5/07/2011

ഖാദറിന്റെ അറസ്റ്റ്: ഗൂഡാലോചന നടന്നത് കാസര്‍കോട്ട്


കാസര്‍കോട്: പ്രവാസി ബിസിനസുകാരന്‍ ചെങ്കള നാലാംമൈല്‍ ദാറുസ്സലാമിലെ മുഹമ്മദിന്റെ മകന്‍ മുഹമ്മദലി ഖാദറിനെ കളളക്കേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടന്നത് കാസര്‍കോട്ട് വെച്ചാണെന്ന് വ്യക്തമായി.



ഖാദറിന്റെ ഏററവും അടുത്ത സുഹൃത്തായ കാസര്‍കോട്ടെ ഇടനിലക്കാരനും മുംബൈയില്‍ ട്രാവല്‍സ് നടത്തുന്ന കാസര്‍കോട് സ്വദേശിയുമാണ് ഖാദറിന്റെ അറസ്റ്റിന് പിന്നിലെ പ്രധാന സൂത്രധാരന്‍മാര്‍. കാസര്‍കോട്ടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കളളക്കേസും അറസ്റ്റ് നാടകത്തിനുളള തിരക്കഥയും ഒരുക്കിയത്.

20 വര്‍ഷമായി ദേര ദുബൈയിലുളള ഖാദര്‍ 10 വര്‍ഷമായി ഇലക്‌ട്രോണിക് സ്‌പെയര്‍ പാര്‍ട്‌സുകളുടെ ബിസിനസ്സ് നടത്തി വരികയാണ്. അഞ്ചുവര്‍ഷം മുമ്പ് മുംബൈ സ്വദേശിയുമായി കച്ചവട ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഈ പ്രശ്‌നം അന്ന് തന്നെ മധ്യസ്ഥന്‍മാരുടെ സാന്നിധ്യത്തില്‍ പരിഹരിച്ചിരുന്നതായി ഖാദര്‍ കെവാര്‍ത്തയോട് വെളിപ്പെടുത്തി. ഈ വിഷയത്തെക്കുറിച്ച് നന്നായി അറിയാവുന്ന സംഘമാണ് മുംബൈയിലെ ട്രാവലുടമയുടെ സഹായത്തോടെ ഖാദറിനെ കുരുക്കാനുള്ള നാടകം ഒരുക്കിയത്.

മുംബൈ മാര്‍ക്കററില്‍ വെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയ പര്‍വേസ്, വസീം ചിക്ക്ണ എന്നിവര്‍ക്ക് വന്‍ പ്രലോഭനങ്ങള്‍ നല്‍കി ഖാദറിനെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇവരില്‍ നിന്നും വിദേശ നിര്‍മ്മിതമായ തോക്കും, നാടന്‍ തോക്കും പിടികൂടിയതായി കേസ് ഉണ്ടാക്കി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു ഹോട്ടലില്‍ വെച്ച് തോക്കുകള്‍ തങ്ങള്‍ക്ക് നല്‍കിയത് മുഹമ്മദലി ഖാദറാണെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു.

2010 സെപ്തംബര്‍ 26 ന് കാസര്‍കോട്ടെ ഹോട്ടലില്‍ മുംബൈയിലെ പര്‍വേസിന്റെ പേരില്‍ റൂമെടുത്തതായി ഹോട്ടല്‍ ലഡ്ജറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് തൊട്ടുമുമ്പ് കാസര്‍കോട്ടെ ഇടനിലക്കാരന്റെ പേരില്‍ ഇതേ ഹോട്ടലില്‍ മുറിയെടുത്തതായും പിറേറ ദിവസം മുറി ഒഴിഞ്ഞതായും തെളിഞ്ഞിട്ടുണ്ട്.

ഖാദറിനെ അറസ്റ്റ് ചെയ്ത് മുംബൈയിലേക്ക് കൊണ്ടു പോയ ശേഷം കാസര്‍കേട്ടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഖാദറിന്റെ പാണലത്തെ വീട് റെയ്ഡ് നടത്തുകയും വ്യാജ പാസ്‌പോര്‍ട്ട് കണ്ടെത്തിയതായും രേഖയുണ്ടാക്കി. എന്നാല്‍ 1995ല്‍ ഉണ്ടാക്കിയതെന്ന് പറയുന്ന വ്യാജ പാസ്‌പോര്‍ട്ടില്‍ 1996 ല്‍ കാസര്‍കോട്ടെ ഒരു സ്റ്റുഡിയോയില്‍ നിന്നും എടുത്ത തന്റെ ഫോട്ടേയാണ് പതിച്ചിക്കുന്നത്. സ്റ്റുഡിയോയില്‍ തന്റെ ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ട് അഞ്ജാതരായ രണ്ട് പേര്‍ വന്നിരുന്നതായി സ്റ്റുഡിയോ ഉടമ ഖാദറിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതത്തില്‍ ഒരിക്കല്‍ പോലും പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്നിട്ടില്ലാത്ത തന്നെ കാസര്‍കോട് സി.ഐ പി.ബാലകൃഷ്ണന്‍ നായര്‍, എസ്.ഐ ടി. മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നു. വെളളിയാഴ്ച പളളിയില്‍ പോയി വന്ന തന്നെ വസ്ത്രങ്ങള്‍ മാറാന്‍ പോലും അനുവദിച്ചിരുന്നില്ല. കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാതെ മുംബൈ പോലീസിന് കൈമാറുകയായിരുന്നു. മുംബൈയില്‍ എത്തിയ ഉടനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സമീപിക്കുകയും മുംബൈ സ്വദേശിക്ക് ബിസ്സിനസ് ഇടപാടില്‍ അഞ്ച് കോടി രൂപ നല്‍കാനുണ്ടെന്നും അത് തന്നാല്‍ വിട്ടയക്കാമെന്ന് പറഞ്ഞിരുന്നതായും ഖാദര്‍ വെളിപ്പെടുത്തി. മുംബൈയിലെ മധ്യസ്ഥനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോള്‍ ഖാദറുമായുളള എല്ലാ ഇടപാടുകളും മുമ്പേ തീര്‍ത്തിരുന്നതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് ട്രാവല്‍ ഉടമ സ്‌റ്റേഷനിലെത്തി 40 ലക്ഷം രൂപ നല്‍കിയാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചത്.

40 ദിവസമാണ് തനിക്ക് ചെയ്യാത്ത കുററത്തിന് ജയിലില്‍ കിടക്കേണ്ടി വന്നത്. ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ഏതററം വരെയും പോകുമെന്ന് ഖാദര്‍ പറഞ്ഞു.

തന്നെ കുടുക്കിയവരെക്കുറിച്ചുളള സൂചന ലഭിച്ചതിനെ തുടര്‍ന്ന് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നുറപ്പായപ്പോള്‍ ഒത്തുതീര്‍പ്പിനുളള ശ്രമങ്ങളുമായി കാസര്‍കോട്ടെ പ്രമുഖരടക്കമുളളവര്‍ തന്നെ സമീപിച്ചിരുന്നു. ഒത്തുതീര്‍പ്പിന് തയ്യാറാവാതിരുന്നപ്പോള്‍ ഭീഷണിയും ഉണ്ടായിട്ടുണ്ട്.

തന്റെ ജീവന് പോലും ഭീഷണിയുളള സാഹചര്യത്തില്‍ തനിക്കെതിരെ ഭീഷണിയും കരുനീക്കവും നടത്തുന്നവരെ കുറിച്ചുളള എല്ലാ വിവരങ്ങളും തെളിവ് സഹിതം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധമായി ആഭ്യന്തരമന്ത്രിക്കും, ഉന്നതകേന്ദ്രങ്ങളിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി പ്രതീക്ഷിച്ചിരിക്കുകയാണ് താനെന്നും ഖാദര്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites