5/04/2011

വിശുദ്ധ പിണറായിയും ഹസാരെ എന്ന ചെകുത്താനും!


ചെകുത്താന്‍ കുരിശു കണ്ട പോലെ എന്നൊരു പ്രയോഗമുണ്ട്‌. ഇനി ആരെങ്കിലും നീ ചെകുത്താനെയോ, ചെകുത്താന്‍ കുരുശി കാണുന്നതോ, കുരിശു കണ്ട ചെകുത്താനെയോ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഞാനീ നാട്ടുകാരനേ അല്ല എന്നു പറയുകയേ നിവര്‍ത്തിയുള്ളൂ. കേരളത്തിലെ ഏക പുണ്യവാളനായ ശ്രീ ശ്രീ ശ്രീ പിണറായിസ്സാറിന്റെ തിരുവായില്‍ നിന്നും അണ്ണാ ഹസാരെ എന്നയാള്‍ ചില ശകാര വര്‍ഷങ്ങള്‍ കേള്‍ക്കാണ്ടി വന്നതിന്റെ അടിസ്ഥാനത്തില്‍ അണ്ണാ ഹസാരെ എന്ന ആള്‍ ഒരു ചെകുത്താനവാനെ തരമുള്ളൂ എന്ന്‌ നമുക്കൂഹിക്കാം. കാരണം ശ്രീ പിണറായി ഏതായാലും ഒരു പുണ്യവാളനല്ല എന്ന്‌ അദ്ദേഹത്തിനു പോലും അഭിപ്രായമുണ്ടകാന്‍ വഴിയില്ല. വിശുദ്ധന്‍മാര്‍ ഒരിക്കലും നല്ലവരെ കുറിച്ച്‌ ദുഷിച്ചു സംസാരക്കാറേ ഇല്ല. അപ്പോള്‍ പിന്നെ ശ്രീ പിണറായി ദൂഷ്യം പറഞ്ഞ ഹസാരെ എങ്ങിനെ സല്‍ഗുണ സമ്പന്നനാവും? അണ്ണാ ഹസാരെ, ചെകുത്താന്‍, ഇന്ത്യയെ കശാപു ചെയ്യാന്‍ നടക്കുന്ന നീചന്‍. ഇന്ത്യന്‍ ജനാധിപത്യത്തെ പുച്ഛത്തോടെ നോക്കിക്കാണുന്ന ദേശ ദോഹ്രി. വേണമെങ്കില്‍ ഹസാരെക്ക്‌ വെറുക്കപ്പെട്ടവന്‍, നികൃഷ്ടന്‍, കുരങ്ങന്‍ എന്നീ പാര്‍ട്ടി പദവികള്‍ കൂടി നല്‍കാവുന്നതാണ്‌. 

അണ്ണാ ഹസാരെ ഒരു സത്യാഗ്രഹമിരുന്നതിനും അതിന്റെ പരസ്യത്തിനും കൂടി ചിലവാക്കിയത്‌ ലക്ഷങ്ങളാണ്‌ എന്നു നാമൊക്കെ കേട്ടു. അപ്പോഴേ അദ്ദേഹത്തിന്റെ മാര്‍ഗം പാവം ഗാന്ധിജിയുടേതല്ല, പകരം സമ്പന്നനായ മറ്റേതേ ഗാന്ധിജിയുടേതാണ്‌ എന്നു തോണിയിരുന്നു. പക്ഷെ രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബിലില്‍ അല്ലാതെയുള്ള ഹസാരെ ചേട്ടന്റെ സമര മുറകള്‍ കണ്ടപ്പോള്‍ ഏകെജി സെന്ററിലെ വിശുദ്ധ പിണറായിക്ക്‌ ഹാലിളകി എന്നതിലാണ്‌ അത്ഭുതം. അണ്ണാ ഹസാരെക്ക്‌ ഇന്ത്യന്‍ ജനാധിപത്യത്തോട്‌ പുച്ഛമാണ്‌ എന്നാണ്‌ മഹാനുഭാവന്റെ കണ്ടു പിടുത്തം. അതിനുള്ള അദ്ദേഹത്തിന്റെ തെളിവോ? അണ്ണാ ഹസാരെ രഷ്ട്രീയ പാര്‍ട്ടിയുടെ ലേബബിലല്ല സത്യാഗ്രഹമിരുന്നത്‌ എന്നാണ്‌. സംഗതി ഹസാരെ ചേട്ടന്‌ അറിയാതെ പറ്റിയ ഒരബദ്ധമാണ്‌. അദ്ദേഹം ഡല്‍ഹിയില്‍ സത്യാഗ്രഹമിരിക്കാന്‍ പോകുന്നതിന്റെ മുമ്പായി, എകെജി സെന്ററില്‍ വന്ന്‌ വിശുദ്ധ പിണറായിയുടെ മുമ്പില്‍ കുമ്പിട്ട്‌ നിന്ന്‌ കുമ്മിയടിച്ച്‌ ഒരനുഗ്രഹമൊക്കെ വാങ്ങിച്ചേച്ച്‌ പോകണമായിരുന്നു. ഇതിപ്പോള്‍ അതൊന്നും ചെയ്യാത്തതു കൊണ്ട്‌ ഹസാരെ വെറുക്കപ്പെട്ട നികൃഷ്ടനായ പിശാചു തന്നെ. 

അരാഷ്ട്രീയ പരമായ കാര്യങ്ങളോട്‌ ശ്രീ പിണറായിക്ക്‌ പണ്ടേ പരമ പുച്ഛമാണ്‌. ആ പുച്ഛം അദ്ദേഹത്തിന്റെ മുഖത്ത്‌ സദാസമയം ആവോളം വാരി വിതറിയിരിക്കുന്നതു കാണാം. ചിലരൊക്കെ അത്‌ അദ്ദേഹത്തിന്റെ അഹങ്കാര ഭാവമാണെന്നു പറയാറുണ്ട്‌. പക്ഷെ അങ്ങിനെ അല്ല. അദ്ദേഹം പരമസാത്വികനായ ഒരു മനുഷ്യനാണ്‌. ഈ ലോകത്തിലെ ഒരേ ഒരു പുണ്യവാളന്‍. ശരിക്കും പറഞ്ഞാല്‍ എസ്‌ എന്‍ സ്വാമി ക്വട്ടേഷനെടുത്ത്‌ ഓഗസ്റ്റ്‌ പതിനഞ്ച്‌ എന്ന സിനിമയിലൂടെ പറഞ്ഞ കൂട്ട്‌, സത്യം മാത്രം സത്യസന്ധമായി പറയാനുള്ള ഒരേ ഒരാള്‍. അതാണ്‌ ശ്രീ ശ്രീ പിണറായി. അദ്ദേഹത്തിന്റെ വേദ പുസ്‌തകത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബബിലാണെങ്കില്‍ ഇവിടെ ഏതു പ്രവര്‍ത്തിയും മഹത്തരമാണ്‌, അനുവദനീയമാണ്‌. ഇനി ഏതെങ്കിലും ഒരു പ്രവര്‍ത്തി ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബല്‍ ഇല്ലെങ്കിലോ? അതെല്ലാം ദേശ വിരുദ്ധമാണ്‌, ജനാധിപത്യ വിരുദ്ധമാണ്‌, സര്‍വോപരി തീവ്രവാദവുമാണ്‌. കഴിഞ്ഞ പ്രാവിശ്യം കണ്ണൂരില്‍ ബോംബു പൊട്ടിയപ്പോള്‍ നാം കേട്ടാതാണ്‌ ഈ മഹാമനുഷ്യന്റെ വേദോപദേശം. അദ്ദേഹത്തിന്റെ അന്ധരായ ആരാധകരേ, നിങ്ങള്‍ ക്ഷമിക്കുക. 

മതം രഷ്ട്രീയത്തിലിടപെടരുത്‌ എന്നു പറയുന്ന അതേ പിണറായി സാറു തന്നെയാണ്‌ ജമാഅത്തെ ഇസ്ലാമിയുമായി സംസാരിച്ചത്‌. ചോദിച്ചാല്‍ പറയാന്‍ ന്യായമുണ്ട്‌. എന്താണത്‌? അവരിങ്ങോട്ട്‌ വന്നതാണത്രെ. അവരിങ്ങോട്ടു വന്നപ്പോള്‍ ഹിറാ സെന്ററിന്റെ അട്ടത്തേക്ക്‌ അവരുടെ തീവ്രവാദമൊക്കെ ഇട്ടേച്ചാണോ പിണറായി പുണ്യവാളാ വന്നത്‌ എന്നു ചോദിച്ചാല്‍ പാര്‍ട്ടിക്കാര്‍ വീട്ടില്‍ കേറി കാലു വെട്ടും; പറഞ്ഞേക്കാം! അല്ല. താങ്കള്‍ പറയുന്നതേ ജനങ്ങള്‍ അംഗീകരിക്കാവൂ എന്നാണല്ലോ! കാരണം, സത്യം സത്യമായി ഒരേ ഒരാള്‍ താങ്കള്‍ മാത്രമാണല്ലോ ഉള്ളത്‌. ജനങ്ങളെല്ലാവരും ചിന്താ ശക്‌തിയില്ലാത്ത വെറും കളിമണ്‍പ്രതിമകളാണെന്നാണോ താങ്കളും താങ്കളുടെ സ്‌തുതി പാടകരായ സില്‍ബന്തികളും കരുതി വച്ചിരിക്കുന്നത്‌? സത്യത്തില്‍ അണ്ണാ ഹസാരെയെ കുറിച്ച്‌ പറയുന്ന ഓരോ വാക്കുകളും ആരെ ഉദ്ധ്യേശിച്ചാണെന്നു മനസ്സിലാക്കാനായി ഇനി കേരളത്തിലെ ജനങ്ങള്‍ക്ക്‌ കവടിയൊന്നും നിരത്തേണ്ട കാര്യമില്ല. വി എസ്സ്‌ എന്ന വ്യക്‌തിത്വത്തിന്റെ പ്രതിച്ഛായ ഒരു ഉപവാസം കൊണ്ട്‌ വാനോളമങ്ങു പൊന്തിയപ്പോള്‍ പാര്‍ട്ടിയുടെ വക ഹര്‍ത്താലുണ്ടാക്കി അതിനെ മൂടാന്‍ നോക്കിയ മഹാത്മാവാണല്ലോ താങ്കള്‍. എന്തു കൊണ്ടും ഹര്‍ത്താലും ബോംബേറും വടിവാള്‍ കുത്തുമായി പ്രതിഷേധമറിയിക്കുന്നതിനെക്കാള്‍ എത്രയോ നല്ലാതാണ്‌ സത്യാഗ്രഹങ്ങള്‍. 

അരാഷ്ട്രീയ പരമായ നീക്കങ്ങളുണ്ടാകേണ്ടിടത്ത്‌ അരാഷ്ട്രീയ പരമായ നീക്കങ്ങള്‍ തന്നെ ഉണ്ടാകണം. അതു രാഷ്ട്രീയ വിശുദ്ധന്‍മാര്‍ക്കു പറ്റിയാലും ശരി. ഇല്ലെങ്കിലും ശരി. മത മേലദ്ധ്യക്ഷന്‍മാര്‍ക്ക്‌ അവരുടെ അനുയായികളോട്‌ ചില കടപ്പാടുകളും ബധ്യതകളുമുണ്ട്‌. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മതത്തെ മത പുരോഹിതന്‍മാര്‍ ഉപയോഗിക്കുന്നുണ്ട്‌ എന്നു പറയുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. അതേ അളവിലോ, അതിനെക്കാള്‍ കൂടുതല്‍ അളവില്‍ തന്നെയോ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി രാഷ്ട്രീയത്തെ രാഷ്ട്രീയ നേതാക്കന്‍മാരും ഉപയോഗിക്കുന്നുണ്ട്‌. എസ്‌എന്‍ഡിപി ഒരു മത വിഭാഗത്തിന്റെ സംഘടനയാണ്‌. എന്‍എസ്‌എസ്‌ ഒരു മതവിഭാഗത്തിന്റെ സംഘടനയാണ്‌. ഇതിലെല്ലാം മതമുണ്ട്‌. എന്നാല്‍ ആ സംഘടനകളുടെയും, അത്ര തന്നെ ആള്‍ബലമില്ലാത്ത ജമാഅത്തെ ഇസ്ലാമിയുടേയും, സാമാന്യം ആള്‍ബലമുള്ള ക്രിസ്‌ത്യന്‍ സഭകളുടെയുമൊക്കെ ഒതുക്കിന്‍ കല്ലിന്റെ ചുവട്ടില്‍ ചെന്ന്‌ വാലാട്ടി നിന്നിട്ട്‌, ശേഷം മതം രാഷ്ട്രീയത്തിലിടപെടേണ്ട എന്നു പറയാന്‍ ഇന്ത്യയിലെ ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക്‌ എന്തവകാശം? ഓരോ മതസംഘടനകളുടേയും കയ്യിലൊരുമിച്ചു കൂടിയ വോട്ടെന്ന എല്ലിന്‍ കഷണത്തിനു വേണ്ടി പരസ്പരം പല്ലും നഖവും ഉപയോഗിച്ചു അക്ക്രമിക്കുന്ന കേവല ശ്വനകന്‍മാരായിട്ടേ ഇന്ത്യയിലെ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയേയും കാണാനാവൂ. ഈ രാഷ്ട്രീയ കളികള്‍ കണ്ടു മടുത്ത ഇന്ത്യയിലെ ജനങ്ങള്‍ ഒരു മറുമാര്‍ഗം ചിന്തിച്ചാല്‍ അന്നു തീരും തങ്ങളുടെ മണിമേടകളിലെ പൊറുതി എന്ന ഭയമാണോ വിശുദ്ധനായ ശ്രീ ശ്രീ ശ്രീ പിണറായിയെ കൊണ്ട്‌ അണ്ണാ ഹസരയ്ക്കെതിരെ ദുഷിച്ചു സംസാരിപ്പിക്കുന്നത്‌
കടപ്പാട്: അസ്സാദ്‌

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites