5/06/2011

ഒബാമയുടെ നേരമോ നേരക്കേടോ?


ഇസ്‌ലാമാബാദിലാണ് ഉസാമ കൊല്ലപ്പെട്ടതെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ കേട്ടുകൊണ്ടിരിക്കെ പഴയ ഒരു കൂടിക്കാഴ്ചയാണ് ഓര്‍മവന്നത്. 2005ലെ ഭൂകമ്പകാലത്ത് ഈ മേഖലയിലൂടെ സഞ്ചരിക്കെ, അല്‍ ജസീറ ടി.വിയുടെ അന്നത്തെ ഇസ്‌ലാമാബാദ് ബ്യൂറോ ചീഫ് അഹ്മദ് മുവഫഖ് സൈദാനുമൊന്നിച്ച് പ്രമുഖനായൊരു പാക് രാഷ്ട്രീയനേതാവിനെ കാണാനായിരുന്നു യാത്ര. സംസാരമധ്യേ വിഷയം ഉസാമയെ കുറിച്ചായി. മുവഫഖ് സൈദാന്‍ പാകിസ്താനെ കുറിച്ചു മാത്രമല്ല, മേഖലയെ കുറിച്ചുതന്നെ നന്നായറിയുന്ന പത്രപ്രവര്‍ത്തകനായതു കൊണ്ട് ഉസാമ ഇപ്പോള്‍ എവിടെയാണെന്ന ചോദ്യം അദ്ദേഹത്തിനു നേര്‍ക്കു തിരിച്ചുവെച്ചു. മുവഫഖ് ചിരിച്ചൊഴിഞ്ഞു. മടക്കത്തില്‍ കൂടെയുണ്ടായിരുന്നയാള്‍ ഇത്രമാത്രം പറഞ്ഞു. 'രണ്ടു കാര്യങ്ങള്‍മാത്രം ഈ വിഷയത്തില്‍ ഉറപ്പു പറയാനാവും. അദ്ദേഹം അഫ്ഗാനിസ്താനില്‍ ഇപ്പോഴില്ല. ആള്‍ സുരക്ഷിതനായി മറ്റൊരു രാജ്യത്ത് ജീവിക്കുന്നുമുണ്ട്'. ആ മറുപടിയില്‍നിന്ന്  ഊഹിച്ചെടുക്കാവുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ടായിരുന്നു.

പാകിസ്താനിലെ സെനറ്ററും അറിയപ്പെടുന്ന എഴുത്തുകാരനുമായ പ്രഫ. ഖുര്‍ശിദ് അഹ്മദിന്റെ ഇസ്‌ലാമാബാദിലെ ഓഫിസില്‍വെച്ചാണ് ഈ വിഷയം വീണ്ടും ചര്‍ച്ചക്കുവന്നത്. ഖുര്‍ശിദ് ഇക്കാര്യത്തില്‍ പ്രത്യേകം ഗവേഷണങ്ങള്‍തന്നെ നടത്തിയിരുന്നു. ഉസാമയുടെ പേരില്‍ വേഷംകെട്ടിയ ആരോ ആണ് വീഡിയോ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് മള്‍ട്ടിമീഡിയാ സങ്കേതങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം സംശയരഹിതമായി തെളിയിച്ചു. 'ഉസാമയെ സോവിയറ്റ് യൂനിയനെതിരെ വളര്‍ത്തി ക്കൊണ്ടുവന്നതും സംരക്ഷിച്ചതും അമേരിക്കയാണ്. താലിബാന്‍ വീണശേഷം ഉസാമയെ അവര്‍ സുരക്ഷിതമായി മറ്റെങ്ങോട്ടെങ്കിലും മാറ്റിയിട്ടുണ്ടാവാം'. ഉസാമയെ കൊല്ലുന്നതോടെ അഫ്ഗാനിലും പാകിസ്താനിലും അമേരിക്കന്‍ സൈന്യം തുടരുന്നതിന്റെ യുക്തിപരമായ അടിത്തറ ഇല്ലാതാവുമെന്നതാണ് ഇതിന്റെ കാരണമായി പ്രഫ. ഖുര്‍ശിദ് ചൂണ്ടിക്കാട്ടിയത്. 'അമേരിക്കയുടെ അറിവില്‍പെടുന്ന ഏതോ സ്ഥലത്ത്  ഉസാമ ഉണ്ടായിരിക്കാം. പക്ഷേ, അഫ്ഗാനില്‍നിന്ന് അന്തിമമായി തോറ്റോടുന്നതുവരെ ഉസാമ മരിച്ചെന്ന് അവര്‍ സമ്മതിക്കാനിടയില്ലെ'ന്ന രസകരമായ പ്രവചനവും അദ്ദേഹം നടത്തിയിരുന്നു.
പക്ഷേ, പാകിസ്താനിലേക്ക് കടന്നുകയറാനുള്ള അമേരിക്കയുടെ അജണ്ടയുടെ ഭാഗമായാണ് ഉസാമയെ കുറിച്ച വിവരം പുറത്തുവരുകയെന്ന് ഒരു ദോഷൈകദൃക്കിനു പോലും അന്ന് സങ്കല്‍പിക്കാന്‍ കഴിയുമായിരുന്നില്ല. അഫ്ഗാനിലെ പരാജയത്തേക്കാളേറെ പാകിസ്താനിലെ പുതിയ പോരാട്ടങ്ങളാണ് മേഖലയില്‍ ആശങ്കയുണ്ടാക്കുന്നത്. ഏതു നഗരം എന്നതിനേക്കാളുപരി ഏതു രാജ്യം എന്ന ചോദ്യമാണ് കൂടുതല്‍ ഉച്ചത്തിലുയരുന്നത്. ഇസ്‌ലാമാബാദില്‍നിന്ന് മാന്‍ശേറയിലേക്കുള്ള വഴിയില്‍ വെറും 60 കിലോമീറ്റര്‍ ദൂരത്തിലാണ് പാകിസ്താന്‍ പട്ടാളത്തിന്റെ സൈനിക പരിശീലന കോളജുകളും കന്‍േറാണ്‍മെന്റുകളും മറ്റുമുള്ള അബെറ്റാബാദ് നഗരമുള്ളത്. കനത്ത  സൈനിക സാന്നിധ്യമാണ് ഈ നഗരത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ കശ്മീരിന്റെ അതിര്‍ത്തിയില്‍നിന്ന് ഒരു പട്ടച്ചരടിന്റെ ദൂരം. പാകിസ്താന്റെയും അമേരിക്കയുടെയും ചാര സംഘടനകളുടെ അറിവില്‍പെടാതെ ഇത്രയും ദീര്‍ഘമായ കാലയളവില്‍ ഉസാമയെ പോലൊരാള്‍ അബെറ്റാബാദില്‍ തങ്ങുമെന്ന് വിശ്വസിക്കുക സാമാന്യ ബുദ്ധിക്ക് നിരക്കുന്നതായിരുന്നില്ല.
മുസഫറാബാദിലേക്കുള്ള വഴിയില്‍ സ്ഥിതിചെയ്യുന്ന അബെറ്റാബാദ് എന്നും തീവ്രവാദികളുടെ സങ്കേതമായിരുന്നു. അവിടത്തെ ഏതോ ദുരിതാശ്വാസ ക്യാമ്പില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. അത്തരമൊരു പ്രദേശത്ത് സ്വാഭാവികമായും അമേരിക്കയുടെ ചാരസംഘടനകള്‍ ഒരു കണ്ണുവെക്കാതിരിക്കില്ലല്ലോ. തീവ്രവാദികള്‍ പൊതുവെ 'ശൈഖ് ഉസാമ' എന്നു മാത്രം അഭിസംബോധന ചെയ്യുന്ന, അദ്ദേഹത്തിന്റെ പേരുകേട്ടാല്‍പോലും ആവേശം കൊള്ളുന്ന സ്ഥിതിക്ക് അവരിലാരുമായും ടെലിഫോണ്‍ ബന്ധം പോലുമില്ലാതെയാണ് ഉസാമ ഈ നീണ്ട പത്തുവര്‍ഷക്കാലം കഴിഞ്ഞതെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെ വിശകലനം ചെയ്താല്‍ വ്യക്തമാവുന്നത്. ഭീകരതയെ കുറിച്ച നമ്മുടെ പല അറിവുകളെയും ഈ സ്ഥലനിര്‍ണയം ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പാകിസ്താന്‍ കേന്ദ്രീകരിച്ച് അമേരിക്കന്‍ സൈന്യത്തിനെതിരെ എടുത്തു പറയാവുന്ന ഒരു നീക്കവും മാന്‍ശേറ, ബട്ഗ്രാം, അബെറ്റാബാദ്, മുസഫറാബാദ് ഏരിയകളില്‍നിന്ന് ഉണ്ടായിട്ടില്ല. ഉസാമ യഥാര്‍ഥത്തില്‍ അമേരിക്കക്ക് എതിരായിരുന്നെങ്കില്‍ ഇസ്‌ലാമാബാദിലടക്കം അദ്ദേഹത്തിന് ലക്ഷ്യം വെക്കാനാവുമായിരുന്ന എണ്ണമറ്റ അമേരിക്കന്‍കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. ലാല്‍ മസ്ജിദ് സംഭവം പോലും ഉസാമയെ പ്രകോപിപ്പിച്ചതിന് തെളിവില്ല. പെഷാവര്‍ നഗരം കേന്ദ്രീകരിച്ചാണ് താലിബാന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പാകിസ്താനിലെ മുശര്‍റഫ് വിരുദ്ധ-അമേരിക്കന്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നത്. ഒന്നുകില്‍ സുരക്ഷിതനും സംരക്ഷിതനുമായാണ് അദ്ദേഹം പാകിസ്താനില്‍ കഴിഞ്ഞിരുന്നത്. അതായത് സന്ധിചെയ്ത് കീഴടങ്ങിയ, പരാജിതനായ ഉസാമ ബിന്‍ലാദിന്‍. അതല്ലെങ്കില്‍ ഉസാമ സ്വയം തിരിച്ചറിഞ്ഞിരുന്നുവെന്നാണ് ഈ മൗനത്തിന്റെ അര്‍ഥം. തന്നെ ചൂണ്ടിക്കാട്ടി അമേരിക്ക മുസ്‌ലിംലോകത്തെ പിച്ചിച്ചീന്തുന്നതും കൊന്നൊടുക്കുന്നതും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അമേരിക്കയുടെ കൂലിത്തല്ലുകാരായ 'തഹ്‌രീകെ താലിബാനെ' മാറ്റിനിര്‍ത്തിയാല്‍ അഫ്ഗാനിലെ ജിഹാദീ സംഘടനകള്‍ സ്വീകരിച്ച നയനിലപാടുകളും ഈ മൗനത്തിന് സമാനമായിരുന്നു. പോര്‍വിളിയില്ലാതെ, നേര്‍ക്കുനേരെ അമേരിക്കന്‍ സൈനികരെ കൊന്നൊടുക്കുന്ന തന്ത്രങ്ങളായിരുന്നു ജലാലുദ്ദീന്‍ ഹഖാനിയെ പോലുള്ളവരുടേത്. രണ്ടായാലും ഉസാമ ചിത്രത്തിലെവിടെയും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ആഗസ്റ്റ് മുതല്‍ക്കാണ് ഉസാമ പാകിസ്താനില്‍ ഉണ്ടെന്ന വിവരം തന്റെ ശ്രദ്ധയില്‍പെട്ടതെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ അവകാശവാദം. അതുവരെ തോറബോറയിലായിരുന്നുവെന്നാണ് ഈ പ്രസ്താവന കേട്ടാല്‍ ആര്‍ക്കും തോന്നുക! യഥാര്‍ഥത്തില്‍ സോവിയറ്റ്-അഫ്ഗാന്‍ യുദ്ധകാലത്ത് ജലാലാബാദിനു സമീപം അമേരിക്ക പണിത ലോകത്തെ ഏറ്റവും ആധുനികമായ ഭൂഗര്‍ഭ നിലയങ്ങളിലൊന്നാണ് തോറബോറ. അത് 1996ല്‍ ഉസാമക്ക് കൈമാറിയത് സി.ഐ.എ ആണെന്നും പുലിറ്റ്‌സര്‍ അവാര്‍ഡ് നേടിയ സ്റ്റീവ് കോളിന്റെ 'ഗോസ്റ്റ് വാര്‍' എന്ന ഗ്രന്ഥം തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്. ഉസാമയെ കുറിച്ച് 'ടൈം' മാഗസിന്‍ പ്രസിദ്ധീകരിച്ച കവര്‍സ്‌റ്റോറിയില്‍ 2001 അവസാനത്തില്‍ തന്നെ ഉസാമ അഫ്ഗാന്‍ വിട്ടതായും വ്യക്തമാക്കുന്നു. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ ഉസാമയെ ചികിത്സിക്കാന്‍ ഒരു രാജ്യം തയാറായതായും ഈ റിപ്പോര്‍ട്ടില്‍ കാണാനാവും. രോഗിയും അവശനുമായി അഫ്ഗാനില്‍നിന്ന് പിന്‍വാങ്ങിയ ഒരാളുടെ ചിത്രം ഉസാമക്ക് ചേരുന്നുവെങ്കില്‍ പ്രഫ. ഖുര്‍ശിദ് ചൂണ്ടിക്കാട്ടിയത് ശരിയാണെന്ന് സംശയിക്കാവുന്ന ഒരു സാഹചര്യമാണ് രൂപപ്പെടുന്നത്. രണ്ട് കാര്യങ്ങളാണിവിടെ തെളിയുന്നത്. ഭൂമിക്കടിയില്‍ ആധുനിക ലബോറട്ടറിയും സൗകര്യങ്ങളുമുള്ള തോറബോറയില്‍നിന്ന് അദ്ദേഹത്തെ ആരോ രക്ഷിക്കുകയാണ് ചെയ്തത്. എന്നിട്ട് ജീവന്‍ കൊടുത്തു നിലനിര്‍ത്തുകയും. രക്ഷിച്ചതിനും സംരക്ഷിച്ചതിനും പിന്നില്‍ അമേരിക്കയും പാകിസ്താനും ഒരുപോലെ പങ്കുണ്ടാവാമെന്നാണ് സൂക്ഷ്മവിശകലനത്തില്‍ വ്യക്തമാവുന്നത്.
ഉസാമ കൊല്ലപ്പെട്ടെന്ന് പ്രഖ്യാപിക്കാനുള്ള സമയം ഒബാമ ഇപ്പോള്‍ തെരഞ്ഞെടുത്തത് അഫ്ഗാനില്‍ പരാജയം സമ്മതിച്ചതിന്റെകൂടി സൂചനയായാണ് മനസ്സിലാക്കേണ്ടത്. പക്ഷേ, അദ്ദേഹത്തിന്റ കാലത്ത് ജോര്‍ജ് ബുഷിന്റെ 'കുരിശുയുദ്ധം' കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഭീകരവിരുദ്ധ യുദ്ധം എന്ന നാടകം അനിവാര്യമായും പാകിസ്താനെതിരെ തിരിയുകയോ അഫ്ഗാനിലെ സൈനിക ക്യാമ്പുകള്‍ അമേരിക്ക പാകിസ്താനിലേക്ക് മാറ്റുകയോ ചെയ്യും. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസംഗത്തില്‍ മുസ്‌ലിം ലോകത്തിന്റെ 'ചിറിക്ക് തോണ്ടുന്ന' പലതുമുണ്ട്. ഭീകരതയോട് വിയോജിക്കുന്നവര്‍പോലും അമേരിക്കക്കെതിരെ പോരാടിയ വീരപുരുഷനായാണ് ഉസാമയെ കണക്കാക്കുന്നത്. അദ്ദേഹത്തെ മുസ്‌ലിംകളുടെ കൊലയാളിയെന്ന് വിശേഷിപ്പിക്കുകയും മൃതദേഹം കടലില്‍ തള്ളുകയും ചെയ്തതിലൂടെ കൂടുതല്‍ തീവ്രവാദി സംഘങ്ങളെ പ്രകോപിപ്പിക്കുകയാണ് ഒബാമ ചെയ്തത്. ജനാധിപത്യത്തിന്റെ കാറ്റുവീശാന്‍ തുടങ്ങുന്ന അറബ് ലോകത്തെ ആഭ്യന്തര ഛിദ്രതയിലേക്ക് തള്ളിവിടാന്‍ വഴിയൊരുക്കുന്ന ചില കുരുട്ടു തന്ത്രങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഇസ്‌ലാമിനെതിരെ കൂടുതല്‍ വിശാലമായ യുദ്ധമായിരിക്കാം അമേരിക്ക ലക്ഷ്യമിടുന്നത്. ഉസാമയെ കണ്ടെത്താന്‍ സഹായിച്ചതിനോ അബെറ്റാബാദില്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയതിനോ ഒരു നന്ദിവാക്കു  പോലും പാകിസ്താനോട് ഒബാമ പറയുന്നില്ല എന്നത് ശ്രദ്ധിക്കുക. എല്ലാം തന്റെയും അമേരിക്കയുടെയും മാത്രം മിടുക്കായാണ് ഒബാമ ചിത്രീകരിക്കുന്നത്.
'
അല്‍ ഖാഇദ'യും ഉസാമ ബിന്‍ലാദിനുമൊക്കെ അമേരിക്കയുടെ കൂട്ടിലെ കോഴികളായിരുന്നുവെങ്കില്‍ നമുക്ക് ഭയപ്പെടുകയേ നിവൃത്തിയുള്ളൂ. അയ്മന്‍ സവാഹിരി മുതല്‍ക്കുള്ള പുതിയ പൂവന്മാര്‍ പുരപ്പുറത്തുകയറി കൂവുന്നതിന്റെ വിശേഷങ്ങളാവും ഇനിയുള്ള ദിവസങ്ങളില്‍. അതല്ല അവര്‍ യഥാര്‍ഥ പോരാളികളായിരുന്നുവെങ്കില്‍ ഈ മരണത്തോടെ ലോകം അമേരിക്കയില്‍നിന്ന് തല്‍ക്കാലത്തേക്കെങ്കിലും രക്ഷപ്പെടും.
എ. റശീദുദ്ദീന്‍

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites