പണ്ട് പണ്ട് കേരളനാട്ടില്‍ കെ മുരളീധരന്‍ എന്നൊരു കെപിസിസി പ്രസിഡന്റുണ്ടായിരുന്നു. അക്കാലത്ത് പഞ്ചപാവവും എന്നാല്‍ മഹാ തന്ത്രശാലിയുമായ അന്തോണിച്ചനാണ് നാടു ഭരിച്ചിരുന്നത്. രണ്ടുപേരും വലിയ കൂട്ടായിരുന്നു.പക്ഷേ, കുറേക്കഴിഞ്ഞപ്പോള്‍ കൂട്ടുവെട്ടി. അങ്ങോട്ടുമിങ്ങോട്ടും കൊടുത്തിരുന്ന മഷിത്തണ്ടും കല്ലു പെന്‍സിലും സ്‌ളേറ്റുമൊക്കെ തിരിച്ചുവാങ്ങി. ഡല്‍ഹിയില മാഷമ്മാരെ കളിയാക്കാന്‍ അലൂമിനിയം പട്ടേല്‍, പ്ലാസ്റ്റിക് പാത്രം തുടങ്ങിയ പേരുകള്‍ വിളിക്കാന്‍ തുടങ്ങിയതോടെ കെപിസിസി പ്രസിഡന്റിന് മന്ത്രിയായി സ്ഥാനക്കയറ്റം കൊടുക്കാന്‍ മേലാവില്‍ നിന്നു തീരുമാനമായി. കെപിസിസി പ്രസിഡന്റാണ് ഒന്നാമനെന്നും മറ്റുമുള്ള ആപ്തവാക്യങ്ങള്‍ ഇന്നത്തെപ്പോലെ അന്നു പ്രചുരപ്രചാരം സിദ്ധിച്ചിട്ടുണ്ടായിരുന്നില്ല. വൈദ്യുതി മന്ത്രിയാക്കിയിട്ട് വടക്കാഞ്ചേരി എന്നൊരു സ്ഥലത്തെ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും മുന്നിലിട്ടുകാടുത്തു. അവരെല്ലാം കൂടി കടിച്ചുകീറിയപ്പോ, കീറിപ്പോയ ഖദറുമിട്ട് തോറ്റമ്പി തലസ്ഥാനത്തെത്തി. എന്നിട്ട് താളവട്ടം സിനിമയിലെ ജഗതി സ്‌റ്റൈലില്‍ നാലു ഡയലോഗും പറഞ്ഞ് ഒറ്റപ്പോക്ക്. ഡിഐസി എന്നൊരു കപ്പലുണ്ടാക്കി. പക്ഷേ, അതിലപ്പടി ഓട്ടയായിരുന്നു. മുങ്ങാതിരിക്കാന്‍ എകെജി സെന്ററില്‍നിന്നൊരു കൈ വന്ന് താങ്ങുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നു. പിണറായി വിജയേട്ടന്റെ പ്രീതിക്കും സ്വന്തം അഭീഷ്ടകാര്യ സിദ്ധിക്കും വേണ്ടി തേങ്ങയുടച്ചു. പക്ഷേ, അവസാനം അവര് പറഞ്ഞു, പോ, പോ, ഇപ്പ വേക്കന്‍സിയൊന്നുമില്ല.
വലിയ നാണക്കേടായിപ്പോയി. പക്ഷേ, വിട്ടുകൊടുത്തില്ല. എന്‍സിപി എന്ന പേരില്‍ നാലു നേരം കഞ്ഞിവെള്ളോം കുടിച്ച് എകെജി സെന്ററിന്റെ വരാന്തയില്‍ കിടന്ന പാവങ്ങളുെട ദേഹത്താവേശിച്ചു. പക്ഷേ, ബാധ തിരിച്ചറിഞ്ഞ വല്യേട്ടന്‍ വരാന്തയില്‍ കിടന്നതിനെ ബാധയുള്‍പ്പെടെ എടുത്തു പുറത്തിട്ടു. അവിടുന്നും ഒഴിഞ്ഞിട്ട് ഒറ്റക്കരച്ചിലായിരുന്നു. ട്രൗസറിന്റെ കീശയില്‍ തപ്പി നോക്കിയപ്പോള്‍ മൂന്നു രൂപ കിട്ടി. മൂന്നു രൂപ തരാം, ഒരു പീപ്പി തര്വോ എന്നു ചോദിച്ച് കോണ്‍ഗ്രസിന്റെ പിന്നാലെ കൂടി. കോണ്‍ഗ്രസ് ചേട്ടന്മാര് തട്ടിക്കളിക്കാന്‍ തുടങ്ങുകയും ചെയ്തു. നിലവിളി ഉച്ചത്തിലായപ്പോള്‍ മൂന്നു രൂപ തന്നിട്ടല്ലേ, ഒരു മെമ്പര്‍ഷിപ്പ് പീപ്പി കൊടുത്തേക്ക് എന്ന് അതിലെ ചില ചേട്ടന്മാര്‍ പറഞ്ഞു. ആദ്യമൊന്നും മറ്റു ചേട്ടമ്മാര്‍ വഴങ്ങിയില്ല. കൈയിലിരിപ്പു നന്നല്ല, പീപ്പി കൊടുത്താല്‍ അതു വച്ച് മറ്റുള്ളവരെ കുത്തും എന്ന് പറഞ്ഞുനോക്കി. ചെന്നിത്തലക്കാരന്‍ ആയിരുന്നു ആ ദീര്‍ഘദര്‍ശികളില്‍ മുമ്പന്‍. അവസാനം ഒരു ദുര്‍ബല നിമിഷത്തില്‍ അതങ്ങു സംഭവിച്ചു. തെരഞ്ഞെടുപ്പു വന്നപ്പോള്‍ ഒരു സീറ്റു കൊടുത്തു വിജയിപ്പിക്കുകയും ചെയ്തു.
അന്നു തുടങ്ങിയതാ പഴയ പണി. മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് പോകാനുള്ള ക്ഷണക്കത്തില്‍ മഷി പടര്‍ന്നു എന്നു പറഞ്ഞായിരുന്നു ആദ്യ ഉടക്ക്. രാജ്ഭവനിലേക്കു പോകുന്നതിനു പകരം പിറുപിറുത്തുകൊണ്ട് കോഴിക്കോടിനു പോയി. ഇപ്പഴിതാ, യുഡിഎഫ് തകര്‍ത്ത് നാലും നാലു വഴിക്കാക്കി നാമാവശേഷമാക്കാന്‍ ക്വട്ടേഷന്‍ എടുത്താണു നടപ്പ്. മുസ്‌ലിം ലീഗ് എന്നൊരു കക്ഷിയുണ്ട് മുന്നണിയില്‍. മുന്നണിയുടെ ഭദ്രതയാണ് അവരുടെ ഇഷ്ടവിഷയം. വായില്‍ കൈയിട്ടാലും കടിക്കില്ല. നാലു നേരവും മുന്നണി മര്യാദ എന്നു പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ, അവര്‍ക്ക് അഞ്ചാമതൊരു മന്ത്രിയെക്കൂടി കൊടുക്കാമെന്നു പറഞ്ഞിട്ട് പറ്റിക്കാന്‍ നോക്കിയപ്പോള്‍ കളി മാറി കലിയായി. മന്ത്രിയെ കൊടുക്കണ്ടെന്ന് കെപിസിസി പറഞ്ഞെങ്കിലും ഹൈക്കമാന്‍ഡും മുഖ്യമന്ത്രിയും നേരേ തിരിച്ചാണു ചിന്തിച്ചത്. കെപിസിസിക്ക് സര്‍ക്കാര്‍ വീണാലും പ്രശ്‌നമില്ല എന്നതും മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡിനും സര്‍ക്കാര്‍ നിലനിന്നേ പറ്റൂ എന്നതുമായിരുന്നു കാരണം. ഏതായാലും അന്നു തുടങ്ങി മൂന്നു രൂപാ പീപ്പിക്കാരന്‍ സൈ്വര്യം തരുന്നില്ല. ഊതിക്കൊണ്ടേയിരിക്കുന്നു. പരസ്യമായി ഊതരുതെന്നൊരു ഭീഷണി മുഴക്കിയിട്ടുണ്ട്, ചെന്നിത്തലക്കാരന്‍. പക്ഷേ, കൊണ്ടുതന്നെ അറിയണം. ഇനിയൊരു ആറു വര്‍ഷം കൂടി എന്നെ പുറത്താക്കൂ, ഞാനൊന്നു കറങ്ങി വരാം എന്നാണേ്രത ലൈന്‍. പക്ഷേ, ആകെയുള്ള 72 എംഎല്‍എമാരില്‍ ഒരാളെ, കൈയിലിരിപ്പ് എത്ര മോശമായാലും കളയാന്‍ പറ്റില്ലല്ലോ. ഗതികേടു മുതലാക്കുന്ന പീപ്പി ഊതലാണു നടത്തുന്നത്. സഹിക്കുകയല്ലാതെന്തു വഴി.






0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ