kathakal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kathakal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

6/12/2010

ammayillatha veedu

അമ്മ ഇല്ലാത്ത വീട്
ഇപ്പോള്‍
പാതിയൊഴിഞ്ഞ
തൈലക്കുപ്പികളുടെ
ശ്മശാനമാണ്




അനാഥയായ
ഊന്നുവടിയുടെ
നൊമ്പരക്കാഴ്ചയില്‍
ഒഴുകിയ ചുടുനീരുകൊണ്ട്
ചുഴികള്‍ രൂപപ്പെട്ട
സമുദ്രമാണ്



ഇന്ന്,
അമ്മയില്ലാത്ത വീട്
പടിയിറങ്ങുമ്പോള്‍
വലതുകാല്‍ വെച്ചിറങ്ങാനുള്ള
പിന്‍വിളി
ശൂന്യമായതാവാം
പൂമുഖത്തെ മൂകതയില്‍
ശോകം തളംകെട്ടി നില്‍ക്കുന്നത്




കൂരിരുട്ടില്‍
പിന്നാമ്പുറത്തെ
ചീവീടിന്റെ
ശ്രുതികള്‍ പോലും
ഇപ്പോള്‍
നിശ്ചലമായ മൌനത്തിലായത്
അമ്മയില്ലാത്ത വീടിന്റെ
മൂകത കണ്ടിട്ടാവണം.




ജനലഴികളിലൂടെ
വന്നിറങ്ങിയ
കള്ളിക്കുപ്പായമിട്ട
വെയില്‍
ഒഴിഞ്ഞ കട്ടിലിന്റെ
വിരഹ ദു:ഖം
കണ്ടിട്ടാവാം
വേദനയോടെ
മടങ്ങിയത്




പാതിമയക്കത്തില്‍
വേദനയുടെ
നീറ്റലുകള്‍
അസഹ്യമാകുമ്പോള്‍
നെടുവീര്‍പ്പിട്ട ദൈവവിളി
അമ്മ ഒഴിഞ്ഞവീട്ടില്‍
ഇപ്പോള്‍,
അവശേഷിക്കുന്നവരുടെ
ആത്മനൊമ്പരമാണ്.




കാലമൊഴുകുന്തോറും
ആഴമേറുന്ന വേദന
ഇടനെഞ്ചിന്‍
അസ്ഥിയില്‍ കുത്തുമ്പോള്‍
അമ്മ ഇല്ലാത്ത വീട്
അനാഥരായ
ആത്മാക്കളുടെ
ആലയമാകുന്നു.

Share

Twitter Delicious Facebook Digg Stumbleupon Favorites