്ധ മുനകളുടെ വിധ്വംസക ശേഷി പ്രവര്‍ത്തിക്കുന്നതെങ്ങനെ, പച്ചക്കള്ളങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്ന പൊതുസമൂഹം അതിനോടു നടത്തുന്ന കൂട്ടിച്ചേര്‍ക്കലുകളുടെ രാഷ്ട്രീയമെന്ത് എന്നീ ഘടകങ്ങള്‍ പരിശോധിക്കുകയാണ് ഈ അന്വേഷണത്തിന്റെ ലക്ഷ്യം.
എയര്‍പോര്‍ട്ടിലെ യുവതി
‘വിമാനത്താവളത്തില്‍ പരിചയപ്പെട്ട യുവതിക്ക് വി.സി വക ഉദ്യോഗം’ എന്നാണ് ദേശാഭിമാനി വാര്‍ത്തയുടെ തലക്കെട്ട്‌. അശ്വതി പദ്മസേനന്‍ നല്‍കിയ അപേക്ഷയില്‍ വി.സി ഇങ്ങനെ എഴുതിയതായി വാര്‍ത്തയില്‍ പറയുന്നു:’ സെന്‍ട്രല്‍ എഡ്യുക്കേഷന്‍ കണ്‍സോര്‍ഷ്യം (സിഇസി) യോഗത്തില്‍ പങ്കെടുക്കാനുള്ള എന്റെ യാത്രക്കിടെ ഞാന്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് ഇവരെ പരിചയപ്പെട്ടത്. നമ്മള്‍ നേരത്തെ ചര്‍ച്ചചെയ്തപ്രകാരം ഇവര്‍ക്ക് ജോലി ലഭിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്താലും’-2011 നവംബര്‍ 18ന് വിസി ഒപ്പിട്ട കുറിപ്പില്‍ പറയുന്നു. ഉദ്യോഗാര്‍ഥിയുടെ കഴിവും പ്രാഗത്ഭ്യവും ബോധ്യപ്പെട്ടതായും അപേക്ഷ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിഗണനയ്ക്കെടുക്കണമെന്നും ഒപ്പം വിസി നിര്‍ദേശിച്ചു’.
ഇതായിരുന്നു വാര്‍ത്തയുടെ പഞ്ച്. ‘എയര്‍പോര്‍ട്ടില്‍വെച്ച് കണ്ടുമുട്ടിയ ഡല്‍ഹിക്കാരിയായ യുവതിക്ക് അനധികൃത നിയമനം. ആ കൂടിക്കാഴ്ചയില്‍തന്നെ ഉദ്യോഗാര്‍ഥിയുടെപ്രാഗദ്ഭ്യവും കഴിവും ബോധ്യപ്പെട്ടതായി വി.സിയുടെ കുറിപ്പ്’- ഈ ഫോക്കസില്‍ നിന്നുകൊണ്ട്, മൂന്നാംകിട ക്രൈംവാരികകളുടെ ഭാഷാശൈലിയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാന് വാര്‍ത്തയുടെ പ്രത്യേകത. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വിസി.ക്കെതിരെ ഒരു പെണ്ണുകേസ് കൂടി! അതിനു പറ്റിയതായിരുന്നു ഡല്‍ഹിക്കാരി യുവതിയുടെ കഥ. എയര്‍പോര്‍ട്ടിലെ കണ്ടുമുട്ടലും അവളുടെ കഴിവും പ്രാഗദ്ഭ്യവും ബോധ്യപ്പെട്ടതും എടുത്തു പറയുന്ന അപേക്ഷയിലെ വി.സിയുടെ കുറിപ്പും കൂടിയാവുമ്പോള്‍ കഥ കൊഴുക്കുമെന്ന് സുവ്യക്തം.നേരിട്ട് പറയാതെ തന്നെ, സൂചനകളിലൂടെ, ലൈംഗിക ആരോപണത്തിന്റെ ചുവ ഉണര്‍ത്താന്‍ കഴിയുന്ന വിഷയമായി ഇതിനെ മാറ്റാനാവുമെന്ന പ്രജോഷ് കുമാറിന്റെ കണ്ടെത്തല്‍ ശരിയെന്നു തെളിയിക്കുന്നതായിരുന്നു വാര്‍ത്തയോടു കേരളത്തിലെ പൊതുസമൂഹത്തിന്റെ പ്രതികരണം.
സര്‍വകലാശാലയില്‍ വി.സി പെണ്‍ വാണിഭം നടത്തുകയാണ് എന്നതുമുതല്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വന്തക്കാരനാണ് വി.സിയെന്നും ഇതിലപ്പുറം പ്രതീക്ഷിക്കാനാവില്ലെന്നതു വരെ ഫേസ്ബുക്കില്‍ കമന്‍ുകള്‍ എരിവുവെച്ചുയര്‍ന്നത് വാര്‍ത്തയുടെ ഈ ഒരൊറ്റ ആംഗിള്‍ കാരണമാണ്. ഫേസ്ബുക്കിലെ, സാധാരണക്കാര്‍ മാത്രമല്ല, അക്കാദമിക്, സാമൂഹിക തലങ്ങളില്‍ ഉന്നതമായ നിലപാടുകള്‍ പുലര്‍ത്തുന്നവ പുരുഷശിങ്കങ്ങള്‍ വരെ ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ക്ക് വീര്യം കൂട്ടിയതും ഈ ആംഗിളുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ്. വി.സിക്കെതിരാണ് ആരോപണം എന്നു പറയുമ്പോഴും വാര്‍ത്തയിലുള്‍പ്പെട്ട മലയാളി പെണ്‍കുട്ടിയായിരുന്നു ഇത്തരം ചര്‍ച്ചകളിലെ പ്രധാന ഉന്നം. വി.സി എഴുതിയെന്നു പറയുന്ന കുറിപ്പിനുപോലും അവള്‍ മറുപടി പറയണമെന്ന വിധത്തിലായിരുന്നു ബൌദ്ധിക നിലവാരമുണ്ടെന്ന് നാം കരുതിയിരുന്ന പലരുടെയും പ്രതികരണം. എന്നാല്‍, ഏറ്റവും ഞെട്ടിക്കുന്ന ഒരു വശം ഈ വാര്‍ത്തയില്‍ തന്നെയുണ്ടായിരുന്നു. ഇത് കാണാതെയാണ്, കണ്ടില്ലെന്ന് നടിച് പുരുഷാരം ആര്‍ത്തലച്ചു നടന്നത്. വിചാരണകള്‍ നടത്തിയത്. ശിക്ഷകള്‍ വിധിച്ചത്.
ഇല്ലാത്ത എയര്‍പോര്‍ട്ടു കൊണ്ട് വാര്‍ത്തകെട്ടുന്ന വിധം
കാര്യം ഇതാണ്. എയര്‍പോര്‍ട്ടില്‍ കണ്ടുമുട്ടി എന്ന പരാമര്‍ശം ലേഖകന്റെ മാത്രം സൃഷ്ടിയായിരുന്നു. ഉദ്യോഗാര്‍ഥിയുടെ കഴിവും വൈദഗ്ദ്യവും ബോധ്യപ്പെട്ടു എന്ന പരാമര്‍ശവും ഇത്തരമൊരു കഥയ്ക്ക് എരിവും പുളിയും കലര്‍ത്താന്‍ ലേഖകന്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതായിരുന്നു.
തെളിവുകള്‍ വാര്‍ത്തയില്‍ തന്നെയുണ്ടായിരുന്നു. വി.സി കുറിപ്പെഴുതിയെന്നു പറഞ്ഞ് ലേഖകന്‍ വാര്‍ത്തയില്‍ ഉദ്ധരിച്ച വാചകങ്ങള്‍ മാത്രമാണ് ആളുകള്‍ വായിച്ചുപോന്നത്. അതിനൊപ്പം കൊടുത്ത ഇമേജിലെ വാചകങ്ങള്‍ വായിച്ചു നോക്കിയാല്‍ വാര്‍ത്ത തെറ്റെന്ന് അപ്പോള്‍ത്തന്നെ ബോധ്യമാകുമായിരുന്നു. എന്നാല്‍, അച്ചടിയിലെ അവ്യക്തതയും ഇമേജിന്റെ വലിപ്പക്കുറവും ഇക്കാര്യം ബുദ്ധിമുട്ടാക്കിയിരുന്നെങ്കിലും ഒന്നു ശ്രമിച്ചാല്‍ ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയുന്നതായിരുന്നു മേല്‍പരാമര്‍ശം.
ലേഖകന്‍ വാര്‍ത്തക്കൊപ്പം ഉദ്ധരിക്കുന്ന വരികള്‍ ഇവയാണ്.
“സെന്‍ട്രല്‍ എഡ്യുക്കേഷന്‍ കണ്‍സോര്‍ഷ്യം (സിഇസി) യോഗത്തില്‍ പങ്കെടുക്കാനുള്ള എന്റെ യാത്രക്കിടെ ഞാന്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് ഇവരെ പരിചയപ്പെട്ടത്. നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്ത പ്രകാരം ഇവര്‍ക്ക് ജോലി ലഭിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്താലും”

ഇനി ആ ഇമേജ് ഒന്നു ശ്രദ്ധിച്ചു നോക്കൂ.
അതില്‍ പറയുന്ന കുറിപ്പ് ഇങ്ങനെയാണ്:
“I met this candidate at New Delhi during my trip to attend CEC (16-17 Nov). Please do the needful as discussed.”
Signed
ഇതില്‍ എവിടെയാണ് എയര്‍പോര്‍ട്ട്? എവിടെയാണ് എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടു മുട്ടിയെന്ന പരാമര്‍ശം? എവിടെയാണ് ഉദ്യോഗാര്‍ഥിയുടെ കഴിവും പ്രാഗദ്ഭ്യവും ബോധ്യപ്പെട്ടുവെന്ന പരാമര്‍ശം? പ്രജോഷ് കുമാര്‍ പരിഭാഷയിലൂടെ നേടിയതും നഷ്ടപെടുത്തിയതും ആവുമോ അതൊക്കെ?
അപ്പോള്‍, ഈ പരാമര്‍ശങ്ങള്‍ എവിടെനിന്നു വന്നു? സംശയമെന്ത്, ലേഖകന്‍ കൈയില്‍നിന്നെടുത്തിട്ട് ബോധപൂര്‍വം സൃഷ്ടിച്ചത്. എരിവും പുളിയും ചേര്‍ക്കാന്‍ മാത്രമല്ല, വ്യക്തിഹത്യ നടത്തുന്നതിനുമായിരുന്നു ഇത്. കൃത്രിമമായി കെട്ടിച്ചമച്ച ഈ ആംഗിളിന്റെ പുറത്താണ് ഈ വാര്‍ത്ത ഓണ്‍ലൈനിലും പുറത്തുമൊക്കെ ഓടിയത്. ഇതു മുന്നില്‍ കണ്ടുകൊണ്ടുതന്നെയാവണം ലേഖകന്‍ ഇത്തരമൊരു കെട്ടിച്ചമക്കല്‍ നടത്തിയതും.
ഇത്തരമൊരു ഇമേജ് നേരില്‍ നേരില്‍ കണ്ടിട്ടും പരിഭാഷയുടെ ആധികാരികത പരിശോധിക്കാതെ അത് സംസ്ഥാന എഡിഷനില്‍ ഒന്നാം പേജില്‍ കണ്ണെത്തുന്നിടത്ത് വീശിയ ദേശാഭിമാനി പത്രാധിപ സമിതിയും ഈ വ്യക്തിഹത്യക്ക് ഉത്തരവാദികളാണ്. ഇതുപോലൊരു പരാമര്‍ശം വരുമ്പോള്‍, ബന്ധപ്പെട്ട ഇമേജില്‍ അതുണ്ടോ എന്ന് പരിശോധിക്കണ്ട ഉത്തരവാദിത്തമുള്ള എഡിറ്റോറിയല്‍ ഡെസ്ക് ഇക്കാര്യത്തില്‍ കണ്ണടക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. ആരോപണ വിധേയരാവുന്ന ആളുകളുടെ ഭാഷ്യം കൂടി ഇത്തരം വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തണമെന്ന പ്രാഥമിക മാധ്യമ മര്യാദകള്‍ പോലും കാറ്റില്‍ പറത്തുന്ന റിപ്പോര്‍ട്ടിലെ വസ്തുതാ പരമായ തെറ്റുകള്‍ പോലും ഡെസ്ക് കാണാതിരുന്നു.
ഈ വാര്‍ത്തയില്‍ ഇതുമാത്രമായിരുന്നില്ല കെട്ടിച്ചമക്കലും പച്ചക്കള്ളങ്ങളും. വസ്തുതാ പരമായ തെറ്റുകളും ദുരാരോപണങ്ങളും സമൃദ്ധമാണ് റിപ്പോര്‍ട്ടില്‍.
പാത്രസൃഷ്ടി
ദല്‍ഹിക്കാരിയായ ഏതോ യുവതി എന്ന നിലക്കാണ് വാര്‍ത്ത അശ്വതിയെ അവതരിപ്പിക്കുന്നത്. കേരളവുമായുള്ള ബന്ധമോ അക്കാദമിക് യോഗ്യതകളോ മറ്റ് പശ്ചാത്തലങ്ങളോ വാര്‍ത്തയിലില്ല. ഡല്‍ഹിക്കാരിയായ യുവതി എന്ന -നിഗൂഢതയുള്ള, ഇത്തരം വാര്‍ത്തകള്‍ക്ക് സഹജമായ ദൂരൂഹ പശ്ചാത്തലമുള്ള -ഒരു കര്‍തൃത്വത്തിലാണ് അശ്വതിയെ ലേഖകന്‍ കൂട്ടിക്കെട്ടുന്നത്. വാര്‍ത്തയെഴുത്തിന്റെ സ്വഭാവത്തിനും ടോണിനും അനിവാര്യമായിരുന്നു ഇത്തരമൊരു പാത്രസൃഷ്ടി.
തിരുവനന്തപുരം സ്വദേശിയായ അശ്വതി കേരളത്തില്‍ പഠന കാലത്തും അതിനുശേഷം പുറത്തും സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായി നില്‍ക്കുന്ന ഒരാളാണ്.ബിരുദംവരെ കേരളത്തിലായിരുന്നു പഠനം. അതിനുശേഷം, ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയില്‍നിന്ന് എം.എയും എ.ഫിലും പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഡല്‍ഹി യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വകുപ്പില്‍ പി.എച്ച്.ഡി ചെയ്യുകയാണ്. ഏഴ് ദേശീയ അന്തര്‍ദേശീയ ദേശീയ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. അക്കാദമിക് രംഗങ്ങള്‍ക്കു പുറമേ, സാമൂഹിക രംഗത്തും സജീവമാണ്. മാത്രമല്ല,2004-05 വര്‍ഷം എസ്.എഫ്.ഐയുടെ മുന്‍കൈയിലുള്ള കേരള സര്‍വകലാശാല സ്റ്റുഡന്റ് യൂനിയന്‍ പുറത്തിറക്കിയ ‘കാമ്പസ്’ മാസികയുടെ പത്രാധിപ സമിതി അംഗം കൂടിയായിരുന്നു. മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയായ അശ്വതിയുടെ നിരവധി ഫോട്ടോകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ലെയ്സണ്‍ ഓഫീസര്‍
അശ്വതി കൈകാര്യം ചെയ്യുന്ന ലെയ്സണ്‍ ഓഫീസര്‍റുടെ ജോലിയെയും ചുമതലകളെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് വാര്‍ത്തയിലുള്ളത്.
.’സര്‍വകലാശാലയ്ക്ക് യു.ജി.സിയില്‍നിന്നും മറ്റ് ഏജന്‍സികളില്‍നിന്നും കേന്ദ്രമന്ത്രി സഭയില്‍നിന്നും ലഭിക്കുന്ന ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ത്വരിതപ്പെടുത്താനെന്ന പേരിലാണ് നിയമനം’-എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
ലെയ്സണ്‍ ഓഫീസര്‍ എന്ന തസ്തികയുടെ പശ്ചാത്തലമറിഞ്ഞാല്‍ ഇക്കാര്യം കുറച്ചു കൂടി വ്യക്തമാവും.
യു.ജി. സിയുടെ ഫിറോസ്ഷാ റോഡ്, ബഹാദൂര്‍ ഷാ സഫര്‍ റോഡ്, സൌത്ത് കാമ്പസ് എന്നീ മൂന്ന് ഓഫീസുകളിലും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്, യോജന ഭവന്‍, ന്യൂനപക്ഷ കാര്യ വിഭാഗം എന്നിവിടങ്ങളിലുമാണ് ഇന്ത്യയിലെ ഏതു യൂനിവേഴ്സിറ്റിയുടെയും റിസര്‍ച്ച് ഗ്രാന്റുകളുടെയും പ്രൊജക്റ്റുകളുടെയും സ്കീമുകളുടെയും പ്രാസസിങ് നടക്കുന്നത്. ഡല്‍ഹിയില്‍ ഫോളോഅപ്പ് ചെയ്യാന്‍ ആളില്ലാത്തതിനാല്‍ പലപ്പോഴും വിദൂര സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍ക്ക് വിവരങ്ങള്‍ യഥാസമയം ലഭിക്കാറില്ലെ. അഥവാ കിട്ടിയാല്‍ത്തന്നെ സാമ്പത്തിക സഹായം അടക്കമുള്ളവ അനിശ്ചിതമായി നീളാറാണ് പതിവ്. അതുമായി ബന്ധപ്പെട്ട ഫയലുകള്‍ യഥാസമയം നീങ്ങാത്ത പ്രശ്നവുമുണ്ട്. ഇത്, ഗവേഷക വിദ്യാര്‍ഥികളുടെ സ്കേളര്‍ഷിപ്പ് പോലും മുടങ്ങാനും ഇടയാക്കാറുണ്ട്.
തലസ്ഥാന നഗരിയില്‍ ഓഫീസ് തുറക്കാനോ കെട്ടിടം വാടക്കെടുത്ത് ഉദ്യോഗസ്ഥരെ നിയമിക്കാനോ സൌകര്യമില്ലാത്ത സാഹചര്യത്തിലാണ് സര്‍വകലാശാലകള്‍ ലെയ്സണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നത്. (ഇവര്‍ വ്യക്തികളോ ഏജന്‍സികളോ ആവാം). ദല്‍ഹിയിലെ റോഡുകളും മാര്‍ഗുകളും ഓഫീസുകളും അറിയുന്ന, ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനമുള്ള ഒരാളെയാണ് ഈ ജോലിക്കാവശ്യം. സര്‍വകലാശാലയുടെ ഗ്രാന്റുകളും റിസര്‍ച്ച് അവാഡുകളും SAPപോലുള്ള സ്കീമുകളും മാത്രമല്ല യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള സകല കോളജുകളുടെയും അക്കാദമിക കാര്യങ്ങള്‍ ദല്‍ഹിയില്‍ നോക്കുന്ന ജോലിയാണിത്.
ഈ ജോലി ഡല്‍ഹിയിലിരുന്നു മാത്രമേ ചെയ്യാനാവൂ എന്നത് പകല്‍പോലെ വ്യക്തമാണ്. എന്നിട്ടും പ്രജോഷ് കുമാറിറിന്റെ പരിഹാസം ഇങ്ങനെയാണ്. ‘ജോലി രാജ്യതലസ്ഥാനത്താണ്!’ ഈ ജോലി ഡല്‍ഹിയിലല്ലാതെ മറ്റെവിടെയിരുന്നാണ് ചെയ്യേണ്ടത്!
നിയമനം അനധികൃതമാക്കുന്ന വിധം
വിമാനത്താവളത്തില്‍ വെച്ചു കണ്ടുമുട്ടിയ യുവതിക്ക് ധൃതിപിടിച്ച് ജോലി നല്‍കുകയാണ് ചെയ്തത് എന്ന തോന്നലാണ് വാര്‍ത്ത സൃഷ്ടിക്കുന്നത്. എന്നാല്‍ നിയമനം അങ്ങനെയായിരുന്നില്ല. പത്രപരസ്യം നല്‍കിയ ശേഷം, ഇന്റര്‍വ്യൂ നടത്തിയ ശേഷമായിരുന്നു നിയമനം.
2011 ഡിസംബര്‍ 21ന് നാണ് കേരളത്തില്‍നിന്നിറങ്ങുന്ന പത്രങ്ങളില്‍ പരസ്യം വന്നത്. ഡിസംബര്‍ 28ാം തീയതിയായിരുന്നു ഇന്റര്‍വ്യൂ. വി.സി ഡോ. അബ്ദുസ്സലാം, സിന്‍ഡിക്കേറ്റ് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി കണ്‍വീനര്‍മാരായ ആര്‍.എസ് പണിക്കര്‍, ടി.വി ഇബ്രാഹിം എന്നിവരായിരുന്നു ഇന്റര്‍വ്യൂ സമിതിയില്‍. ഉച്ചക്ക് രണ്ടുമണിക്ക് വിസിയുടെ ഓഫീസിലായിരുന്നു ഇന്റര്‍വ്യൂ .
രണ്ട് ഉദ്യോഗാര്‍ഥികള്‍ മാത്രമേ ഇന്റര്‍വ്യൂവിനുണ്ടായിരുന്നുള്ളൂ എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അത് തെറ്റാണ്. 12 ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. പത്താമതായിരുന്നു അശ്വതി. ഇതിന്റെ രേഖകള്‍ യൂനിവഴ്സിറ്റിയിലുണ്ട്. അതൊന്നു പരിശോധിക്കുകപോലും ചെയ്യാശത വായില്‍തോന്നിയത് എഴുതുകയായിരുന്നു ലേഖകന്‍.
ഡല്‍ഹിയിലേക്ക് പറക്കുന്ന ശമ്പളം
ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനം എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍, ഇത് തെറ്റാണ്. ആറുമാസത്തേക്കുള്ള പാര്‍ട്ടൈം കരാര്‍ നിയമനം മാത്രമാണിത്. ശമ്പളം എല്ലാ മാസവും അക്കൌണ്ടില്‍ സര്‍വകലാശാല അയച്ചുകൊടുക്കുകയാണ് എന്നും വാര്‍ത്തയില്‍ പറയുന്നു. വീണ്ടും ദുരൂഹത. ഇത് അയക്കുന്നത് ഡല്‍ഹിയിലെക്കണോ? അല്ല. ശമ്പളം തേഞ്ഞിപ്പാലത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്ക് അക്കൌണ്ടില്‍ ക്രെഡിറ്റ് ആവുകയാണ് ചെയ്യുന്നത്. യൂനിവേഴ്സിറ്റിയിലെ എല്ലാ ജീവനക്കാരുടെയും ശമ്പളം ഈ രീതിയിലാണ് നല്‍കുന്നത്. എന്നിട്ടും അത് മറച്ചു വെച്ച് സര്‍വകലാശാല പ്രത്യേകമായ എന്തോ ഔദാര്യം കാണിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്ന പരാമര്‍ശം നടത്തുകയായിരുന്നു പ്രജോഷ് കുമാര്‍. വാര്‍ത്തയിലൂടെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ‘ക്രമവിരുദ്ധ നിയമനം’ എന്ന ആംഗിള്‍ ബലപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം.
ഇരട്ട ജോലി എന്ന മിത്ത്
‘ന്യൂഡല്‍ഹിയില്‍ കാമ്പ് ഫെയര്‍ ഗ്രാഫിക്നോവല്‍ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായ അശ്വതി അവിടെ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഹാജര്‍ രജിസ്റ്റര്‍ പോലും ഇവര്‍ക്ക് ബാധകമല്ല’ എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇതിലേറെയും അസത്യങ്ങളുും അറിവില്ലായ്മയുമാണ്. ഒന്നാമതായി, കാമ്പ് ഫെയര്‍ പബ്ലിക്കേഷന്‍സ് ജീവനക്കാരിയല്ല അശ്വതി. നേരത്തെ അവിടെയുണ്ടായിരുന്നെങ്കിലും ഗവേഷണത്തിന്റെ തിരക്കുകളും മറ്റും കണക്കിലെടുത്ത് അതു രാജിവെച്ചിരുന്നു. ഈ ജോലി ലഭിച്ച ഉടനെയായിരുന്നു അത്. എന്നാല്‍, ഇരട്ട ജോലി ചെയ്യുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ ലേഖകന്‍ ഇക്കാര്യം കൂട്ടിക്കലര്‍ത്തി. അവിടെയിരുന്നാണ് ജോലി ചെയ്യുന്നത് എന്ന പരാമര്‍ശം ഇതിന് മൂര്‍ച്ച കൂട്ടാനുള്ളതാണ്. ഹാജര്‍ രജിസ്റ്റര്‍ ബാധകമല്ല എന്നതും ഇതേ ഉദ്ദേശ്യത്തോടെ തന്നെ.
രസകരമാണ് ഈ വസ്തുതകള്‍. രാജിവെച്ച സ്ഥാപനത്തിലിരുന്ന് ജോലി ചെയ്യുന്നു എന്നുപറയുന്നത് മാത്രമല്ല, ലെയ്സണ്‍ ഓഫീസര്‍ എന്ന ജോലിയുടെ സ്വഭാവം കൂടി മറച്ചുവെക്കുകയാണ് ഇവിടെ.
ഇതൊരു താല്‍ക്കാലിക ജോലിയാണ്. ഓഫീസോ മേലധികാരിയോ ഒന്നും സാധ്യമല്ലാത്ത സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ ലെയ്സണ്‍ ഓഫീസറിനെ നിയമിച്ചതു തന്നെ. ഓഫീസില്ലാത്ത, ഫോണോ മറ്റ് സൌകര്യങ്ങളോ ലഭിക്കാത്ത ഒരാള്‍ എവിടെയിരുന്ന് ജോലി ചെയ്യണമെന്നാണ് ലേഖകന്‍ പറയുന്നത്? ഇത്തരമൊരു ജോലിക്ക് എന്ത് ഹാജര്‍ രജിസ്റ്ററാണ് ഏര്‍പ്പെടുത്തേണ്ടത? അങ്ങനെ ഒരു ഹാജര്‍ പട്ടിക വെക്കണമെങ്കില്‍ യൂനിവേഴ്സിറ്റി ഇവിടെ ഒരു ഓഫീസ് തുറക്കുകയും മേലധികാരിയെ നിയമിക്കുകയും ചെയ്യണമെന്ന സാമാന്യബോധം പോലും ലേഖകന്‍ കാണിച്ചിട്ടില്ല.
ഇത്തരത്തില്‍ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ദ്വയാര്‍ത്ഥങ്ങളും ഒക്കെ ചേര്‍ത്ത് സ്കൂപ്പ് ഉണ്ടാക്കുന്നതിനിടെ പ്രജോഷ് കുമാര്‍ എന്ന ലേഖകന്‍ മറന്നത് സാമാന്യ പത്ര ധര്‍മ്മം മാത്രമല്ല, ഈ പച്ചക്കള്ളങ്ങളാല്‍ മുറിയുന്ന ജീവിതങ്ങളെ കൂടിയാണ്. മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയത്തെ തന്നെയാണ്. സമാനമാണ് ഈ വാര്‍ത്തയിലെ പതിരുകാണാന്‍ മെനക്കെടാതെ, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും പുറത്തുമായി കയറെടുത്തോടിയ വായനക്കാരുടെയും മാധ്യമ നിരൂപകരുടെയും, സാമൂഹിക അവബോധമുണ്ടെന്നു സ്വയം വിളിച്ചുപറയുന്നവരുടെയും നിലപാടുകളും. വാര്‍ത്തക്കൊപ്പമുള്ള തെളിവുകള്‍ ഒന്ന് ശ്രദ്ധിച്ചു നോക്കുക പോലും ചെയ്യാതെ, ഇരയുടെ മേല്‍ വീണ്ടും കുതിര കയറുന്നതിനെയാണോ നമ്മള്‍ മാധ്യമ അവബോധമെന്ന് വിളിക്കുന്നത്? ഒരു നിമിഷം പോലും മിനക്കെടാതെ സ്വന്തം ഭാവനവിലാസം ഉപയോഗിക്കലാണോ നല്ല വായനക്കാരനും മാധ്യമ നിരൂപകരും സാമൂഹ്യ നിരീക്ഷകരും ചെയ്യേണ്ടത്? തെളിഞ്ഞുകാണുന്നത് ഒരല്‍പം മങ്ങിയാല്‍ (ഈ പറഞ്ഞ റിപ്പോര്‍ട്ടിന്റെ കൂടെ നല്‍കിയിരുന്ന വി സി യുടെ നോട്ടിന്റെ ഇമേജ് പോലെ) സത്യം മറഞ്ഞു പോവുകയും മസാല കൊഴുക്കുകയും ചെയ്യുമെന്ന പ്രജോഷ് കുമാറിനെ പോലെയുള്ള മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസത്തിനു ആക്കം കൂട്ടുകയാണോ സൈബര്‍ ചര്‍ച്ചകളുടെ ധര്‍മ്മം?
കടപ്പാട്:  നാലാമിടം



0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites