4/17/2012

ആണവ നിലയം കീജയ്‌, സഖാവ്‌ വിഎസ്‌ പൂഹോയ്...


രാഷ്ട്രീയ പാര്‍ട്ടികളായാല്‍ ഇങ്ങനെതന്നെ വേണം. സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ചായിരിക്കണം നിലപാട്‌. അല്ലാതെ, ഇന്ത്യയിലെല്ലായിടത്തും ഒരേ നിലപാടു സ്വീകരിച്ചാല്‍ ചുറ്റിപ്പോകില്ലേ. കേരള സംസ്ഥാന കമ്മിറ്റി, തമിഴ്‌നാട്‌ സംസ്ഥാന കമ്മിറ്റി എന്നിങ്ങനെ കമ്മിറ്റികളുണ്ടാക്കിയിരിക്കുന്നത്‌ തരാതരം സംസ്ഥാനാടിസ്ഥാനത്തില്‍ നിലപാടുകളെടുക്കാനും നടപ്പാക്കാനും കൂടിയാണെന്നേ. ഉവ്വ്‌, സത്യം.
കൂടംകുളത്ത്‌ ആണവനിലയം വേണം എന്നു പറയുന്നത്‌ തമിഴ്‌നാട്ടിലെ സിപിഎം മാത്രമല്ല. അവിടെയുള്ള ഒരുമാതിരിപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളൊക്കെ അതുതന്നെയാണു പറയുന്നത്‌. കാരണം ലളിതം. തമിഴ്‌നാട്ടിലെ വൈദ്യുതി ക്ഷാമം നമ്മള്‍ വിചാരിക്കുന്നതിനേക്കാളൊക്കെ അപ്പുറത്താണ്‌. ദിവസം ആറു മണിക്കൂറാണ്‌ പവര്‍ കട്ട്‌. അതായത്‌ 24 മണിക്കൂറുള്ള ദിവസത്തിന്റെ നാലിലൊന്നു ഭാഗവും അവര്‍ ഇരുട്ടിലാണെന്നു ചുരുക്കം. രാവിലെ എട്ടുമണിക്കു തുറക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ 11ന്‌ അടയ്‌ക്കുമേ്രത പിന്നെ തുറക്കുന്നത്‌ ഒരു മണിക്കാണ്‌. അതു വരെ നോ വൈദ്യുതി. അങ്ങനെ മൂന്നു തവണ വീതം ഇതേ പരിപാടി. ചിലപ്പോള്‍ ഈ പറഞ്ഞ സമയത്തിന്റെ ക്രമത്തിലൊക്കെ നേരിയ വ്യത്യാസമുണ്ടാകാം. എന്നാലും സംഗതി ഉള്ളതു തന്നെയാണ്‌. ജയലളിതാമ്മയും കരുണാനിധി കലൈഞ്‌ജരും പിന്നെ, എണ്ണമറ്റ ദ്രാവിഡ മുന്നേറ്റ കഴകങ്ങളും ഇക്കണ്ട കാലമത്രയും കൂട്ടായും ഒറ്റയക്കും ശ്രമിച്ചിട്ടും ഈ പവര്‍ മാത്രം കനിയുന്നില്ല. പവര്‍ ജയലളിതയുടെ കൈയിലാണെങ്കില്‍ ഡിഎംകെയും മറിച്ച്‌ അത്‌ ഡിഎംകെയുടെ കൈയിലാണെങ്കില്‍ അമ്മാവും പരസ്‌പരം കുറ്റപ്പെടുത്തുന്നത്‌ ഈ കാര്യം മാത്രം മാറ്റിനിര്‍ത്തിയാണത്രേ. കാരണം രണ്ടു കൂട്ടര്‍ക്കും കാര്യവിവരമുണ്ട്‌. വെറുതേ വായിട്ടലച്ചിട്ടു കാര്യമില്ല. പവര്‍ ഷോര്‍ട്ടേജ്‌ പരിഹരിക്കാന്‍ ധര്‍ണ നടത്തിയിട്ടൊട്ടു ഫലവുമില്ല. വിലക്കയറ്റം, റോഡ്‌ പൊട്ടിപ്പൊളിഞ്ഞ പ്രച്‌നൈ, ടിവിയിലെ ഗ്രെയ്‌ന്‍സ്‌ മാറാത്ത പ്രച്‌നൈ, പഞ്ചസാരയ്‌ക്കു മധുരം പോരാത്ത പ്രച്‌നൈ തുടങ്ങിയതൊക്കെ ഉയര്‍ത്തിക്കാട്ടി ധര്‍ണയോ വഴിതടയലോ ഒക്കെ നടത്താന്‍ കലൈഞ്‌ജര്‍ റെഡി. മുമ്പ്‌ അമ്മാവും റെഡിയായിരുന്നു. പക്ഷേ, വൈദ്യുതിക്കാര്യം മാത്രം മിണ്ടില്ല.
അങ്ങനെയിരിക്കുമ്പോഴാണ്‌ കൂടംകുളം സമരം. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കൂടംകുളംകാര്‍ക്കും വോട്ടുള്ളതുകൊണ്ട്‌ ജയലളിത സമരത്തെ അനുകൂലിച്ചു. ആ ആവേശത്തില്‍ സമരം കയറിയങ്ങു മൂത്തു. പക്ഷേ, ഇപ്പോള്‍ സമരത്തോട്‌ അത്ര ലോഹ്യമില്ലെന്നു മാത്രം. മാത്രമല്ല, കൂടംകുളത്ത്‌ ഉല്‌പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും തമിഴ്‌നാടിനു മാത്രം കിട്ടണമെന്ന്‌ അമ്മാ കല്‌പന പുറപ്പെടുവിക്കുകയും ചെയ്‌തിരിക്കുകയാണ്‌. ഇവിടെ ഭരിക്കുന്ന യുഡിഎഫ്‌ പറയുന്നതിനെല്ലാം നോ പറയുന്ന സിപിഎമ്മിനെപ്പോലെയല്ല അവിടത്തെ സിപിഎം. അതാണു കഥയുടെ മര്‍മം. അവര്‌ കൂടംകുളം സമരത്തിന്‌ എതിരാണ്‌. എന്നുവച്ചാല്‍ ആണവനിലയം വേണം, വൈദ്യുതി വേണം എന്നുതന്നേ. ഏതെങ്കിലും കാലത്ത്‌ വിപ്ലവം വരുമ്പോള്‍ അത്‌ ടിവിയില്‍ കൂടി അറിയണമെങ്കില്‍ കരണ്ട്‌ വേണ്ടേ അണ്ണാ എന്നാണു ചോദ്യം. അത്‌ പ്രകാശ്‌ കാരാട്ടിനു പിണറായിക്കും എം വി ജയരാജനും പോലും മനസിലാകും. പക്ഷേ, സഖാവ്‌ വി എസിനു മനസിലാകില്ല. അതുകൊണ്ട്‌ ലങ്ങേര്‌ സമരക്കാര്‍ക്ക്‌ അഭിവാദ്യം അര്‍പ്പിക്കാന്‍ ചുവന്ന കൊടിയും പ്ലാസ്റ്റിക്‌ മാലയുമൊക്കെ പൊതിഞ്ഞുകെട്ടി കൂടംകുളത്തേയ്‌ക്കു വണ്ടി ബുക്ക്‌ ചെയ്‌തു. പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത കുറേയാളുകള്‍ അങ്ങേരുടെ കൂട്ടത്തില്‍ വേണമെങ്കില്‍ വണ്ടിയില്‍ കയറാന്‍ റെഡിയായി വരികയും ചെയ്‌തു. അപ്പോഴാണ്‌ പാര്‍ട്ടി പറയുന്നത്‌: അതേയ്‌, സഖാവ്‌ അങ്ങോട്ടു പോകണ്ട. അവിടെയൊക്കെ വലിയ കുഴപ്പമാ. സഖാവ്‌ കന്റോണ്മെന്റ്‌ ഹൗസിലിരുന്നാല്‍ മതി. 
ഓ, എന്നാപ്പിന്നെ അങ്ങനെയാകട്ടെ എന്നു വാപൊത്തിപ്പിടിച്ച്‌ മൂളുമെന്നു നിനച്ചിരിക്കുമ്പോഴാണ്‌ പതിവു മാധ്യമ വൈതാളികരെ പിടിച്ചു വി എസ്‌ പറയുന്നു, എന്നോടാരും പോകണ്ടാന്നു പറഞ്ഞിട്ടില്ല. പിന്നെ അതായി വാര്‍ത്ത.
പോകണ്ടാന്നു പറഞ്ഞിട്ടില്ല എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം, ഞാന്‍ പോകും എന്നാണെന്നു മനസിലാകാന്‍ തോമസ്‌ ഐസക്കിനെപ്പോലെ ബുദ്ധിജീവിയൊന്നുമാകണ്ട കാര്യമില്ല.
ഇതിലും എത്രയോ ഭേദമായിരുന്നു, രണ്ടു സംസ്ഥാന കമ്മിറ്റിയും ആണവ നിലയം കീ ജയ്‌ എന്നൊരു തലക്കെട്ടിട്ട്‌ പ്രമേയം പാസാക്കുന്നത്‌. അതെങ്ങനെയാ, നല്ല ബുദ്ധിയൊന്നും സമയത്ത്‌ തോന്നില്ലല്ലോ.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites